ലഹരിവിരുദ്ധ ബോധനം: അറിവാണ് കാവൽ!
ലഹരി ബോധവൽക്കരണം! ജാഗ്രതയ്ക്ക് മുൻപേ അറിവ് അനിവാര്യമാണ്! (Drug Awareness Education)
ഈയിടെ രണ്ട് മയക്കുമരുന്ന് വിരുദ്ധ സെമിനാറുകളിൽ (ഒന്ന് സിമ്പോസിയം ആയിരുന്നു!) പങ്കെടുക്കാൻ അവസരം കിട്ടി. നാട്ടിൽ ലഹരിയുടെ ഉപയോഗം പെരുകുന്ന ഇക്കാലത്ത് ഇത്തരം പരിപാടികൾ തീർച്ചയായും നല്ലതുതന്നെ. പക്ഷേ, സത്യം പറഞ്ഞാൽ, ആ ബോധവൽക്കരണ പരിപാടികൾ കഴിഞ്ഞപ്പോൾ എൻ്റെ മനസ്സിൽ നിറയെ ചോദ്യങ്ങളും നിരാശയുമായിരുന്നു.
കാരണം എന്താണെന്നല്ലേ? അവിടെ നടന്ന ചർച്ചകളും പ്രസംഗങ്ങളും എല്ലാം വിഷയത്തിന്റെ ‘ക്ലൈമാക്സ്’ ഭാഗത്ത് മാത്രമായി ഒതുങ്ങിപ്പോയി എന്നതാണ് പ്രശ്നം! അതായത്, മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ, പോലീസ് പിടിച്ചാൽ എന്ത് സംഭവിക്കും, സ്വന്തം ജീവിതവും കുടുംബബന്ധവുമൊക്കെ എങ്ങനെ വഷളാകും ഇതൊക്കെയാണ് പ്രധാനമായും സംസാരിച്ചത്. ഇതൊക്കെ തീർച്ചയായും പ്രധാനപ്പെട്ട കാര്യങ്ങളാണ്, സംശയമില്ല. പക്ഷേ ബോധവൽക്കരണം തുടങ്ങേണ്ടത് ഈ ‘ക്ലൈമാക്സ് രംഗത്ത്’ നിന്നാണോ എന്നൊരു സംശയം മനസ്സിൽ ഉടക്കി.

ലഹരി ബോധവൽക്കരണം: അറിവാണ് യഥാർത്ഥ പ്രതിരോധം
ഈ ചിന്ത മനസ്സിലിരിക്കുമ്പോഴാണ് പരിചയക്കാർ ഒത്തുകൂടിയ ഇടത്ത് ഒരു ക്ലാസെടുക്കാൻ (കൂടിയിരുന്ന് ചർച്ചിക്കാൻ) എനിക്ക് അവസരം കിട്ടിയത്. കിട്ടിയ തക്കം മുതലെടുത്ത്, ഞാൻ ഒരു ‘പുതിയ പരീക്ഷണത്തിന്’ മുതിരാൻ തീരുമാനിച്ചു. മയക്കുമരുന്ന് എന്ന വില്ലനെ അതിന്റെ ‘ബാലപാഠത്തിൽ’ നിന്ന് തന്നെ പരിചയപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.
വെറും ഭവിഷ്യത്തുകൾ പറഞ്ഞ് പേടിപ്പിക്കുന്നതിന് പകരം, ഈ വിഷങ്ങളിൽ എന്തൊക്കെയാണ് ഉള്ളത്, അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്, എങ്ങനെയാണ് ആളുകൾ അതിലേക്ക് ആകർഷിക്കപ്പെടുന്നത് – ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം കണ്ടെത്താൻ ശ്രമിച്ചു.
ഞാനൊരു എക്സ്പെർട്ടോ, ഈ രംഗത്ത് ജോലിയെടുക്കുന്ന ആളോ ഒന്നുമല്ല കേട്ടോ. കിട്ടിയ വിവരങ്ങൾ വെച്ച്, ഔദ്യോഗിക വിവരങ്ങളിലും പുസ്തകങ്ങളിലുമൊക്കെയായി പരതിപ്പഠിച്ച്, കുറച്ച് ‘ഗൃഹപാഠം’ ചെയ്തിട്ടാണ് ക്ലാസിന് (ചർച്ചക്ക്) പോയത്.
മയക്കുമരുന്നിനെ അറിയുക: അപകടം ഒഴിവാക്കാം
ആദ്യം ഞങ്ങൾ സംസാരിച്ചത്, ഈ ലഹരിവസ്തുക്കൾ ഏതൊക്കെയാണ് എന്നതിനെക്കുറിച്ചാണ്. കഞ്ചാവ്, കൊക്കെയ്ൻ, ഹെറോയിൻ, ബ്രൗൺ ഷുഗർ, എം.ഡി.എം.എ., എൽ. എസ്. ഡി., മെത്താംഫിറ്റാമൈൻ, ജിംസൺ വീഡ്, മാജിക് മഷ്റൂം ഇങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഇവയുടെ ‘സ്വഭാവങ്ങൾ’ എന്തൊക്കെയാണ്, എങ്ങനെയാണ് ഇവയൊക്കെ ഉണ്ടാക്കുന്നത്, അടിസ്ഥാനപരമായി ഏതൊക്കെ കെമിക്കലുകൾ ആണ് ഇവയിൽ ഉള്ളത്, ഇവ എങ്ങനെയാണ് വേർതിരിച്ചെടുക്കുന്നത്, പിന്നീട് ഏതൊക്കെ ചേർക്കപ്പെടും എന്നൊക്കെയുള്ള പ്രാഥമിക വിവരങ്ങൾ പങ്കുവെച്ചു. കാപ്പിയും ചായയും വരെ ക്ലാസ്സിൽ ചർച്ചക്ക് വിധേയമാക്കി എന്ന് പറയുമ്പോൾ വിഷയത്തിന്റെ ആഴം കൂടുതൽ ആയിരുന്നു എന്ന് മനസ്സിലാക്കാമല്ലോ.
ശ്രദ്ധിച്ചിരുന്നവരിൽ ഏറ്റവും ഞെട്ടലുണ്ടാക്കിയത് മയക്കുമരുന്നുകൾ ഓരോന്നിന്റെയും നിർമ്മാണവും അതിൽ ചേർക്കപ്പെടുന്ന കെമിക്കലുകളുടെ ഭാഗവും ആയിരുന്നു. സെമി സിന്തറ്റിക്, സിന്തറ്റിക് മയക്കുമരുന്നുകൾ… പെറ്റ തള്ള സഹിക്കൂല മക്കളേ! മയക്കുമരുന്നുകൾ ഉണ്ടാക്കുന്ന പൂർണ്ണ രീതിയോ, പൂർണ്ണമായ ഘടകങ്ങളോ ചർച്ചയിൽ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇന്നത്തെ കാലത്ത് ഇത്തരം വിവരങ്ങൾ ഒരു സേർച്ചിലൂടെ കണ്ടെത്താം എന്നുണ്ടെങ്കിലും ഞങ്ങൾ അത് മനപ്പൂർവ്വം ഒഴിവാക്കുകയായിരുന്നു.
ഓർഗാനിക് എന്ന് പറയുന്നവയും ഒപ്പിച്ചു വെക്കുന്ന വലിയ കെണികൾ പലതാണ്. സമൂഹത്തിനെ ചെറിയ രീതിയിലെങ്കിലും സ്വാധീനിക്കാൻ കെൽപ്പുള്ളവർ ഉൾപ്പെടെ പലരും എഴുതിയത് കണ്ടിട്ടുണ്ട്. കഞ്ചാവ് സ്വാഭാവികമായി പ്രകൃതിയിൽ വളരുന്ന ചെടിയാണ്, കത്തിച്ച് ഇമ്മിണി പുകയെടുത്താൽ എന്താണ് കുഴപ്പമെന്ന്… വെളിവ് കെട്ടവർ… നാളെ ഇവർ ഉമ്മവും, ഒതളവും കഴിച്ചേക്കാം…
ലഹരി: ജാഗ്രതയുടെ ബാലപാഠങ്ങൾ
കഞ്ചാവ്, നാഡീ വ്യവസ്ഥയെ തകിടം മറിച്ച്, കരൾ, ഹൃദയ, ശ്വസന, ദഹന, പ്രത്യുൽപ്പാദന സംവിധാനത്തെ ആകെ നശിപ്പിച്ച്, ശരീരത്തെയും മനസ്സിനെയും തകർത്തുകളയും. ശരീരത്തിലെ CB1, CB2 സ്വീകരിണികൾ THC എന്ന ഘടകം സ്വീകരിക്കുന്നതുമുതൽ പറയേണ്ടി വരും. ഇവയുടെ ഉപയോഗം നിമിത്തമുണ്ടാകുന്ന GABA അമിനോ ആസിഡുകളിലെ അളവുകൂടുതൽ വലിയ മാനസിക പ്രശ്നത്തിലേക്കാണ് നയിക്കുക. “ഒരൊറ്റ” ഉദാഹരണം പറഞ്ഞെന്നേയുള്ളൂ.
അടുത്തതായി, മയക്കുമരുന്നുകൾ നമ്മുടെ ശരീരത്തിലേക്ക് എങ്ങനെ കടന്നു വരുന്നു എന്നതാണ് ചർച്ച ചെയ്തത്. കുത്തിവെച്ചാണോ, വലിച്ചാണോ, അതോ ഗുളിക രൂപത്തിലാണോ, തേച്ചുപ്പിടിപ്പിച്ചാണോ അതോ… ശരീരത്തിൽ കയറിക്കഴിഞ്ഞാൽ ഇവർ എന്തൊക്കെയാണ് കാണിക്കുന്നത്? നമ്മുടെ ഹൃദയം, തലച്ചോറ്, നാഡീവ്യൂഹം – ഇതിനെയൊക്കെ എങ്ങനെയാണ് തകരാറിലാക്കുന്നത്? ഏതൊക്കെ ഭാഗത്തെ എങ്ങനെയൊക്കെ മാറ്റിമറിക്കുന്നു, ഭ്രാന്ത് പിടിപ്പിക്കുമോ, വിഷാദത്തിലേക്ക് തള്ളിവിടുമോ? ഇതൊക്കെ വിശദീകരിക്കാൻ ശ്രമിച്ചു.
ഇവിടെ ഒരു ചെറിയ കടമ്പയുണ്ടായിരുന്നു. ‘മനസ്സ്’ എന്ന് പറയുന്നത് വെറും ചിന്തകളും വികാരങ്ങളും മാത്രമല്ല, നമ്മുടെ ശരീരത്തിലെ നാഡീവ്യവസ്ഥയും കോശങ്ങളും തമ്മിലുള്ള കെമിസ്ട്രി കൂടിയാണെന്ന് പറഞ്ഞ് മനസ്സിലാക്കാൻ കുറച്ചൊന്ന് വിയർത്തു. ശരീരത്തിലെ ആയിരക്കണക്കിന് ഹോർമോണുകളും, പെപ്റ്റൈഡുകളും, എൻസൈമുകളും, സിഗ്നലിംഗ് തന്മാത്രകളും ഈ മയക്കുമരുന്നുകളുടെ കളി കാരണം താളം തെറ്റുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കാൻ തലയൊന്ന് പുകഞ്ഞു!
മയക്കുമരുന്ന്: ശരീരവും മനസ്സും എങ്ങനെ തകരുന്നു
ശരീരം ഒരു ബയോ കെമിക്കൽ ഫാക്ടറി പോലെയാണെന്നും, അതിലേക്ക് ഈ വിഷം കടന്നു ചെല്ലുമ്പോൾ എല്ലാം അവതാളത്തിലാകുമെന്നും മയക്കുമരുന്നുകൾ നമ്മുടെ ഒറിജിനൽ ന്യൂറോ ട്രാൻസ്മിറ്ററുകളെ ഒതുക്കി അവയെ “മിമിക്” ചെയ്ത് സ്വന്തമായി പ്രവർത്തിക്കാൻ തുടങ്ങും എന്നുപറഞ്ഞത് അടുത്ത ഷോക്ക് ആയിരുന്നു.
ചെറിയ അളവ് നമ്മെ അടിമയാക്കുന്നതും താളം തെറ്റിക്കുന്നതും എങ്ങനെയെന്ന് മാത്രമല്ല, ‘ഓവർഡോസ്’ എന്ന ഭീകര അവസ്ഥ എങ്ങനെയാണ് മരണത്തിലേക്ക് വരെ എത്തിക്കുന്നതെന്നും വിശദീകരിച്ചു.
ലഹരി ഉപയോഗിക്കുന്നവരെ സ്വഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും ബാഹ്യവിശകലനത്താലും എങ്ങനെ തിരിച്ചറിയാം, കച്ചവടക്കാർ ഉപയോഗിക്കുന്ന തന്ത്രങ്ങളും രഹസ്യ കോഡുകളും, ശരീരത്തിലെ ലഹരിവസ്തുക്കൾ കണ്ടെത്താനുള്ള പലതരം പരിശോധനാ രീതികളും, ഈ കെണിയിൽ വീണുപോയവരെ സഹായിക്കാനുള്ള ചികിത്സാ മാർഗ്ഗങ്ങളും – ഇതൊക്കെ വിശദമായി ചർച്ച ചെയ്തു. അവസാനം, ഈ പ്രശ്നത്തിന്റെ നിയമപരമായ വശങ്ങളെക്കുറിച്ചും, കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകുന്ന സാമ്പത്തികവും സാമൂഹികവുമായ നഷ്ടങ്ങളെക്കുറിച്ചും സംസാരിച്ചു. അതായത്, ആദ്യം പറഞ്ഞ ‘ക്ലൈമാക്സ്’ ഭാഗം ഏറ്റവും അവസാനമാക്കി.
ലഹരിക്ക് മുൻപേ അറിവ്: ഒരു സമഗ്ര സമീപനം
ഈ ക്ലാസൊക്കെ എടുത്തപ്പോൾ മനസ്സിൽ തോന്നിയ ഒരു വലിയ ചോദ്യം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിച്ച് ശരീരത്തിന് ഊർജ്ജം നൽകുന്ന സങ്കീർണ്ണമായ പ്രക്രിയകളൊക്കെ സ്കൂളുകളിൽ പഠിപ്പിക്കാറുണ്ടല്ലോ. അതുപോലെ, ഈ നിയമവിരുദ്ധ മയക്കുമരുന്നുകൾ എന്താണെന്നും, ശരീരത്തിൽ കയറിയാൽ എന്താണ് സംഭവിക്കുന്നതെന്നും, അവയുടെ ഉപയോഗം ആരോഗ്യപരമായും, സാമ്പത്തികപരമായും, സാമൂഹികപരമായും എങ്ങനെയൊക്കെ നമ്മെ ബാധിക്കും എന്നുള്ളവയെ കുറിച്ചുള്ള കൃത്യമായ ‘ബാലപാഠങ്ങൾ’ എന്തുകൊണ്ട് നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കിക്കൂടാ?

നാലോ അഞ്ചോ ക്ലാസുകൾ ഈ വിഷയത്തിന് വേണ്ടി മാറ്റിവെച്ചാൽ പോലും കുട്ടികൾക്ക് ഈ ‘വിഷവിദ്യയെ’ ക്കുറിച്ച് അടിസ്ഥാനപരമായ ധാരണ നൽകാൻ സാധിക്കില്ലേ? ഇപ്പോൾ CBSE പ്ലസ് ടു ബയോളജിയിലൊക്കെ അങ്ങിങ്ങായി ചില പരാമർശങ്ങൾ ഉണ്ടെങ്കിലും, ഇത് കൂടുതൽ സമഗ്രമായി, എല്ലാ കുട്ടികൾക്കും മനസ്സിലാകുന്ന രീതിയിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
മയക്കുമരുന്ന് എന്ന ഈ ‘മഹാമാരിയെ’ ചെറുക്കാൻ, ആദ്യം അതിനെക്കുറിച്ച് അറിയുക എന്നതാണ് പ്രധാനം. വെറും പേടിപ്പിക്കലുകൾക്കപ്പുറം, വസ്തുതകളെക്കുറിച്ചുള്ള കൃത്യമായ ബോധം ഉണ്ടായാൽ, ഈ കെണിയിൽ വീഴാതെ നമുക്ക് ജാഗ്രതയായിരിക്കാൻ സാധിക്കും. അതിനായുള്ള ഒരു ‘സമഗ്രമായ പോരാട്ടമാണ്’ ഇന്നത്തെ കാലഘട്ടത്തിൽ ആവശ്യം. ലഹരിക്കെതിരെ അറിവിന്റെ വെളിച്ചം പരക്കുക തന്നെ വേണം!
മേൽപ്പറഞ്ഞ രീതിയിലല്ലെങ്കിൽ മയക്കുമരുന്ന് ബോധവൽക്കരണ പരിപാടികൾ പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യുകയില്ല. അത്തരം ഉപദേശങ്ങൾ ഇന്നത്തെ തലമുറ ശ്രദ്ധിക്കുക പോലുമില്ല എന്ന് നാം മനസ്സിലാക്കണം. മയക്കുമരുന്ന് ഉപയോഗിക്കരുത് എന്ന് ബഹളം വെക്കുന്നതിന് പകരം അതിലെ വസ്തുതകൾ ചൂണ്ടിക്കാട്ടി പറഞ്ഞു മനസ്സിലാക്കിയാൽ, ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്താൽ പരിപാടി ഗംഭീരമാകും… ആയുസ്സ് കൂമ്പാരമാകും…
ഇതിനെല്ലാം ശേഷം, മനസ്സിൽ തട്ടി ഒരു പ്രതിജ്ഞ എടുക്കാം.
ഈ നിമിഷം മുതൽ ഞാൻ ലഹരിയുടെ ദുരുപയോഗത്തിന് എതിരായി നിലകൊള്ളുമെന്ന് ദൃഢപ്രതിജ്ഞയെടുക്കുന്നു. എൻ്റെ ശരീരത്തിനും മനസ്സിനും ദോഷകരമാകുന്ന ഒരു ലഹരി വസ്തുവും ഞാൻ ഉപയോഗിക്കുകയില്ല. ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ച് എൻ്റെ ചുറ്റുമുള്ളവരെ ബോധവാന്മാരാക്കാൻ ഞാൻ ശ്രമിക്കും. ലഹരിയുടെ അടിമത്വത്തിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ ഞാൻ എൻ്റെ കഴിവുകൾക്കനുസരിച്ച് പരിശ്രമിക്കും. ലഹരി വിമുക്തമായ ഒരു നല്ല നാടിനുവേണ്ടി ഞാൻ പ്രവർത്തിക്കുമെന്ന് ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.
മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെടുന്നത് ഇപ്പോഴും ഏറ്റവും താഴെയുള്ള കണ്ണികളാണ് എന്നാണ് മനസ്സിലാക്കുന്നത്. അതിന് മുകളിലേക്കുള്ള കണ്ണികളായ ഇടനിലക്കാരോ, മൊത്തവിതരണക്കാരോ, സംഭരണക്കാരോ ഒക്കെ പിടിക്കപ്പെടുന്നുണ്ടോ ആവോ???
✍️ ജയൻ കൂടൽ
Profile link: https://www.facebook.com/jayan.koodal.siju/
Website: https://jkdrive.in/
Summary: Drug Awareness Education
Effective drug awareness education necessitates a foundational understanding of illicit substances, extending beyond mere legal ramifications and societal consequences. Rather than solely focusing on the “climax” of addiction and its negative outcomes, a comprehensive approach should begin with the basics: identifying various drug types, their chemical compositions, and how they affect the human body. Understanding how these substances interact with the nervous system, hormones, and neurotransmitters provides a crucial insight into their devastating impact. Furthermore, educating individuals on recognizing signs of drug use, the tactics employed by dealers, and available rehabilitation options is vital. This knowledge empowers individuals to make informed decisions and remain vigilant against drug abuse. Integrating comprehensive drug education into school curricula, explaining the biological and social aspects of drug use, is crucial for fostering a drug-free society.