ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!

“ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!” പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ദേവീക്ഷേത്രത്തിൽ നടക്ക് മുൻപിലായി ഒരു വലിയ ഞാറമരം നിൽപ്പുണ്ട്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുത്. ഇതിനു കിഴക്ക് ഭാഗത്തായി ഒരു കുളം പണ്ടുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. അവരും കേട്ടിരുന്നത്രേ “ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു”. (Jamun Tree Significance – Jambu Dweep Ayurveda).

Jamun Tree Significance - Jambu Dweep Ayurveda

എന്താണ് “ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു”

“ജംബൂഫലാനി പക്വാനി, പതന്തി വിമലേ ജലേ, കപി കമ്പിത ശാഖാഭ്യാം, ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു”

പഴുത്ത, ഞാറപ്പഴം എന്ന ഞാവല്പഴം കുരങ്ങൻ കൊമ്പിൽ പിടിച്ചു കുലുക്കി നിർമലമായ വെള്ളത്തിൽ ഇടുമ്പോൾ “ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു” ശബ്ദം കേൾക്കുമത്രേ.

പല പഴങ്ങളും, അവ ചെറുതാണെങ്കിൽ തുടർച്ചയായി വെള്ളത്തിൽ വീണാൽ ഇങ്ങനെത്തന്നെയാണ് ശബ്ദം കേൾക്കുക. പിന്നെന്താണ് ഞാവല്പഴം വീണാൽ എന്ന് എടുത്തുപറയാൻ.

കാളിദാസൻ, ഭോജ രാജാവിന്റെ (വിക്രമാദിത്യൻ ആണെന്നും പറയപ്പെടുന്നു) സഭയിൽ അംഗമായിരുന്നപ്പോൾ നടന്ന കവിസദസ്സുകളെ ബന്ധപ്പെടുത്തി അനേകം നുറുങ്ങുകൾ പ്രചരിച്ചിരുന്നു. ബുദ്ധിമുട്ടേറിയ വാക്കുകൾ കൊണ്ട് നിമിഷശ്ലോകങ്ങൾ ഉണ്ടാക്കാൻ ആവശ്യപ്പെടുന്നത് രാജാവിന്റെ വിനോദവും അവ ഉണ്ടാക്കുന്നത് കാളിദാസന്റെ വിനോദവും ആയ കഥകൾ.

അങ്ങനെയാണ് ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു എന്ന ശ്ലോകം ഉണ്ടായത്. ഇത് ചെറിയ ക്‌ളാസ്സിലെ സംസ്കൃത പാഠപുസ്തകത്തിൽ ഉണ്ടായിരുന്നതായി ഓർക്കുന്നു.

ജംബുദ്വീപും ഞാവലും

പുരാതന ഗ്രന്ഥങ്ങളിൽ നമ്മുടെ നാട് ഉൾപ്പെടുന്ന ഭൂഖണ്ഡത്തിന് ജംബുദ്വീപ് എന്നൊരു പേര് ഉണ്ടായിരുന്നു. ഏഴ് ഭൂഖണ്ഡങ്ങൾക്കും ഇങ്ങനെ ഓരോ പേര് ഉണ്ടായിരുന്നതായി പുരാണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജംബുദ്വീപിന് ആ പേര് വന്നത് ജംബു അതായത് ഞാവൽ എന്ന ഞാറ ധാരാളമായി ദ്വീപിലെ വലിയ പ്രദേശങ്ങളിൽ ഒന്നായ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നത് കൊണ്ടാണ് എന്നാണ് കുറിക്കപ്പെട്ടിരിക്കുന്നത്.

അളകാപുരിയിൽ നിന്നും പുറത്താക്കപ്പെട്ട ഖിന്നനായ യക്ഷൻ പുഷ്ക്കല മേഘത്തോട് തന്റെ പ്രിയ പത്നിക്ക് ഒരു സന്ദേശം എത്തിക്കാമോ എന്ന് മേഘസന്ദേശത്തിൽ ചോദിക്കുന്നുണ്ട്. മേഘം പോകുന്ന വഴിയിൽ കാറ്റ് മേഘത്തെ പറത്തിക്കളയാതിരിക്കാനുള്ള ഒരുപായവും യക്ഷൻ മേഘത്തിന് നൽകുന്നു. കാട്ടാനയുടെ മദനീർ കലർന്ന, ഞാവൽ തോപ്പുകളുടെ ഇടയിലൂടൊഴുകുന്ന നർമ്മദയുടെ ജലം ആവോളം നുകർന്ന ശേഷമേ നീ പോകാവൂ. അങ്ങനെയായാൽ നിന്റെ ഉൾക്കനം കൂടുകയും ആർക്കും നിന്നെ പറത്തിക്കളയാൻ കഴിയാതെ വരികയും ചെയ്യും.

Njaval ezhamkulam

ഞാവലിന്റെ ഗുണഗണങ്ങൾ

ഞാറയുടെ ഗുണത്തെ വർണ്ണിക്കാൻ രാമായണത്തിലെ ഒരു സന്ദർഭം മതിയാകും. വനവാസക്കാലത്ത് രാമന്റെയും കൂട്ടരുടെയും വിശപ്പകറ്റിയിരുന്നതിൽ ഞാവലിനാണ് മുഖ്യ പങ്കുണ്ടായിരുന്നത്.

ഞാറയുടെ പഴം മാത്രമല്ല, ഇലക്കും, തൊലിക്കും, വേരിനും എല്ലാം ഔഷധഗുണങ്ങൾ ഉണ്ട്. നാട്ടുവൈദ്യവും, ആയുർവേദവും ഒക്കെ ഞാവൽ മരത്തിന്റെ മരുന്നുകളാൽ സമ്പന്നമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

ഞാവൽ കമ്പുകളാൽ പല്ല് തേക്കുന്നതും, ഇല കരിച്ച് പല്ല് തേക്കാനുള്ള കരി എടുക്കുന്നതും, വിത്ത് പ്രമേഹ ചികിത്സയിലും, ഇല വാറ്റിയെടുക്കുന്ന എണ്ണ സുഗന്ധ ദ്രവ്യമായും, തടി വാറ്റിയെടുക്കുന്ന ലായനി ഉദര ചികിത്സക്കായും എന്ന് മാത്രമല്ല… ഞാവലിന്റെ ഗുണഗണങ്ങൾ ധാരാളമാണ്.

✍️ ജയൻ കൂടൽ

Profile: https://www.facebook.com/jayan.koodal.siju/

Website: https://jkdrive.in/

Summary: Jamun Tree Significance – Jambu Dweep, Ayurveda

A large Jamun tree at Ezhamkulam Devi Temple, Pathanamthitta, can be dramatically linked to a historic pond and the Sanskrit verse “Gulu Guggulu Guggulu,” depicting ripe Jamun fruits falling into water, a verse attributed to Kalidasa. India’s ancient name, Jambudweep, highlights the abundance of these trees. The Jamun tree is also noted for its extensive medicinal properties, used in traditional medicine.

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!