ഫ്രീമേസൺസ്. ചരിത്രവും വർത്തമാനവും
ഫ്രീമേസൺറി (freemasonry) – ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര രഹസ്യ സമൂഹങ്ങളിൽ ഒന്നാണ്. ലോകമെമ്പാടുമായി 60 ലക്ഷം അംഗങ്ങൾ ഉള്ള ഈ ഗ്രൂപ്പിന് കേരളത്തിലും ഉണ്ട് അത്ര ചെറുതല്ലാത്ത ഒരു പിടി! കേരളത്തിൽ മിക്കവാറും എല്ലാ ജില്ലയിലും ഇവർക്ക് കൂടിച്ചേരാനുള്ള സ്ഥലവും ഉണ്ട്. (Freemasons Kerala India History)

ഫ്രീമേസൺ (Freemasons) ഗ്രൂപ്പ് ഒരു മതം അല്ല എങ്കിലും രഹസ്യ സ്വഭാവമുള്ള ഒരു മതത്തിന്റെ ചട്ടക്കൂട് എങ്ങനെയായിരിക്കുമോ അങ്ങനെയാണ് അവർ പ്രവർത്തിക്കുന്നത്. ഫ്രീമേസൺ ഒരു സംഘടിത സന്നദ്ധ പ്രസ്ഥാനം (Movement) ആണ്.
ആരാണ് ഫ്രീമേസൺസ്?
മനുഷ്യസാഹോദര്യത്തിനും സാന്മാർഗ്ഗിക മൂല്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന പുരാതനമായ സാഹോദര്യ കൂട്ടായ്മയാണ് ഫ്രീമേസൺറി. സാഹോദര്യം, ബഹുമാനം, സത്യസന്ധത, സമഗ്രത, കാരുണ്യ സഹായങ്ങൾ ഇതുപോലെയുള്ള ഒരു മനുഷ്യനുവേണ്ട അടിസ്ഥാന ഗുണങ്ങൾ ആണ് ഇവരുടെ മുഖമുദ്ര. എല്ലാ മതവിഭാഗത്തിൽ പെട്ട ആൾക്കാരും ഇതിൽ പ്രവർത്തിക്കുന്നുണ്ട്. മതം, രാഷ്ട്രീയം എന്നിവയൊന്നും ഫ്രീമേസൺകാർക്ക് ചർച്ചാവിഷയം അല്ല. അടിസ്ഥാനപരമായി സൂപ്പർ പവർ, ദൈവം ഉണ്ട് എന്ന് കരുതുന്ന ഇവർക്ക് മറ്റു മതശാസനകളോ മത നിബന്ധനകളോ ഇല്ല. എന്നാൽ ആരാധാനാക്രമം ഉണ്ട്. ഫ്രീമേസൺ സംഘടനയുടെ പ്രതീകം തന്നെ മട്ടവും കോമ്പസും ചേർന്ന മധ്യത്തിൽ G (ഗോഡ് ആണെന്നും ജിയോമെട്രി ആണെന്നും പറയപ്പെടുന്നു) എന്നെഴുതിയ ഒരു ചിത്രമാണ്.
ഫ്രീമേസൺസിന്റെ ഐതിഹ്യം: സോളമൻ രാജാവിന്റെ കാലം മുതൽ?
ബി സി 1012 മുതലാണ് മേസൺസ് ചരിത്രം ആരംഭിക്കുന്നത് എന്നാണു പൊതുവെ പറയപ്പെടുന്നത്. ജറുസലേമിലെ മോറിയ പർവതത്തിൽ, സോളമൻ രാജാവ്, Solomon’s Temple (ദൈവത്തിന്റെ ആലയം) പണി കഴിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ കൂട്ടാളി ഹിറാം രാജാവ് നിർമ്മാണത്തിനായി 33000 ത്തോളം, കല്ലിലും തടിയിലും പണിയുന്ന തൊഴിലാളികളെ അയച്ചുകൊടുത്തിരുന്നു.
7 വർഷം കൊണ്ടാണ് വാസ്തുശില്പിയായ ഹിറാം ആബിഫിന്റെ നേതൃത്വത്തിൽ ഈ ദേവാലയം പൂർത്തിയാക്കിയത്. ക്ഷേത്രം പണിയാൻ എത്തിപ്പെട്ട തൊഴിലാളികൾ ഈ ദേവാലയത്തിനു ചുറ്റും താമസസ്ഥലം നിർമ്മിച്ച് അവിടെയിരുന്നാണ് കല്ലുകളും മരങ്ങളും കൊത്തിയിരുന്നത്. അവർക്കിടയിൽ ഉണ്ടായിരുന്ന കല്ലുവേലക്കാരാണ് ആദ്യമായി ഒരു രഹസ്യസംഘം രൂപീകരിച്ചത്. അതാണ് “ഫ്രീമേസൺറി” (Freemasonry)

ഫ്രീമേസൺറി ഇന്ത്യയിൽ: Freemasons in Kerala India
പതിനേഴാം നൂറ്റാണ്ടോടു കൂടിയാണ് ഫ്രീമേസൺറി ഇന്ത്യയിൽ എത്തിപ്പെടുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ 1730 ഉദ്യോഗസ്ഥർ കൽക്കട്ടയിലെ ഫോർട്ട് വില്യം എന്ന സ്ഥലത്ത് ആദ്യ യോഗം ചേർന്നു.
1872-ൽ ഹൈദരാബാദ് നൈസാം, 1682-ൽ സുൽത്താൻ അബുൽ ഹസ്സൻ തനാഷ നിർമ്മിച്ച ഹൈദരാബാദിലെ ഗോഷാമഹൽ ബരാദാരി ഫ്രീമേസൺസിന് സമ്മാനിച്ചു. ഇന്ത്യയിലെ മെസോണിക് ക്ഷേത്രമായി ഉപയോഗിക്കുന്ന ഏറ്റവും പഴയ കെട്ടിടമാണ് ഇത്.
1752-ൽ മദ്രാസിലും, 1758-ൽ ബോംബെയിലും, 1786-ൽ പഞ്ചാബിലും ലോഡ്ജുകൾ തുടങ്ങി. തിരുച്ചിറപ്പള്ളിയിലെ ലോഡ്ജ് 1765-ൽ തുടങ്ങി. 1806 ൽ കേരളത്തിൽ ആദ്യ ഫ്രീ മേസൺ ലോഡ്ജ്, ട്രാവൻകൂർ യൂണിയൻ എന്ന പേരിൽ കൊല്ലത്തു സ്ഥാപിക്കപ്പെട്ടു. 1822 ൽ ഹൈബേർണിയ ആൻഡ് യൂണിയൻ എന്ന പേരിൽ കൊല്ലത്തു തന്നെ മറ്റൊരു ലോഡ്ജും തുടങ്ങി. പിന്നീട് കണ്ണൂരും, 1886 ൽ കൊച്ചിയിലും കോഴിക്കോടും പ്രവർത്തനം തുടങ്ങി. നിലവിൽ 12 ഓളം ലോഡ്ജുകൾ ഉണ്ട്. ഇന്ത്യയിൽ മൊത്തത്തിൽ ഗ്രാൻഡ് ലോഡ്ജ് ഓഫ് ഇന്ത്യയുടെ കീഴിൽ 500 ഓളം ലോഡ്ജുകൾ പ്രവർത്തിച്ചുവരുന്നു. മൊത്തം അംഗസംഖ്യ 30,000 വരും.
ഫ്രീമേസൺ ചട്ടക്കൂട് പ്രകാരമുള്ള അടിസ്ഥാന യോഗമാണ് ലോഡ്‌ജ് എന്നുപറയുന്നത്. ലോഡ്‌ജ് എന്നാൽ കൂടിച്ചേരൽ എന്ന അർത്ഥമേ ഉള്ളൂ. ഈ കൂടിച്ചേരലിനുള്ള കെട്ടിടത്തിന് മെസോണിക് സെന്റർ എന്നോ, ഹാൾ എന്നോ, ടെംപിൾ എന്നോ വിളിക്കും. ചിലയിടത്തു ലോഡ്ജ് എന്നും വിളിക്കാറുണ്ടായിരുന്നു. അടിസ്ഥാന ലോഡ്ജിൽ നിന്നും പടിപടിയായി മുകളിലേക്ക് ഗ്രാൻഡ് ലോഡ്ജ് വരെയുണ്ട്.
മെസോണിക് ചട്ടക്കൂടുകൾ:
1717 ആണ് ഫ്രീമേസൺസ് ഒരു ശരിയായ സംഘടനാ രീതിയിൽ ഇഗ്ലണ്ടിൽ പ്രവർത്തനം തുടങ്ങിയത്. 1723 ൽ രൂപീകരിച്ച ഭരണഘടനകൾ പ്രകാരം പൊതുവെ പുരുഷൻമാർക്കാണ് ഇവിടെ അംഗത്വം കിട്ടുക. എങ്കിലും ചില യൂണിറ്റുകളിൽ സ്ത്രീകൾ സജീവമാണ് എന്നും കാണുന്നു. ഇവരുടെ അടിസ്ഥാന ഭരണഘടന മറ്റു നിരവധി രേഖകളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. Old Charges” or “Constitutions എന്നറിയപ്പെടുന്ന രേഖകളുടെ ഒരു കൂട്ടം ആണിത്. അതിൽ തന്നെ “Regius Poem” or the “Halliwell Manuscript എന്നറിയപ്പെടുന്ന ഒരു രേഖ ഏകദേശം 14-ആം നൂറ്റാണ്ടിന്റെ അവസാനത്തിലോ 15-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഉള്ളവയാണ്.

മെസോണിക് ചടങ്ങുകളിലും അല്ലാതെയും പരസ്പരം ഹസ്തദാനം ചെയ്യുന്നതിനുപോലും ആചാരക്രമം ഇവർക്കുണ്ട്, അപ്രന്റിസ്, ഫെല്ലോക്രാഫ്റ്റ്, മാസ്റ്റർ എന്നുതുടങ്ങി മുകളിലോട്ടുള്ള ഓരോ ഡിഗ്രിക്കും വ്യത്യസ്തമായാണ് ഹസ്തദാനം നൽകുക.
ഫ്രീമേസൺറി സ്വയം ഒരു മതമല്ലെങ്കിലും, അംഗങ്ങൾ പല വിശ്വാസങ്ങളിൽ നിന്നുള്ളവരാണെങ്കിലും, അതിലെ എല്ലാ അംഗങ്ങളും പ്രപഞ്ച ശില്പിയിൽ വിശ്വസിക്കുന്നു. ഫ്രീമേസൺമാർ മതസ്വാതന്ത്ര്യവും, വ്യക്തിയും അവന്റെ ദൈവവും തമ്മിലുള്ള ബന്ധവും, വ്യക്തിപരവും സ്വകാര്യവും പവിത്രവുമാണെന്ന് വിശ്വസിക്കുന്നു. ഫ്രീമേസൺറി വിഭാഗീയ വിശ്വാസമോ ആചാരമോ ഇല്ലെന്ന് വാദിക്കുന്നു. യാതൊരു മതപരിവർത്തനവും നടത്തുന്നില്ല.
1738-ൽ കത്തോലിക്കാ സഭ ആദ്യമായി ഫ്രീമേസണറിയെ അപലപിച്ചു. മസോണിക് സെന്ററുകളെയും അവയ്ക്കുള്ളിൽ നടത്തുന്ന രഹസ്യ ആചാരങ്ങളെയും കുറിച്ചുള്ള ഉത്കണ്ഠയാൽ വത്തിക്കാൻ ഇവരെ സാത്താന്റെ സിനഗോഗ് എന്ന പദം ഉപയോഗിച്ചാണ് വിശേഷിപ്പിച്ചത്. ഇപ്പോഴും ഇവർക്കെതിരെ വത്തിക്കാൻ പുറപ്പെടുവിച്ച ഉത്തരവുകൾ നില നിൽക്കുന്നു എന്ന് പറയപ്പെടുന്നു. “അവരുടെ തത്ത്വങ്ങൾ എല്ലായ്പ്പോഴും സഭയുടെ സിദ്ധാന്തവുമായി പൊരുത്തപ്പെടാത്തതായി കണക്കാക്കപ്പെടുന്നു, അതിനാൽ അവയിൽ അംഗത്വം നിരോധിച്ചിരിക്കുന്നു. മസോണിക് അസോസിയേഷനുകളിൽ ചേരുന്ന വിശ്വാസികൾ ഗുരുതരമായ പാപത്തിന്റെ അവസ്ഥയിലാണ്, അവർക്ക് വിശുദ്ധ കുർബാന ലഭിക്കില്ല” എന്നാണ് ഉത്തരവ് എന്ന് മനസ്സിലാക്കുന്നു.
ഫ്രീമേസൺമാരോടുള്ള ഭയവും ശത്രുതയും ഒരുകാലത്തു വളരെക്കൂടുതൽ ആയിരുന്നു. മേസൺസ് സാത്താൻ സേവകർ ആണെന്നും കൊലപാതകികൾ ആണെന്നും ഉള്ള അസത്യ ആക്ഷേപം ഉണ്ടായിരുന്നു. അമേരിക്കയിൽ ഇവരോടുള്ള ഭയം കാരണം 1828-ൽ ആന്റി-മെസോണിക് പാർട്ടി വരെ രൂപീകരിക്കപ്പെട്ടു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല എന്ന സത്യം എല്ലാവരും മനസ്സിലാക്കുന്നു.
ഒരു ഫ്രീമേസൺ ആകണമെങ്കിൽ എന്തെല്ലാം വേണം :
നിരീശ്വര വാദി ആകരുത്, സാഹോദര്യ സ്നേഹമുള്ള പുരുഷൻ ആയിരിക്കണം, സ്വന്തം ഇഷ്ടപ്രകാരം ആയിരിക്കണം വരേണ്ടത്, അവനു ഇഷ്ട്ടപ്പെടുന്ന പേരിൽ ലോകത്തിനു ഒരു ആദിമ ശില്പി (ദൈവം) ഉണ്ട് എന്ന് വിശ്വസിക്കണം, ധാർമികതയും വിശ്വാസികതയും ഉണ്ടാവണം. സാമ്പത്തികമായി സ്വന്തം കാര്യവും കുടുംബത്തിന്റെ കാര്യവും നോക്കണം, നിയമം അനുസരിച്ചുള്ള പ്രായപൂർത്തി ആയിരിക്കണം (പതിനെട്ടോ, ഇരുപത്തിയൊന്നോ), ഗ്രാൻഡ് ലോഡ്ജിന്റെ നിയമങ്ങൾ പാലിക്കണം, 2 വർഷം വരെ എടുത്തേക്കാവുന്ന, പല അഭിമുഖങ്ങളും പാസാകണം, ഭൂതകാലത്തെക്കുറിച്ചുള്ള അന്വേഷണ സമിതിയുടെ അന്വേഷണങ്ങളും പാസാകണം, ഒരു സ്വതന്ത്ര മനുഷ്യൻ എന്ന രീതിയിലായിരിക്കണം ചിന്തകൾ, മെമ്പർഷിപ് ലോഡ്ജ് പാസ്സാക്കണം.

ഫ്രീമേസൺ – പ്രമുഖർ
രാജേന്ദ്ര പ്രസാദ്, എസ് രാധാകൃഷ്ണൻ, സർ ഫിറോസ്ഷാ മേത്ത, സി രാജഗോപാലാചാരി, സർ ജംഷെഡ്ജി ജീജിഭോയ് , പട്ടൗഡി നവാബ് മൻസൂർ അലി ഖാൻ, മഹാരാജ ജീവാജി റാവു സിന്ധ്യ, മോത്തിലാൽ നെഹ്‌റു, വിവേകാനന്ദൻ, ജെആർഡി ടാറ്റ, നടൻ അശോക് കുമാർ, അംബരീഷ്, കിംഗ് ജോർജ്ജ് ആറാമൻ, ജോർജ്ജ് വാഷിംഗ്‌ടൺ , നെപ്പോളിയൻ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, വിൻസ്റ്റൺ ചർച്ചിൽ, ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റ്, മാർക്ക് ട്വെയ്ൻ, സർ അലക്സാണ്ടർ ഫ്ലെമിംഗ്, റുഡ്യാർഡ് കിപ്ലിംഗ്, ജെറാൾഡ് ഫോർഡ്, തിയോഡോർ റൂസ്വെൽറ്റ്, ജോനാഥൻ സ്വിഫ്റ്റ്, ജോൺ സള്ളിവൻ, ജോൺ പോൾ ജോൺസ്, എഡ്വിൻ ആൽഡ്രിൻ അങ്ങനെ വളരെ പ്രസിദ്ധരായ ആൾക്കാരൊക്കെ ഫ്രീമേസൺസ് ആയിരുന്നു എന്നാണു പല പത്രങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രഹസ്യ സ്വഭാവം ഉള്ള സംഘടന ആയതു കാരണം പലപ്പോഴും അംഗങ്ങൾ അവരുടെ വിവരങ്ങൾ വെളിപ്പെടുത്താറില്ല. ഇന്ത്യയിലെ ഗ്രാൻഡ് ലോഡ്ജ് ഓഫ് ഇന്ത്യ എന്ന വെബ്സൈറ്റിൽ മറ്റു വിവരങ്ങൾ ലഭ്യമാണ്. വായിക്കാം. ഇതുപോലെയുള്ള പല സംഘടനകളും കാലങ്ങളായി പ്രവർത്തിച്ചു വരുന്നുണ്ട്.
© ജയൻ കൂടൽ
Profile: https://www.facebook.com/jayan.koodal.siju
Website: ജയൻ കൂടൽ
Summary: Freemasons Kerala India History
Freemasonry, one of the world’s largest international secret societies, boasts over 6 million members globally, with a significant presence in Kerala, India. Though not a religion, Freemasonry operates with a structured framework akin to a secret religious order. It is a philanthropic movement dedicated to human brotherhood and moral values, emphasizing qualities like respect, honesty, integrity, and charity. Members from all religious backgrounds participate, with discussions on religion and politics avoided. Their core belief lies in a “Supreme Power” or God, and their symbol, a square and compass with a ‘G’ (God or Geometry), represents this.
The origins of Freemasonry are often traced back to the construction of King Solomon’s Temple around 1012 BC, where stone and woodworkers formed a secret society. Freemasonry arrived in India in the 17th century, with the first lodge established in Calcutta in 1730. Kerala saw its first lodge in Kollam in 1806, and today, there are around 12 lodges in the state, operating under the Grand Lodge of India, which oversees approximately 500 lodges nationwide with about 30,000 members. Membership requires belief in a “Supreme Architect” and adherence to moral principles, with a stringent application process. Many notable figures, including Indian presidents, leaders, and international personalities, have been reported as Freemasons.