ചൈതന്യ വൈഷ്ണവം എന്നൊരു ശാഖ കൃഷ്ണഭക്തിയുമായി ബന്ധപ്പെടുത്തി പതിനാറാം നൂറ്റാണ്ടിൽ ഗൗഡദേശത്ത് (ഇന്നത്തെ ബംഗ്ലാദേശിന്റെയും പശ്ചിമ ബംഗാളിന്റെയും ഭാഗം) പ്രചാരത്തിൽ വന്നിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് വിശ്വംഭര മിശ്ര എന്ന് പൂർവ്വാശ്രമ നാമമുള്ള ശ്രീ ചൈതന്യ മഹാപ്രഭുവാണ്. ഗൗഡീയ വൈഷ്ണവം എന്നും സങ്കീർത്തന വൈഷ്ണവം എന്നും ഉള്ള പേരുകൾ ഈ പ്രസ്ഥാനത്തിനുണ്ടായിരുന്നു. (Gaudiya Vaishnavism and ISKCON History).

ഇസ്കോൺ ഉത്ഭവം
ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ ശിഷ്യ സമ്പത്തിൽ നിന്നുമുള്ള ഒരു ശാഖ ആരംഭിച്ച ഗൗഡീയ വൈഷ്ണവ ഉപ പ്രസ്ഥാനമാണ് ഇസ്കോൺ (International Society for Krishna Consciousness (ISKCON). ഹരേ കൃഷ്ണ മൂവ്മെന്റിന്റെ ഭാഗമാണിത്.
അടിസ്ഥാനം ഭക്തിയോഗം ആണ്. ശ്രീകൃഷ്ണനാണ് സുപ്രീം ദൈവം. രാധയും കൃഷ്ണനും കേന്ദ്ര കഥാപാത്രങ്ങളും. 1966 ൽ ന്യൂയോർക്കിൽ വെച്ച് സ്വാമി ഭക്തിവേദാന്ത പ്രഭുപാദ (ശ്രീല പ്രഭുപാദ) യാണ് ഇസ്കോണിന് ജന്മം നൽകിയത്. ഏകദേശം 12 ലക്ഷത്തോളം അംഗങ്ങളുള്ള ഈ പ്രസ്ഥാനത്തിന്റെ തലസ്ഥാനം ബംഗാളിലെ മായാപുരയും.
ഇസ്കോൺ പ്രചാരത്തിൽ
വൈഷ്ണവ പ്രസ്ഥാനമാണെങ്കിലും ശ്രീകൃഷ്ണൻ എന്ന ഏകദൈവ വിശ്വാസത്തിൽ അടിസ്ഥാനം സൃഷ്ടിച്ചുള്ള പ്രവർത്തനം ഏറെക്കാലം നടന്നിരുന്നു. എന്നാൽ ഇന്ന് വിഷ്ണുവിന്റെ മറ്റുചില അവതാരങ്ങളെയും അവതാര സിദ്ധാന്തങ്ങൾക്ക് പുറമെയുള്ള ബന്ധപ്പെട്ട ചില ദൈവങ്ങളെയും കൂടി ഈ പ്രസ്ഥാനങ്ങളുടെ ക്ഷേത്രങ്ങളിൽ പൂജ ചെയ്യുന്നുണ്ട്. എങ്കിലും എല്ലാ അവതാരങ്ങളുടെയും ദൈവങ്ങളുടെയും പ്രഭവസ്ഥാനം കൃഷ്ണനാണ് എന്നൊരു വ്യത്യസ്ത വിചാരധാരയാണ് ഈ പ്രസ്ഥാനത്തിനെ മുൻപോട്ട് നയിക്കുന്നത്. ഹൈന്ദവതയിലെ മറ്റു ദൈവങ്ങൾക്ക് ഇവിടെ യാതൊരു പ്രസക്തിയുമില്ല.
ഭാഗവതത്തിനും ഭഗവത് ഗീതക്കും പദ്മപുരാണത്തിനും സ്വാമി പ്രഭുപാദ രചിച്ച ഭാഷ്യങ്ങൾ ആണ് പ്രധാന സങ്കീർത്തനങ്ങൾ. പുറമേ കടുത്ത ഹൈന്ദവ വിമർശനങ്ങൾക്ക് പാത്രമായ രചനകൾ ആണിവ. ശ്രീകൃഷ്ണനാണ് ഏറ്റവും വലിയ ദൈവം, അതും ഏകദൈവം. മറ്റുള്ളവർ സ്തുതിപാഠകർ, കൃഷ്ണന്റെ അംശമായി കഴിയുന്നവർ എന്ന ആശയം എത്രപേർക്ക് ദഹിക്കും എന്നുള്ളത് ചിന്ത്യംതന്നെ.

ഇന്ത്യയിൽ മാത്രമല്ല, മറ്റു പല ഭൂഖണ്ഡങ്ങളിലും ഇസ്കോൺ പ്രവർത്തിച്ചുവരുന്നു. എങ്കിലും ഇന്ത്യയിൽ ഒഴികെയുള്ള പ്രദേശങ്ങളിൽ സ്ഥിതി അത്ര സുഗമമല്ല. ഇന്ത്യൻ വംശജർ അവിടെ അംഗങ്ങൾ ആയതുകൊണ്ടുമാത്രം പിടിച്ചുനിൽക്കുന്ന പല ശാഖകളും ഉണ്ട്.
ഇസ്കോൺ ഭക്ഷണരീതികൾ
വെജിറ്റേറിയൻ ഭക്ഷണം ആണ് അംഗങ്ങൾ ശീലിച്ചുവരുന്നത്. അതിൽത്തന്നെ ലാക്ടേറിയൻ (പാലും പാലുല്പന്നങ്ങളും കഴിക്കാം) എന്ന് എടുത്തുപറയണം. “അവർ പറയുന്ന പേര് കൃഷ്ണറ്റേറിയൻ”. ഉള്ളി, വെളുത്തുള്ളി, മസൂർ ദാൽ, കൂൺ, കാപ്പി, കഫീൻ അടങ്ങിയ പാനീയങ്ങൾ, ചായ, പുകയില, സിഗരറ്റുകൾ, മയക്കുമരുന്നുകൾ, മദ്യം എന്നിവ വർജ്യം. വെജിറ്റേറിയനിൽതന്നെ പല വിഭാഗങ്ങൾ ഉണ്ടല്ലോ. പ്യുവർ വെജിറ്റേറിയൻ എന്നൊക്കെ ബോർഡുകൾ കണ്ടിട്ടില്ലേ… അവയെല്ലാം പ്യുവർ വെജിറ്റേറിയൻ അല്ല…
ഇസ്കോൺ ഐതിഹ്യങ്ങളും ചരിത്രവും. Gaudiya Vaishnavism and ISKCON History
ഹരേ കൃഷ്ണ മൂവ്മെന്റിനെ പറ്റി ഇസ്കോൺകാർ വിശ്വസിച്ച് പ്രചരിപ്പിച്ച് വരുന്ന കഥ ഇങ്ങനെയാണ്. അഞ്ഞൂറിലധികം വർഷങ്ങൾക്ക് മുമ്പ്, പശ്ചിമ ബംഗാളിലെ നവദ്വീപ എന്ന ഗ്രാമത്തിൽ ശ്രീ ചൈതന്യ മഹാപ്രഭുവായി ഭഗവാൻ ശ്രീകൃഷ്ണൻ അവതരിച്ചു. ഈ കലിയുഗത്തിലെ യുഗധർമ്മമായ സങ്കീർത്തന പ്രസ്ഥാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ ആവിർഭാവത്തിന്റെ ഉദ്ദേശ്യം.
തന്റെ ജപം ഇന്ത്യയുടെ തീരങ്ങൾക്കപ്പുറം ലോകത്തിലെ എല്ലാ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ ദൗത്യം നിറവേറ്റുന്നതിനായി തന്റെ സൈന്യാധിപൻ പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം പ്രവചിച്ചു. ആ സൈന്യാധിപനാണ് പിൽക്കാലത്ത് ഇസ്കോൺ ആരംഭിച്ച സ്വാമി ഭക്തിവേദാന്ത പ്രഭുപാദ (ശ്രീല പ്രഭുപാദ).

1960 കളിൽ അമേരിക്കയിൽ പടർന്നുപിടിച്ച ഹിപ്പി സംസ്ക്കാരത്തിലെ ചെറുപ്പക്കാരെ ആകർഷിക്കാൻ ന്യൂയോർക്കിൽ വെച്ച് സ്വാമി പ്രഭുപാദക്ക് കഴിഞ്ഞിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ഹരേ കൃഷ്ണ മൂവ്മെന്റിന് (അവർക്ക് മനസ്സിലാക്കാൻ ISKCON എന്ന പേര്) ശരിക്കും വളരാൻ കഴിഞ്ഞത് സാൻ ഫ്രാൻസിസ്കോയിലും പിന്നീട് ഇംഗ്ലണ്ടിലുമാണ്. ഇംഗ്ലണ്ടിൽ വെച്ച് “ബീറ്റിൽസ്” ജോർജ് ഹാരിസൺ എന്ന സംഗീത കലാകാരന്റെ സാമ്പത്തികപിന്തുണ ഈ പ്രസ്ഥാനത്തിന്റെ വലിയ പ്രചാരം നൽകി.
ഹാരിസൺ, ഹരേ കൃഷ്ണ പ്രസ്ഥാനത്തിനുവേണ്ടി പാട്ടുകൾ നിർമ്മിക്കുകയും, എഴുപതിൽ പുറത്തിറങ്ങിയ All Things Must Pass എന്ന സംഗീത ആൽബത്തിൽ മൈ സ്വീറ്റ് ലോർഡ് എന്ന പേരിൽ ഹരേ കൃഷ്ണ മന്ത്രമുൾപ്പെടുത്തുകയും ചെയ്തു. പിന്നീട് വടക്കൻ ഇംഗ്ലണ്ടിലെ സ്വന്തം ഭവനം പ്രസ്ഥാനത്തിന് മന്ദിരം നിർമ്മിക്കാനായി വിട്ടുകൊടുക്കുകയും ചെയ്തു. അതാണ് ഭക്തിവേദാന്ത മാനർ ക്ഷേത്രം.
ഇസ്കോണിലെ കാലാനുസൃത മാറ്റങ്ങൾ
1998 കൾക്കുമുമ്പ് പ്രസ്ഥാനത്തിന്റെ മുൻ നിരയിൽ സ്ത്രീകളുടെ പ്രാധാന്യം ഇല്ലാത്തതിനെക്കുറിച്ച് തർക്കങ്ങൾ ഉടലെടുത്തിരുന്നു. എന്നാൽ 98 മുതൽ ഇസ്കോണിന്റെ ഭരണശ്രേണിയിൽ സ്ത്രീകളേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കുറേക്കാലം മുൻപ്, ഇസ്കോൺ, ഹിന്ദു എന്ന ചട്ടക്കൂടിൽ നിന്നും പുറത്തുകടക്കാൻ ചില ശ്രമങ്ങൾ നടത്തിയിരുന്നു. ഹിന്ദൂയിസത്തിനേക്കാൾ വലുതാണ് കൃഷ്ണഭക്തിയും പ്രസ്ഥാനവും എന്നൊരു ആശയം പ്രചരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് തിരികെവന്ന് ഹിന്ദൂയിസത്തിന്റെ തന്നെ ഭാഗമായി നിൽക്കാൻ തീരുമാനിക്കുകയും ചെയ്തു. എങ്കിലും വേദങ്ങളോടും മറ്റു ദേവ സങ്കല്പങ്ങളോടും അകലം പാലിക്കുന്ന ദിനചര്യയാണ് ഇസ്കോൺ അംഗങ്ങൾ തുടർന്നുപോരുന്നത്.
കേസുകളും പോരാട്ടങ്ങളും – ഇസ്കോൺ പാതയിൽ
ഇസ്കോണിനെപ്പറ്റി, കുട്ടികളെ ബ്രയിൻവാഷ് ചെയ്യുന്നു എന്ന പരാതികൾ 1975 കാലഘട്ടം മുതൽ പറഞ്ഞുകേൾക്കുന്നു. അമേരിക്കയിൽ ചില കേസുകളും ഉണ്ടായിട്ടുണ്ട്. എന്നാൽ കോടതി ഈ കേസുകൾ തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയിലും സമാനമായതും എന്നാൽ ലൈംഗികത ഉൾപ്പെടുന്നതുമായ കേസുകൾ വന്നതിനാൽ ഇസ്കോൺ അതിന്റെ നിയമാവലി പരിഷ്കരിക്കുകയും ഇസ്‌കോൺ റിസോൾവ്, ഇസ്‌കോൺ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് എന്ന സമിതികൾ രൂപീകരിക്കുകയും ചെയ്തു.

2024 അവസാനം ബംഗ്ളാദേശിൽ ഇസ്കോൺ അംഗങ്ങളും ബംഗ്ലാദേശ് പോലീസും പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇസ്‌കോൺ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അവിടത്തെ ഒരു കടയുടമയായ ഒസ്മാൻ അലിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് അശാന്തി ആരംഭിച്ചത് എന്ന് പോലീസ് റിപ്പോർട്ട് ചെയ്‌തെങ്കിലും, വളരെക്കാലം മുൻപേതന്നെ ഇസ്കോണിന്റെ പ്രവർത്തനങ്ങൾ തകർക്കാനുള്ള ശ്രമങ്ങൾ അവിടെയുള്ള ഭൂരിപക്ഷസമൂഹം ആരംഭിച്ചിരുന്നു എന്നുള്ള വസ്തുത വിസ്മരിച്ചുകൂടാ. പല തവണ ഇസ്കോൺ അക്രമത്തിന് വിധേയരാകുകയും ചെയ്യപ്പെട്ടു.
രണ്ടുകൂട്ടരുടെയും പേരിൽ കേസുകളുണ്ട്. എന്നാൽ ഇസ്കോണിനെതിരെ നടക്കുന്ന കരുതിക്കൂട്ടിയുള്ള ആക്രമണങ്ങൾക്ക് പ്രതിരോധം തീർക്കപ്പെട്ടതാണ് ബംഗ്ലാദേശിൽ നടന്നത് എന്നുള്ള സത്യം ഇവിടെ മറച്ചുവെക്കപ്പെടുകയും ഇസ്കോൺ ബലിയാടാക്കപ്പെടുകയും ചെയ്യപ്പെടുന്നു എന്നുള്ളതാണ് സത്യം..
ഇസ്കോണിന്റെ അടിസ്ഥാന തത്വങ്ങൾ
ഇസ്കോണിന്റെ നാല് അടിസ്ഥാന നിയന്ത്രണങ്ങളാണ് മാംസാഹാരം പാടില്ല, ലഹരി പാടില്ല, വിവാഹേതര ലൈംഗികബന്ധം പാടില്ല, ചൂതാട്ടം പാടില്ല എന്നിവ. ഇവ കൂടാതെ ഏഴ് ലക്ഷ്യമാർഗ്ഗങ്ങളും ഉണ്ട്. അവയിൽ പ്രധാനം PREACHINGS ആണ്…
ചിത്രങ്ങൾ ബാംഗ്ലൂർ ഇസ്കോൺ രാധാകൃഷ്ണ ക്ഷേത്രത്തിൽനിന്നും.
ജയൻ കൂടൽ
Profile: https://www.facebook.com/jayan.koodal.siju/
Website: https://jkdrive.in/
Summary: Gaudiya Vaishnavism and ISKCON History
Gaudiya Vaishnavism, a Krishna-centered sect founded by Sri Chaitanya Mahaprabhu in 16th-century Gauda Desha, emphasizes congregational chanting. ISKCON (Hare Krishna Movement), an offshoot founded by Swami Bhaktivedanta Prabhupada in 1966, centers on Bhakti Yoga and Krishna as the supreme deity. Following strict lacto-vegetarianism and prohibitions, ISKCON gained global prominence but has faced controversies. Its headquarters are in Mayapur, West Bengal.