സിന്ധു നദീജല ഉടമ്പടിയും ഇന്ത്യ-ചൈന നദീജല പ്രശ്നങ്ങളും!
ലോകമെമ്പാടും ജലക്ഷാമം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, ജലം കേവലം ഒരു ജീവനോപാധി എന്നതിലുപരി ഒരു തന്ത്രപരമായ വിഭവമായി മാറിയിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ! വർധിച്ചുവരുന്ന ജനസംഖ്യ, കാലാവസ്ഥാ വ്യതിയാനം, വ്യാവസായിക പുരോഗതി എന്നിവ ശുദ്ധജലത്തിന്റെ ലഭ്യതയെ ഗണ്യമായി കുറയ്ക്കുന്നതിനാൽ രാജ്യങ്ങൾ തമ്മിലും ഒരു രാജ്യത്തിനുള്ളിൽ തന്നെ വിവിധ പ്രദേശങ്ങൾ തമ്മിലും ജലത്തെച്ചൊല്ലിയുള്ള സംഘർഷങ്ങൾക്ക് സാധ്യതയേറുകയാണ്. (Indus Water Treaty Cancelled: Strategic Move & Impact)

ജലം ആയുധമാകുമ്പോൾ
മധ്യേഷ്യ, ആഫ്രിക്ക തുടങ്ങിയ ഭൂപ്രദേശങ്ങളിൽ ഇതിനോടകം തന്നെ ജലത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഭാവിയിൽ ജലക്ഷാമം കൂടുതൽ രൂക്ഷമാവുകയാണെങ്കിൽ ഇത് ‘ജലത്തിനു വേണ്ടിയുള്ള യുദ്ധങ്ങളി’ലേക്ക് വരെ നയിച്ചേക്കാം എന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. നദീജലത്തിന്റെ പങ്കിടലുമായി ബന്ധപ്പെട്ട് ഭിന്നതകൾ നിലനിൽക്കുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കും ഈ അപകടം ഒഴിഞ്ഞുമാറാൻ സാധ്യമല്ല.
സിന്ധു നദീജല ഉടമ്പടി – Indus Water Treaty
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 1960-ൽ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി ആധുനിക ലോകത്തിലെ ഏറ്റവും പഴക്കംചെന്നതും വിജയകരവുമായ ജല പങ്കിടൽ ഉടമ്പടികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവച്ച ഈ ഉടമ്പടി സിന്ധു നദീതടത്തിലെ ആറ് പ്രധാന നദികളായ സിന്ധു, ഝലം, ചിനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിവയുടെ ജലം ഇരു രാജ്യങ്ങൾക്കുമിടയിൽ എങ്ങനെ പങ്കിടണം എന്ന് കൃത്യമായി നിർവചിക്കുന്നു.
ഉടമ്പടി പ്രകാരം, കിഴക്കൻ നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയുടെ പൂർണ്ണ നിയന്ത്രണം ഇന്ത്യയ്ക്ക് ലഭിച്ചു. അതേസമയം, പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചിനാബ് എന്നിവയുടെ ജലത്തിന്റെ കാര്യമായ പങ്കും പാകിസ്ഥാനാണ് അനുവദിച്ചിരിക്കുന്നത്. എന്നിരുന്നാലും, കൃഷി, ഗതാഗതം, വൈദ്യുതി ഉത്പാദനം തുടങ്ങിയ ആവശ്യങ്ങൾക്കായി പടിഞ്ഞാറൻ നദികളിൽ നിയന്ത്രിത പദ്ധതികൾ നടപ്പാക്കാൻ ഇന്ത്യക്ക് അനുമതിയുണ്ട്.
ഈ ഉടമ്പടി ആറ് ദശകങ്ങളായി നിലനിൽക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ നിരവധി യുദ്ധങ്ങളും സംഘർഷങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും സിന്ധു നദീജല ഉടമ്പടി ഇതുവരെ ലംഘിക്കപ്പെട്ടിട്ടിരുന്നില്ല.
സിന്ധു നദീജല കരാർ: ആറ് പതിറ്റാണ്ടുകൾ, പുതിയ വെല്ലുവിളികൾ
കഴിഞ്ഞ പത്തുവർഷത്തോളമായി ഇന്ത്യ സിന്ധു നദീജല കരാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കരാർ നിലവിൽ വന്ന അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത് എന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങൾ, ഇന്ത്യയുടെ ജലവൈദ്യുത പദ്ധതികൾ, ജലവൈദ്യുത പദ്ധതി നിർമ്മാണത്തിലെ കാര്യക്ഷമതയും ആയുസ്സും വർദ്ധിപ്പിക്കുന്ന ആധുനിക സാങ്കേതികവിദ്യകൾ, ജനസംഖ്യയിലുണ്ടായ വർദ്ധനവ് എന്നിവയെല്ലാം പരിഗണിച്ച് ഉടമ്പടിയിൽ കാലഹരണപ്പെട്ട ചില വ്യവസ്ഥകൾ നിലനിൽക്കുന്നുണ്ടെന്നും ആധുനിക ആവശ്യങ്ങൾക്കനുസരിച്ച് ഇതിനെ പുനഃപരിശോധിക്കണമെന്നും ഇന്ത്യ തുടർച്ചയായി ആവശ്യപ്പെടുന്നു.

ഉടമ്പടിയിൽ പറഞ്ഞിരിക്കുന്നതനുസരിച്ചുള്ള കാലികമായ പുനരാലോചന നടത്താനോ പരിഷ്കരിക്കാനോ ഉള്ള ഇന്ത്യയുടെ ആഹ്വാനങ്ങളെ പാകിസ്ഥാൻ സ്ഥിരമായി നിരാകരിക്കുകയാണ്. പല പ്രശ്നങ്ങളിലും ഉടമ്പടി പ്രകാരമുള്ള സിന്ധു കമ്മീഷനെയോ ലോകബാങ്കിന്റെ നിഷ്പക്ഷ പ്രതിനിധിയെയോ വിശ്വാസത്തിലെടുക്കാതെ ആർബിട്രേഷൻ പോലുള്ള രീതികളെ സമീപിക്കുന്നത് കരാർ ലംഘനമായി ഇന്ത്യ കണക്കാക്കുന്നു.
ഇത്തരം ആശങ്കകൾ നിലനിൽക്കുമ്പോഴും സിന്ധു നദീജല ഉടമ്പടി ഇരു രാജ്യങ്ങൾക്കുമിടയിൽ ജല പങ്കിടലുമായി ബന്ധപ്പെട്ട വലിയൊരു സംഘർഷം ഒഴിവാക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. എങ്കിലും ഈ കരാർ ഇരു രാജ്യങ്ങൾക്കുമിടയിൽ ചില തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്തുള്ള ജലവൈദ്യുത പദ്ധതികളെ പാകിസ്ഥാൻ പലപ്പോഴും എതിർത്തിട്ടുണ്ട്. പൂർത്തിയാക്കാൻ പറ്റാതെ കിടക്കുന്ന നമ്മുടെ പദ്ധതികളിൽ ചിലതാണ് തുള്‍ബുള്‍ ജലവൈദ്യുതി പദ്ധതിയും, വൂളാര്‍ തടയണയും.
സിന്ധു നദീജല കരാറിൻ്റെ അന്തസ്സും നിയമങ്ങളും പാലിച്ച ഇന്ത്യ
കരാർ തുടക്കസമയത്ത് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ജലസേചനത്തിനായി പുതിയ ഹെഡ്‌വർക്കുകളും കനാൽ സംവിധാനവും നിർമ്മിക്കുന്നതിനുള്ള ചെലവിലേക്ക് 62,060,000 പൗണ്ട് സ്റ്റെർലിംഗ് എന്ന നിശ്ചിത സംഭാവന ഇന്ത്യ നൽകിയിരുന്നു. 1965 ലെ ഇന്തോ-പാക് യുദ്ധം ഉണ്ടായിട്ടും ഈ തുക പത്ത് തുല്യ വാർഷിക ഗഡുക്കളായി ഇന്ത്യ നൽകി. പാകിസ്ഥാനിലേക്കുള്ള ജലവിതരണം 1965 ലെ ഇന്തോ-പാക് യുദ്ധകാലത്തും തടസ്സപ്പെട്ടില്ല. ഇന്ത്യ എപ്പോഴും സിന്ധു നദീജല കരാറിൻ്റെ അന്തസ്സും നിയമങ്ങളും പാലിച്ചിരുന്നു.
രാജ്യത്തിൻ്റെ വികസന ആവശ്യങ്ങൾ നിറവേറ്റുന്നതിനോടൊപ്പം അയൽരാജ്യത്തിൻ്റെ ആശങ്കകളെയും ഇന്ത്യ ഗൗരവമായി പരിഗണിച്ചിരുന്നു. ഈ വിഷയത്തിൽ തുറന്ന ചർച്ചകളിലൂടെയും സഹകരണത്തിലൂടെയും മുന്നോട്ട് പോകാൻ ഇന്ത്യ എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്നു. സിന്ധു നദീതടത്തിൽ ഇന്ത്യ നടപ്പാക്കുന്ന ജലസേചന പദ്ധതികളും ഊർജ്ജോത്പാദനവും ലക്ഷ്യമിടുന്നത് രാജ്യത്തിൻ്റെ പുരോഗതി മാത്രമാണ്, അല്ലാതെ കരാറിലെ വ്യവസ്ഥകൾ ലംഘിക്കാനല്ല എന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

പാകിസ്ഥാന്റെ ഭാഗത്തുനിന്നും പലതവണ അതിർത്തി കടന്നുള്ള പ്രകോപനങ്ങൾ ഉണ്ടായിട്ടും നദീജല കരാറിനെ ബാധിക്കാതിരിക്കാൻ ഇന്ത്യ ശ്രദ്ധിച്ചിരുന്നു. എന്നാൽ പഹൽഗാം ആക്രമണത്തോടുകൂടി, പാകിസ്ഥാന്റെയും പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളുടെയും അതിരുവിട്ട പെരുമാറ്റത്തോടുകൂടി, ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയിരിക്കുന്നു. ഇത് ശരിയായ സമയത്തെടുത്ത ഉചിതമായ തീരുമാനമാണ് എന്നതിൽ സംശയമില്ല. എത്രയാണ് സഹിക്കുക!
സിന്ധു – പാകിസ്ഥാന്റെ ജീവനാഡി
പാകിസ്ഥാനിൽ ഏകദേശം 23 പ്രധാന നദികളുണ്ട്. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ 8 നദികളും പാകിസ്ഥാനി പഞ്ചാബിലൂടെ ഒഴുകുന്ന 5 നദികളും സിന്ധിലൂടെ ഒഴുകുന്ന 3 നദികളും ബലൂചിസ്ഥാനിലെ 7 നദികളും കൂടാതെ ചെറുതും വലുതുമായ അനേകം കൈവഴികളും അവിടെയുണ്ട്. എന്നാൽ സിന്ധു എന്ന ഒരൊറ്റ നദിയാണ് പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ ജീവനാഡി. ഇന്ത്യയിൽ നിന്നും ഒഴുകിയെത്തുന്ന നദികൾ ഒഴികെ മറ്റുള്ളവയിൽ പലതിലും വേനൽക്കാലത്ത് ജലം തീരെ കുറവായിരിക്കും.
സിന്ധുവിൽ ചേരുന്ന സത്‌ലജ്, ഝലം, രവി, ചിനാബ്, ബിയാസ് എന്നീ നദികൾ നേരിട്ടല്ല സിന്ധുവിൽ ലയിക്കുന്നത്. കിഴക്കേയറ്റത്തുള്ള ബിയാസ് ഹരികെയിൽ സത്‌ലജിലും, സത്‌ലജ് ചിനാബിലും ലയിക്കുന്നു. ഝലവും രവിയും ചിനാബിൽ ചേർന്നൊഴുകി ഒടുവിൽ മിഥാൻകോട്ടിൽ വെച്ച് സിന്ധുവിനോട് ചേരുന്നു. ഈ നദികളിൽ രവി, സത്‌ലജ് (ചെറിയ തുടക്കം ടിബറ്റിൽ നിന്ന്), ഝലം, ചിനാബ് എന്നിവ ഇന്ത്യയിൽ നിന്നാണ് ഉത്ഭവിക്കുന്നത്.
സിന്ധു നദിയിൽ മറ്റു പല നദികളും വന്നുചേരുന്നുണ്ട്. ഷ്യോക് നദി, ഗിൽഗിറ്റ് നദി, ഹൻസ നദി, സ്വാത് നദി, കുന്നാർ നദി, കുറം നദി, ഗോമൽ നദി, കാബൂൾ നദി എന്നിവ സിന്ധുവിൽ ചേരുന്ന പ്രധാന വടക്കൻ നദികളാണ്. എന്നാൽ ഇവയിലെ ജലത്തിന്റെ അളവ് നമ്മുടെ നദികളെ അപേക്ഷിച്ച് കുറവാണ്.
നമ്മുടെ ലഡാക്കിൽ നിന്നുമാണ് സുരു നദിയും ദ്രാസ് നദിയും സൻസ്കാർ നദിയും സിന്ധുവിൽ ലയിക്കുന്നത്. സിയാച്ചിനിൽ നിന്നും ഷ്യോക് നദിയും സിന്ധുവിലേക്ക് ഒഴുകിയെത്തുന്നു. സിന്ധു നദിയിൽ ഇന്ത്യയുടെ പങ്ക് എത്രത്തോളമുണ്ടെന്ന് ഈ ഒൻപതു നദികളുടെ സിന്ധൂലയനത്തിൽ നിന്നും വ്യക്തമാകുമല്ലോ.
എല്ലാ അർത്ഥത്തിലും പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ മൂന്നിൽ രണ്ട് ആവശ്യകതകളും ഈ നദികളെല്ലാം ചേർന്ന സിന്ധു നദിയിലൂടെയാണ് നിറവേറ്റപ്പെടുന്നത്. പാകിസ്ഥാനിലെ ഭൂരിഭാഗം ജനങ്ങളുടെ ജീവിതം പോലും സിന്ധു നദിയുടെ തീരങ്ങളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്.
ജലം തടഞ്ഞാൽ പാകിസ്ഥാൻ പ്രതിസന്ധിയിൽ
സിന്ധു നദീജല കരാർ റദ്ദാക്കുന്നത് പാകിസ്ഥാന് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കാരണം രാജ്യത്തിന്റെ കൃഷി, ജലവൈദ്യുതി ഉത്പാദനം, വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്ക്കായി അവർ പ്രധാനമായും ആശ്രയിക്കുന്നത് സിന്ധു നദിയിലെ ജലത്തെയാണ്. കരാർ റദ്ദാക്കൽ പാകിസ്ഥാനിൽ കടുത്ത വരൾച്ചയ്ക്കും ഭക്ഷ്യക്ഷാമത്തിനും കാരണമാകും. കൂടാതെ ജലവൈദ്യുത പദ്ധതികളെയും വ്യവസായങ്ങളെയും പ്രതികൂലമായി ബാധിക്കുകയും അത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ ദുർബലപ്പെടുത്തുകയും ചെയ്യും.

ഭാവിയിൽ പാകിസ്ഥാൻ എല്ലാ രീതിയിലും കീഴടങ്ങുകയും തീവ്രവാദികളെ അമർച്ച ചെയ്യാൻ തയ്യാറാവുകയും ചെയ്താൽ ഒരുപക്ഷേ ഇന്ത്യ ജലം നൽകിയേക്കാം. എന്നാൽ അതും നമ്മുടെ ആവശ്യങ്ങൾ കഴിഞ്ഞിട്ടായിരിക്കാം. അതല്ലേ ഉചിതം.
ഇന്ത്യ-ചൈന ജല തർക്കങ്ങൾ – Indus Water Treaty Cancelled: Strategic Move & Impact
പാകിസ്ഥാനിലേക്കുള്ള ജലം ഇന്ത്യ തടഞ്ഞതിൽ ചൈനയുടെ ഭാഗത്തുനിന്ന് പ്രതികാര നടപടികൾ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ചില ആശങ്കകൾ ഉയർന്നിട്ടുണ്ട്. അതിർത്തി കടന്നൊഴുകുന്ന നദികളിൽ ഏകപക്ഷീയമായ നടപടി സ്വീകരിക്കുന്നതിന് ചൈന ഇതിനെ ഒരു കാരണമായി ഉന്നയിച്ചേക്കാം എന്ന സംശയങ്ങളും നിലനിൽക്കുന്നു.
ഇന്ത്യയും ചൈനയും അയൽരാജ്യങ്ങളാണെങ്കിലും ഇരുവർക്കുമിടയിൽ ഒരു ഔദ്യോഗിക ജല പങ്കിടൽ ഉടമ്പടി നിലവിലില്ല. നിരവധി പ്രധാന നദികൾ ടിബറ്റൻ പീഠഭൂമിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഈ നദികൾ ഇന്ത്യയിലേക്കും മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും ഒഴുകുന്നു. ബ്രഹ്മപുത്ര (യാർലുങ് സാങ്‌പോ), സിന്ധു, സത്‌ലജ് തുടങ്ങിയ നദികൾ ടിബറ്റിന്റെ തെക്കുപടിഞ്ഞാറ് മേഖലയിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്.
നദീജലവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്നതിനും ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഉഭയകക്ഷി സംവിധാനങ്ങൾ വേണമെന്ന വിഷയത്തിൽ ഇന്ത്യ ചൈനയുമായി നിരന്തരമായ ചർച്ചകൾ നടത്തിവരുന്നു.
ബ്രഹ്മപുത്രയിലെ അണക്കെട്ടുകൾ
ചൈനയുടെ ഭാഗത്തുള്ള അണക്കെട്ടുകളുടെ നിർമ്മാണം, നദികളുടെ ഗതി മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങിയവ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കകൾക്ക് കാരണമാകുന്നുണ്ട്. ടിബറ്റൻ പ്രദേശങ്ങൾ താരതമ്യേന ദുർബലവും ഭൂകമ്പ സാധ്യതയും മണ്ണിടിച്ചിൽ സാധ്യതയുമുള്ള പ്രദേശങ്ങളാണ്. അവിടെ വലിയ അണക്കെട്ടുകൾ നിർമ്മിക്കുന്നത് ചെറിയ പ്രശ്നങ്ങളായിരിക്കില്ല സൃഷ്ടിക്കുക.
അണക്കെട്ടുകളുടെ നിർമ്മാണത്തെക്കുറിച്ചോ വെള്ളം തുറന്നുവിടുന്നതിനെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ ഇന്ത്യക്ക് ലഭിക്കാത്തത് വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി കാണുന്നതിനും പ്രതിരോധിക്കുന്നതിനും തടസ്സമുണ്ടാക്കുന്നു.

ചൈനയുടെ ജല – പ്രതികാര സാധ്യതകൾ
വിശകലന വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയത് ബ്രഹ്മപുത്ര നദിയിൽ സമാനമായ നടപടികൾ കൈക്കൊള്ളാൻ ചൈനയ്ക്ക് ഒരു പ്രേരണയായേക്കാം എന്നാണ്.
പാകിസ്ഥാനെ സംബന്ധിച്ചുള്ള ഇന്ത്യയുടെ നടപടികളുടെ കാരണങ്ങളും പശ്ചാത്തലവും (അതിർത്തി കടന്നുള്ള ഭീകരവാദം) ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട് ചൈനയും ഇന്ത്യയും തമ്മിലുള്ള സാഹചര്യത്തിൽ നിന്ന് (പ്രധാനമായും വികസനപരവും തന്ത്രപരവുമായ ആശങ്കകൾ) വ്യത്യസ്തമാണെന്ന് ഓർക്കേണ്ടത് പ്രധാനമാണ്. തങ്ങളുടെ പദ്ധതികൾ താഴെയുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്ന് ചൈന ഇതിനോടകം തന്നെ പ്രസ്താവിച്ചിട്ടുമുണ്ട്.
ബ്രഹ്മപുത്രയിലെ സ്ഥിതിഗതികൾ
ഇന്ത്യയും ചൈനയും തമ്മിലുള്ള ജല തർക്കങ്ങളിലേക്ക് വന്നാൽ ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും നിലനിൽക്കുന്നത്. ടിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന സിന്ധുവും സത്‌ലജും ഇതുവരെ കാര്യമായി ചർച്ചകളിൽ വന്നിട്ടില്ല. എന്നാൽ ടിബറ്റിൽ നിന്നുതന്നെ ഉത്ഭവിക്കുന്ന ബ്രഹ്മപുത്ര ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജലസേചനത്തിനും മറ്റ് ആവശ്യങ്ങൾക്കും ഒരു പ്രധാന ജലസ്രോതസ്സാണ് (പുരുഷന്റെ പേരുള്ള ഏക പ്രധാന നദിയാണ് ബ്രഹ്മപുത്ര).
ചൈന ബ്രഹ്മപുത്രയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. നിലവിൽ മൂന്ന് അണക്കെട്ടുകൾ ബ്രഹ്മപുത്രയിൽ ചൈനക്കുണ്ട്. ഇന്ത്യയും ഏകദേശം സമാനമായ വലിപ്പത്തിൽ വിവിധോപയോഗ അണക്കെട്ട് ഇതേ നദിയിൽ നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ ബ്രഹ്മപുത്രയുടെ ഒഴുക്ക് താഴേക്ക് ശക്തിയായതിനാൽ ഇടവിട്ട് പല അണക്കെട്ടുകളും കനാലുകളും പ്ലാൻ ചെയ്യുന്നുണ്ട് എന്നും കാണുന്നു.
യഥാർത്ഥത്തിൽ ചൈനയ്ക്ക് എത്രത്തോളം ജലം നമ്മുക്ക് ലഭിക്കുന്നതിൽ നിന്നും തടയാൻ സാധിക്കും എന്ന ചോദ്യം പ്രസക്തമാണ്.
ബ്രഹ്മപുത്രയിലെ ജലത്തിന്റെ അളവ്
ടിബറ്റൻ നദികളിലെ ജലത്തിന്റെ അളവ് നിർണ്ണയിക്കുന്നത് മഞ്ഞ്, മഴ, ഹിമാനികൾ, ഭൂഗർഭജലം എന്നിവയാണ്. ബ്രഹ്മപുത്ര നദിയുടെ ജലത്തിൽ ഏകദേശം 14% മുതൽ മഴക്കാലത്ത് 40% വരെ ടിബറ്റൻ മേഖലയിൽ നിന്നുമാണ് ലഭിക്കുന്നത് എന്നതിൽ നിന്നും ബാക്കി മേജർ ഷെയർ ഇന്ത്യൻ പ്രദേശത്തുനിന്നുമാണ് ലഭിക്കുന്നത് എന്നും മനസ്സിലാക്കാം.
ഈ ജലം പ്രധാനമായും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഉപയോഗപ്പെടുത്തുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് മഴവെള്ളം, ഇന്ത്യയിൽ ഉത്ഭവിക്കുന്ന ബ്രഹ്മപുത്രയുടെ പോഷകനദികൾ, ഭൂഗർഭജലം എന്നിവയിലൂടെ സ്വന്തമായി മറ്റ് ജലസ്രോതസ്സുകളും ഉണ്ട്. കൂടാതെ വിവിധ ഭാവി അണക്കെട്ടുകളും കനാലുകളും ഈ ജലം കൃത്യമായി ഉപയോഗിക്കാൻ സഹായിക്കും. മാത്രമല്ല ചൈന ബ്രഹ്മപുത്രയിലെ ജലത്തിന്റെ അളവ് കുറക്കാൻ ശ്രമിച്ചാൽ ബംഗ്ലാദേശിനെയും ജലദൗർലഭ്യം സാരമായി ബാധിക്കും.
2011-ലെ Food and Agriculture Organisation – AQUASAT സർവേ പ്രകാരം ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ബ്രഹ്മപുത്ര തടത്തിലെ വാർഷിക ജലത്തിന്റെ ഒഴുക്ക് 165 ക്യുബിക് കിലോമീറ്ററാണ്. എന്നാൽ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്കുള്ള ഒഴുക്ക് 537 ക്യുബിക് കിലോമീറ്ററാണ്. അതായത് 537 ട്രില്യൺ ലിറ്റർ. ഭൂട്ടാൻ മാത്രം 78 ക്യുബിക് കിലോമീറ്റർ ജലം ബ്രഹ്മപുത്രയിലേക്ക് ഒഴുക്കുന്നുണ്ട് – ഇത് ചൈനയുടെ ഒഴുക്കിന്റെ പകുതിയോളം വരും.

സിന്ധു നദിയിലെ ജലത്തിന്റെ അളവ്
സിന്ധു നദി ഉത്ഭവസ്ഥാനത്ത് അത്ര വലുതല്ല – കൈലാസ മേഖലയിലെ ഹിമാനികളുടെയും മഞ്ഞുരുകിയ വെള്ളത്തിന്റെയും ഒരു ചെറിയ അരുവിയാണ് സിന്ധു നദി. സിന്ധു നദിയിലെ മൊത്തം ജലത്തിന്റെ ഒഴുക്കിന്റെ 5% ൽ താഴെ മാത്രമാണ് ചൈനയിലെ ഭാഗത്ത് നിന്നുള്ളത്. സിന്ധു നദിയിലെ പ്രധാന ജലത്തിന്റെ അളവ് ഇന്ത്യയിൽ പ്രവേശിച്ചതിന് ശേഷം മഞ്ഞുരുകുന്നതിൽ നിന്നും ഹിമാനികളിൽ നിന്നുമാണ് ഉണ്ടാകുന്നത്.
അതുകൊണ്ട് ചൈന അതിന്റെ ഉത്ഭവസ്ഥാനത്ത് നദി പൂർണ്ണമായി തടഞ്ഞാൽ പോലും വളരെ ചെറിയ അളവിലുള്ള വെള്ളം മാത്രമേ തടയാൻ സാധിക്കൂ – അത് താഴേക്കുള്ള സിന്ധു നദിയെ “നശിപ്പിക്കാൻ” പര്യാപ്തമല്ല. ഈ അഞ്ചുശതമാനം തടയണമെങ്കിൽതന്നെ വലിയ സാമ്പത്തിക ചെലവും സാങ്കേതിക ബുദ്ധിമുട്ടുകളും ചൈനക്ക് ഉണ്ടാകും. സത്‌ലജ് നദിയുടെ കാര്യവും ഏതാണ്ട് ഇതുപോലെയാണ്.
ഇന്ത്യയുടെ തന്ത്രപരമായ നീക്കം
സിന്ധു നദീജല കരാർ റദ്ദാക്കുകയും അഞ്ചോ പത്തോ വർഷങ്ങൾക്കുള്ളിൽ ഇന്ത്യ വിവിധ പദ്ധതികൾക്കായി ഈ ജലം ഉപയോഗിക്കുകയും ചെയ്താൽ സ്വതവേ സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാനെ കൂടുതൽ പ്രതിസന്ധിയിലാക്കാൻ മറ്റൊരു രക്തച്ചൊരിച്ചിലിന്റെ ആവശ്യം വേണ്ടിവരില്ല. അതോടെ തീവ്രവാദ ഫണ്ടിംഗിനും, പരിശീലനത്തിനും ഒരു ശമനം ഉണ്ടാകും. ഒട്ടും വിശ്വസിക്കാൻ കൊള്ളാത്ത അയൽക്കാരിലൊരാൾ ചോദിച്ചു വാങ്ങിയ “പതിനാറിന്റെ പണി” എന്ന് വിശേഷിപ്പിക്കാവുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുന്നു എന്നതിൽ സംശയമില്ല.
✍️ ജയൻ കൂടൽ
Facebook Profile link: https://www.facebook.com/jayan.koodal.siju/
Summary: Indus Water Treaty Cancelled: Strategic Move & Impact
The Indus Waters Treaty (IWT), signed in 1960 between India and Pakistan under World Bank mediation, has been one of the most successful water-sharing agreements. It gave India control over the eastern rivers and Pakistan the western ones, with India allowed limited usage. Despite wars and tensions, India honored the treaty for decades. However, due to Pakistan’s continued support for cross-border terrorism and changing environmental and technological factors, India has now revoked the treaty.
This move is expected to severely impact Pakistan, which heavily relies on Indus waters for agriculture, power, and industry. While concerns exist about China’s potential retaliation by controlling river flows, studies show China’s influence on the Indus system is limited. The Brahmaputra poses a bigger challenge, but India is relatively better positioned there. The treaty’s cancellation marks a strategic step by India to weaken Pakistan’s ability to fund extremism without engaging in direct conflict.