വെടിവട്ടം കൂടിയ ഓർമ്മകൾ

കൂട്ടുകാരുമൊത്തു വെടിവട്ടം കൂടിയ ഓർമ്മകൾക്കും, അതിലെ നർമ്മങ്ങൾ പൊട്ടിച്ചിരിപ്പിച്ച സന്ദർഭങ്ങൾക്കും മുൻപിൽ ഭാവി എന്നൊരു സാനം കയറി ഞെളിഞ്ഞു നിന്നതോടെ എല്ലാം അവസാനിച്ചു. (Childhood Sweet Memories).

പിന്നെ എത്തിപ്പിടിക്കാൻ ഉള്ള ശ്രമങ്ങൾ ആയിരുന്നു. എവിടെയൊക്കെയോ പോയി, ഏതൊക്കെയോ ജോലി ചെയ്തു, എന്തൊക്കെയോ കഴിച്ചു, എങ്ങനെയൊക്കെയോ കിടന്നുറങ്ങി ജീവിതം ശോഭനമാക്കാം എന്ന് കരുതിയപ്പോൾ വീണ്ടും അവൻ കയറിവന്നു… ഭാവി…

ഇത്തവണ നിൽപ്പിനു അല്പം വളവുണ്ടായിരുന്നു… ഒരു ചോദ്യചിഹ്നം പോലെ… അന്റെ പോക്ക് അത്ര ശരിയല്ലടാ പഹയാ എന്ന് പറയുംപോലെ…

പിന്നെ അവനെ തൃപ്തിപ്പെടുത്താനുള്ള ഓട്ടം… ഓടിയോടി അവസാനം തളർന്നും അവനെ തളർത്തിയും നിന്നപ്പോഴാണ് പഴയ വെടിവട്ട ചിന്തകൾ വീണ്ടും തികട്ടിവരാൻ തുടങ്ങിയത്.

Childhood Sweet Memories mango eating

ഓർമ്മകളുടെ ഓളങ്ങളിൽ ഒരു തിരിഞ്ഞുനോട്ടം

മീൻപിടിക്കാൻ പോയതും, തോട്ടിലും കുളത്തിലും കനാലിലും മറിയാൻ പോയതും, മുട്ടും തലയും പൊട്ടിച്ചു വീട്ടിൽവന്നു അമ്മയുടെ കയ്യിൽനിന്നും അടികൾ വാങ്ങിക്കൂട്ടിയതും 70 എംഎം ചിത്രം പോലെ മനസ്സിൽ മാറിമാറി വരാൻ തുടങ്ങി.

മഴയത്തു വെള്ളം ചവിട്ടിത്തെറിപ്പിച്ചതിന് അടി… ആരാണ്ടടെ പഴുത്ത കൈതച്ചക്ക പറിച്ചതിനും അടി… കിണറ്റിൽ ഇറങ്ങിയതിനടി… മരത്തിൽ കയറിയതിനടി… അടിയോടടി… എന്നാൽ നല്ല രുചിയുള്ളടി…

ഒളിച്ചോടാൻ എഴുത്തെഴുതിവെച്ചു, രാത്രിയിൽ, കുരുമുളക് കയറിയ മരത്തിനു പിറകിൽ മറഞ്ഞിരുന്നതിനും, കയറാൻ പറ്റാത്ത മരത്തിൽ, വെട്ടാൻ വടം കെട്ടിയപ്പോൾ, വാശിയോടെ വടത്തിൽ തൂങ്ങി കയറിയതിനും, കോഴിക്ക് മാത്രമല്ല പാതകത്തിനടിയിൽ മുട്ട ഇടാൻ കഴിയുന്നത് എന്ന് കാണിച്ചുകൊടുത്തതിനും അടിയോടടി…

ഓടി മറിഞ്ഞുവീണു ദേഹവും തലയും മുറിച്ചോണ്ടുവന്നാലും ആദ്യത്തെ മരുന്ന്, അടി… അതിന്റെ പുറകെ മാത്രമേ മുട്ട വാട്ടിയതും സ്നേഹവും വരൂ.

അതിരുകളില്ലാത്ത കളികൾക്കും കൂട്ടുകാരുടെ സ്നേഹവും

കാലിൽ കയറിയ കഠാരമുള്ള്, ചോറ് വെച്ച്, കത്തിച്ച വിളക്കുതിരി കൊണ്ട് ചൂടാക്കി, കൊട്ടി കൊട്ടി ഊരിയെടുക്കാൻ ശ്രമിക്കുമ്പോഴും ഞാൻ ഒറ്റക്കല്ലല്ലോ, കൂട്ടുകാരും അനുഭവിക്കുന്നുണ്ടല്ലോ എന്ന സത്യം, പള്ളുപറച്ചിലിൽ നിന്നും ആശ്വാസം കിട്ടാൻ സഹായിച്ചിരുന്നു.

childhood sweet memories fishing

അരമണിക്കൂർ നേരത്തെ ക്രിക്കറ്റ് കളിയും ഒരുമണിക്കൂർ നേരത്തെ പന്തുതപ്പലും, അടുത്തുള്ള ടീമിനോടുള്ള വെല്ലുവിളികളും ആവേശം കൊള്ളിച്ചിരുന്നു. ഗോലികളിച്ചു, കിണ്ണ മേടിച്ചു, വിരലുകൾ മുറിച്ചു വീട്ടിൽ എത്തുമ്പോൾ, വിളമ്പിയ സാമ്പാറിലും മീൻകറിയിലും എങ്ങനെ കയ്യിടാൻ പറ്റും.

കളിയും ചിരിയും കള്ളത്തരങ്ങളും

കളിയിലെ വാശിയും തർക്കങ്ങളും, കൂട്ടുകാർ തമ്മിലുള്ള അടിയും കല്ലേറും ആകുമ്പോഴും പിണക്കങ്ങൾക്കു കുമിളകളുടെ ആയുസ്സു മാത്രം.

ആരുടെയോ പച്ചമാങ്ങ, അതേ മരത്തിൽ ഇടിച്ചുപൊട്ടിച്ചു കഴിക്കുമ്പോഴും, കുമ്പഴുപ്പൻ വാളൻപുളി മരത്തിൽ ഇരുന്നുതന്നെ ഉപ്പുകൂട്ടിക്കഴിക്കുമ്പോഴും, അതെ പുളിമരത്തിന്റെ ചുവട്ടിൽ കുട്ടിയും കോലും കളിച്ചു അയലത്തെ ജനൽ പൊട്ടിക്കുമ്പോഴും, അയലത്തെ ചാമ്പയിൽ നിന്നും ചാമ്പക്ക കട്ടുപറിക്കുമ്പോഴും കൂട്ടുകാർ പാർട്ടേണേഴ്‌സ്‌ ഇൻ ക്രൈം…

ചില്ലറക്കു വേണ്ടി കശുവണ്ടി കട്ടുപറിച്ചു കടയിൽ കൊടുത്തതും, റബ്ബറിന്റെ അരിയും തോക്കയും ചാക്ക് കണക്കിന് ശേഖരിച്ചു വിറ്റതും എല്ലാവരും ഒന്നിച്ചായിരുന്നു.

കൂട്ടുകാർ തന്ന കടിച്ചാലും പൊട്ടാത്ത ഇമ്രാൻപുടുക്ക് മുട്ടായിയും ആട്ടുകല്ലു മുട്ടായിയും ഇന്റർവെൽ സമയത്തു മാത്രം നുണയുകയും ക്ലാസ് തുടങ്ങുമ്പോൾ ഉടുപ്പിൽ തുടച്ചു പോക്കറ്റിൽ ഇടുകയും, മുട്ടായി നുണഞ്ഞു കീറിയ മേലണ്ണാക്ക് ആഹാരം കഴിക്കാൻ മടിക്കുകയും ചെയ്ത ഓർമ്മകൾ…

ക്ലാസിലെ പെൺകുട്ടികളോട് മിണ്ടുമ്പോഴും അക്കൂട്ടത്തിലെ ഒരാളോടുമാത്രം മിണ്ടാതെ, ഇടയ്ക്കിടെ ഒളികണ്ണിട്ടു നോക്കുന്നതും, അത് വന്നു കൂട്ടുകാരോട് വിളമ്പിയതും മറക്കാൻ പറ്റുമോ?

മണിക്കൂറിന് 50 പൈസ, മുഴുസൈക്കിൾ വാടകക്ക് എടുത്ത്, കാൽ ഇടയിലൂടെ ഇട്ട് ഇറക്കത്ത് ഓടിച്ചുപഠിച്ചതും ഓർമ്മകളിൽ പത്തരമാറ്റ്. എന്നാൽ അതിനും മുൻപേ സൈക്കിൾ ടയറിൽ കവട്ടക്കമ്പുകൊണ്ട് അടിച്ചും, ഉടക്കി നിയന്ത്രിച്ചും ഗമയിൽ കടകളിൽ പോയിരുന്നതും നല്ലോർമ്മകൾ.

childhood sweet memories cycle tyre
കുട്ടിക്കാലത്തെ സാഹസങ്ങൾ

മുതിർന്ന ക്ലാസ്സിലെ കുട്ടികളോട് തല്ലുകൂടാൻ പോയതും ഇഷ്ടമില്ലാത്ത സാറിന്റെ തൂവെള്ളകുപ്പായത്തിൽ നീലപ്പൂക്കൾ വരച്ചതും, കൂടെപ്പഠിച്ചവന് പനി വന്നാൽ അവന്റെ വീട് നമ്മടടുത്താവുന്നതും, അവനു കൂട്ട് പോകാൻ എന്ന വ്യാജേനെ ക്ലാസിൽ നിന്ന് ചാടുന്നതും കൂട്ടുകാർക്കിടയിലെ വീരകഥകൾ.

രാത്രിയിൽ കപ്പമാന്തി അതിർത്തി കടത്തിയതും, അതെ കപ്പ പിറ്റേന്ന് റോഡിൽ വെച്ച് പുഴുങ്ങി എല്ലാവരും ചേർന്ന് കഴിച്ചതും, ചെത്തുകാരനെ പറ്റിച്ചു തെങ്ങേൽ കയറി കള്ള് കട്ടുകുടിച്ചതും, ആദ്യമായി വെള്ളമടിച്ചു ചുവരിൽ ഡാവിഞ്ചിയെ തോൽപ്പിക്കുന്ന ചിത്രം വരച്ചതും, മുറിബീഡിക്കു കട്ടുരുചി മാത്രമല്ല, പുക തിങ്ങിയാൽ വെള്ളം കുടിച്ചു മരിക്കുമെന്ന് മനസ്സിലാക്കിയതും എല്ലാം പൊട്ടച്ചെറുപ്പത്തിന്റെ ചോരത്തിളപ്പുകൾ. കുസൃതിയുടെ വരമ്പിനപ്പുറത്തുള്ളവ…

ഓർമ്മകളുടെ ഓളങ്ങൾ തലോടിയൊഴുകുമ്പോൾ, കണ്ണുനീരിനും ഗദ്ഗദം… മരിക്കുമ്പോൾ ഈ ഓർമ്മകളെങ്കിലും കൂടെ കൊണ്ടുപോകാൻ കഴിഞ്ഞിരുന്നെങ്കിൽ…

✍️ ജയൻ കൂടൽ

Profile: https://www.facebook.com/jayan.koodal.siju/

Website: ജയൻ കൂടൽ

Summary: Childhood Sweet Memories

Adult life, driven by the often-uncertain pursuit of a bright future, felt like an exhausting race. Amidst this struggle, vivid childhood memories resurface like a film. Relive days spent fishing and splashing in water bodies, frequently getting minor diseases and receiving mother’s ‘tasty’ beatings for mischief – from playing in the rain and stealing fruits to climbing trees or faking illness to skip class.

childhood memories goli kali

These moments, even shared pains like removing a small thorn from bottom of feet, were experienced with friends, who were partners in crime in small thefts like mangoes, cashews, or tapioca, and whose arguments quickly dissolved. Memories include intense things like playing cricket and goli, shy glances at girls, and learning to ride bicycle. These waves of nostalgia, often bringing tears, underline the preciousness of a mischievous, bond-filled youth, a time wished to be carried forever.

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!