ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്!
പത്തനംതിട്ട ജില്ലയിലെ കോന്നിക്ക് സമീപം അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്, പഴമയുടെയും ആചാരപ്പെരുമയുടെയും തനിമ നിലനിർത്തുന്ന ഒരു കാനന വിശ്വാസ കേന്ദ്രമാണ്. കാലാന്തരങ്ങൾക്ക് അപ്പുറത്തേക്ക് വേരുകളാഴ്ത്തി നിൽക്കുന്ന ഈ പുണ്യഭൂമി, മലയാളി ഗോത്ര സംസ്കൃതിയുടെയും പ്രകൃതി ആരാധനയുടെയും നേർക്കാഴ്ചയാണ് വിശ്വാസികൾക്ക് സമ്മാനിക്കുന്നത്. (Kalleli Oorali Appooppan Kavu)

കല്ലേലി കാവ്: ഊരാളി അപ്പൂപ്പന്റെ പ്രാചീന സന്നിധി
ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും താളുകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് കല്ലേലി കാവ്. അങ്ങ് വടക്ക് ഇടുക്കി കുറിഞ്ഞിമല, തേനി മുതൽ തെക്ക് അഗസ്ത്യമല വരെയുള്ള ചെറുതും വലുതുമായ 999 മലകളുടെ പ്രഭു സ്ഥാനീയനായി ഗോത്രങ്ങൾ കണക്കാക്കുന്ന ഊരാളി അപ്പൂപ്പനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഊരാളി അപ്പൂപ്പന്റെ അമ്മയായ ഊരാളി അമ്മൂമ്മയെയും ഇവിടെ ഭക്തിയോടെ ആരാധിച്ചുവരുന്നു.

ഗോത്ര / ദ്രാവിഡ ആരാധനാമൂർത്തിയായ വളയത്ത് ഊരാളി എന്ന ദൈവത്തിന്റെയും അച്ചൻകോവിൽ വനമേഖലയിൽ ആരാധിക്കപ്പെടുന്ന മലദൈവങ്ങളായ കോടമല തേവരുടെയും കൽച്ചിറ ഉടയോന്റെയും, തമിഴ് കാവൽ ദൈവമായ കറുപ്പ് സ്വാമിയുടെയും പ്രതിപുരുഷനായും പ്രകൃതിയുടെ മൂർത്തീഭാവമായും സർവ്വചരാചരങ്ങളുടെയും നാഥനായും അപ്പൂപ്പനെ സങ്കൽപ്പിക്കുന്നു.

വളയത്ത് ഊരാളി, കോടമല തേവർ, കൽച്ചിറ ഉടയോൻ എന്നിവർ ഗോത്ര മൂപ്പന്മാർ ആയിരുന്നുവെന്നും മലദൈവങ്ങളുടെ പ്രതിപുരുഷന്മാർ ആയിരുന്നുവെന്നും പറയപ്പെടുന്നു. എന്നാൽ ഇവർ മലദൈവങ്ങൾ ആയിരുന്നുവെന്നുള്ള പക്ഷക്കാരും ഉണ്ട്. കേരളമെമ്പാടുമുള്ള അപ്പൂപ്പൻ, അമ്മൂമ്മ സങ്കല്പങ്ങൾ നാടോടി, ഗോത്ര, ദ്രാവിഡ ആരാധനയുടെ ചുവടുപിടിച്ചുള്ളതാണ്. ആര്യ-ദ്രാവിഡ രീതിയിലേക്ക് മാറാത്ത ഇടങ്ങളിൽ… കൂടുതൽ പഠനങ്ങൾ ആവശ്യമുള്ള വിഷയമാണിത്.

ഗോത്ര-ദ്രാവിഡ ആരാധനയുടെ തനിമയും പാരമ്പര്യവും
കല്ലേലിക്കാവിലെ ആരാധനാ രീതികൾ തികച്ചും വ്യതിരിക്തവും പ്രാചീനവുമാണ്. താളത്തിൽ വിളിച്ചുചൊല്ലിയുള്ള പ്രാർത്ഥനകളാണ് ഇവിടുത്തെ പ്രധാന ആചാരം. ഒരേസമയം നാടോടി / ഗോത്ര ആചാരവും, ദ്രാവിഡ രീതികളും, ആര്യ സമാഗമത്തിന് ശേഷം ഉടലെടുത്ത ആര്യ-ദ്രാവിഡ സങ്കൽപ്പവും ഈ കാവിൽക്കാണാം.

മലകളെയും, മരങ്ങളെയും, മഴയെയും, ഇടിമിന്നലിനെയും, തീയേയും, നാഗങ്ങളെയും, പ്രത്യേകതകളുള്ള മൃഗങ്ങളെയും, അസുഖങ്ങൾ പരത്തുന്ന പ്രേത-പിശാചുക്കളെയും ഭയന്ന് അവയ്ക്ക് പൂജനീയ സ്ഥാനം കൽപ്പിച്ച് വിളിച്ച് ചൊല്ലിയിരുന്ന ഗോത്ര രീതികളും, പിന്നീട് അവർക്കെല്ലാം ദൈവീകപ്പേരുകൾ നൽകി അമ്മനായും, ചാത്തനായും, കാവൽ ദേവതകളായും കണ്ടിരുന്ന ദ്രാവിഡ രീതികളും, ആര്യ-ദ്രാവിഡ സമന്വയത്തിൽ ഉരുത്തിരിഞ്ഞ ദേവതാ സങ്കല്പങ്ങളായും അനേകം സൂക്ഷ്മ രൂപികൾ ഈ കാവിൽ വസിക്കുന്നു എന്നാണു വിശ്വാസം.

പ്രകൃതീ ദേവത, നാഗരാജൻ, നാഗയക്ഷി, കൊച്ചുകുഞ്ഞ് അറുകല, ഭാരത പൂങ്കുറവൻ, ഭാരത പൂങ്കുറത്തി എന്നിങ്ങനെ നാടോടി/ഗോത്ര ശൈലികളും, യക്ഷിയമ്മ, കുട്ടിച്ചാത്തൻ, ആദ്യ ഉരു മണിയൻ, ആശാന്മാർ, പിതൃക്കന്മാർ, വടക്കൻ ചേരി വല്യച്ഛൻ എന്നിങ്ങനെ ദ്രാവിഡ ശൈലികളും, ഹരിനാരായണൻ, പരാശക്തി, വനദുർഗ്ഗ, ഗണപതി എന്നിങ്ങനെ ആര്യദ്രാവിഡ ശൈലികളും ഈ കാവിന്റെ പ്രത്യേകതകളാണ്. പല ദേവതകളുടെയും ഗോത്ര അല്ലെങ്കിൽ ദ്രാവിഡ ബന്ധങ്ങൾ വേർതിരിച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.

ഇടുക്കി ഡാമുമായി ബന്ധപ്പെട്ട കുറവന്‍ കുറത്തി മലകളുടെ സംരക്ഷണവിശ്വാസമായാണ് ഭാരത പൂങ്കുറവൻ, ഭാരത പൂങ്കുറത്തി എന്നീ സ്ഥാനങ്ങൾ ഇവിടെ നൽകിയിരിക്കുന്നത് എന്ന് കരുതപ്പെടുന്നു.

കല്ലേലി കാവിലെ പ്രധാന വഴിപാടുകളും, ആചാരങ്ങളും, സാമുദായിക ബന്ധങ്ങളും
ഊരാളി അപ്പൂപ്പന് ഏറ്റവും പ്രിയപ്പെട്ട വഴിപാടായി കണക്കാക്കുന്നത് താംബൂല സമർപ്പണമാണ്. വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, പുകയില എന്നിവയോടൊപ്പം നാണയവും തെങ്ങിൽ കള്ളും ചേർത്താണ് താംബൂലം സമർപ്പിക്കുന്നത്. മനമുരുകി പ്രാർത്ഥിച്ചാൽ ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടുമെന്ന് ഭക്തർ വിശ്വസിക്കുന്നു.
കല്ലേലിക്കാവിന് ബാധകമല്ലെങ്കിലും കേരളത്തിൽ ഊരാളി എന്ന പേരിൽ ഒരു വിഭാഗം നിലവിലുണ്ട്. കേരളപ്രദേശത്തെ ഏറ്റവും പുരാതന ഗോത്രവിഭാഗങ്ങളായ ചോലനായ്ക്കൻ, കാട്ടുനായ്ക്കൻ, കാടർ, കുറുമ്പർ, കൊറഗർ (All – Particularly Vulnerable Tribal Group (PVTG)), ഇരുളർ, മലമ്പണ്ടാരം എന്നിവരിൽ കുറുമ്പരുടെ പിൻഗാമികളായവർ ആണ് ഊരാളിമാർ എന്ന സാധ്യമായ ഒരു വാദം നിലനിൽക്കുന്നുണ്ട്. എന്നാൽ വലിയ പഠനം നടന്നിട്ടില്ല.

തലവനായ, ആചാര-പാരമ്പര്യ പദവിയുള്ള കാണിക്കാരനും പ്ലാത്തിയെന്നും, മുരിഞ്ഞിയെന്നും വിളിക്കപ്പെട്ടിരുന്ന വൈദ്യനും ഒക്കെ ഈ വിഭാഗത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇതേ ഊരാളിവിഭാഗവും, ഊരാളി, ഒരേസമയം നേതാവായും പൂജാരിയായും ഉള്ള കുറവസമുദായവും തമ്മിലുള്ള ബന്ധം പഠനവിഷയമാകേണ്ടതാണ്.
കല്ലേലിക്കാവിൽ കുറവസമുദായം പിന്തുടർന്ന് വന്ന പൂജാരീതികളും അവരുടെ പൂജാരിയായ ഊരാളിയും ആണ് കാണപ്പെടുന്നത്. ദൈവികഭാവമായ മലകളും, സമുദായ ആചാര്യനായ അപ്പൂപ്പനും ഒന്നായി മാറപ്പെടുന്ന അപൂർവ്വ ആരാധനാബന്ധം.

കീഴ്‌ക്കോടതികളിലും ഹൈക്കോടതിയിലും 2010-11 കാലത്ത് അന്നത്തെ കാവുനടത്തിപ്പുകാരും കുറവ സമുദായത്തിലെ ചില വ്യക്തികളും തമ്മിൽ കാവിന്റെ നടത്തിപ്പ് അവകാശത്തിന് വേണ്ടി നിയമ വ്യവഹാരം നടന്നിരുന്നു. വ്യക്തികളുടെ വ്യവഹാരം തള്ളിപ്പോയി എന്നാണു മനസ്സിലാക്കുന്നത്. അച്ചൻകോവിൽ ക്ഷേത്രത്തിന് വേണ്ടി കുറവസമുദായം നൽകിയ സംഭാവനകൾക്ക് പകരമായി അന്നത്തെ പന്തളം രാജകൊട്ടാരം സമുദായത്തിന് ഗോത്ര-ദ്രാവിഡ രീതിയിലുള്ള ആരാധനാസ്ഥലം നിർമ്മിക്കാൻ അനുവാദം കൊടുത്തിരുന്നു എന്നും അതാണ് കല്ലേലിക്കാവ് എന്നും വ്യവഹാരത്തിൽ സ്റ്റേറ്റ്‌മെന്റ് ആയി കൊടുത്തിരിക്കുന്നു.

നാടോടി-ഗോത്ര-ദ്രാവിഡ-ആര്യദ്രാവിഡ ഒത്തുചേരൽ
നാഗാ ഗോത്രം എന്നൊരു പേര് കല്ലേലിക്കാവിൽ ഉപയോഗിക്കുന്നതായി കണ്ടു, നാടോടി-ഗോത്ര-ദ്രാവിഡ-ആര്യദ്രാവിഡ ഒത്തുചേരൽ അല്ലേ ശരി എന്നൊരു ചോദ്യം ഉയരാം. ഒരുപക്ഷെ മുൻപ് ശ്രീലങ്കയിലും തെക്കേ ഇന്ത്യയിലും ഉണ്ടായിരുന്ന, നാഗാ ഗോത്രത്തെ (അർദ്ധദിവ്യ സർപ്പാരാധകർ) ഉൾപ്പെടുത്തി പറയുന്നതാകാം. കാര്യമായ പഠനങ്ങളും നടന്നിട്ടില്ല.

കുറവസമുദായം നാഗാഗോത്രത്തിന്റെ പിരിവാണ് എന്നും സംഘ (ചങ്ക) കാലത്ത് കുറവർ കുറിഞ്ഞിത്തിണയുടെ അധിപരായിരുന്നുവെന്നും സംഘകാലത്ത് എല്ലാത്തിലും മുന്നിട്ടുനിന്നിരുന്നത് ഇവരായിരുന്നുവെന്നും പല ചരിത്ര ആഖ്യാനങ്ങളും ചൂണ്ടിക്കാട്ടുന്നു. അവരിൽ മുഖ്യൻ ഊരാളി എന്ന നാമധേയത്തിലാണ് അറിയപ്പെട്ടിരുന്നതെന്നും കാണപ്പെടുന്നു.
കല്ലേലിക്കാവിലെ അടിസ്ഥാന ആചാരരീതിയെ കുലാചാരം (പാരമ്പര്യമായി പിന്തുടർന്നുവരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും) ആയിത്തന്നെയാണ് കാണേണ്ടത്. അപ്പൂപ്പനും അമ്മൂമ്മക്കും മറ്റു ഗോത്രരൂപികൾക്കും ഒക്കെ കുലാചാരക്രിയകൾ തന്നെയാകും നടക്കപ്പെടുക. എന്നാൽ കൗള (ശാക്തേയതാന്ത്രികമോ സിദ്ധതാന്ത്രികമോ ആകാം) രീതിയിലുള്ള സമ്പ്രദായവും ചില പൂജകളിൽ ആചരിക്കുന്നുണ്ട് എന്ന് പറയുന്നത് ശ്രദ്ധിച്ചിരുന്നു.

കൗളഗണപതി എന്ന കരിഗണപതി ഇത്തരമൊരു താന്ത്രിക ആചാരത്തിന്റെ ഭാഗമാണ്. ഉച്ചിഷ്‌ഠഗണപതി എന്ന താന്ത്രികത്തിലേക്ക് അതുയർന്നിട്ടുമില്ല. ഒരു പക്ഷെ അതായിരിക്കാം നല്ലത്. കാരണം വാമാചാര കൗളതാന്ത്രികത്തിൽ ഉച്ചിഷ്‌ഠ രൂപത്തിൽ പഞ്ചമകാരങ്ങൾ എന്ന മദ്യം, മാംസം, മത്സ്യം, മുദ്ര, മൈഥുനം എന്നിവ ഒഴിവാക്കാൻ കഴിയില്ല.
കാപാലിക സമ്പ്രദായത്തിലെ വാമാചാര രീതികൾ എങ്ങനെ പിൽക്കാലത്ത് ഗോത്ര / ദ്രാവിഡ രീതികളുമായി ഇഴുകിച്ചേർന്നു എന്നുള്ളത് കൗതുകകരമായ വസ്തുതയാണ്. അങ്ങനെ ഇഴുകിച്ചേരലുകൾ നടന്നിട്ടുണ്ട് എന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാൽ തെക്കേ ഇന്ത്യയിലെ കൗള സമ്പ്രദായം പൂർണ്ണമായും വാമാചാരത്തെ മാത്രം പിന്തുടരുന്നില്ല. പ്രാദേശികമായ ആചാരങ്ങളുമായി ചേർന്ന് ദക്ഷിണാചാര രീതികളോടും മിശ്ര രീതികളോടുമാണ് ഇതിന് കൂടുതൽ ചായ്‌വ് കാണിക്കുന്നത്.
സമ്പ്രദായം എന്നതിലുപരി കൗളാചാരം എന്ന വാക്കാകാം ഇവിടെ കൂടുതൽ യോജിക്കുക. കൗളാചാരത്തിന്റെ മറ്റൊരു പിരിവാണ് ചാവാരാധന. ഇത് ചാവരുകാവുകളിൽ ആണ് കൂടുതലും നടക്കുന്നത്.

പ്രകൃതിയെ ആരാധിക്കുന്ന കല്ലേലി കാവ്
പ്രകൃതി സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകുന്ന ആരാധനാക്രമങ്ങളാണ് കല്ലേലി കാവിലേത്. ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ, പക്ഷി മൃഗാദി പൂജകൾ എന്നിവ പ്രകൃതിയോടുള്ള മനുഷ്യന്റെ കടമയെ ഓർമ്മിപ്പിക്കുന്നു. അച്ചൻകോവിലാറ് കാവിനെ തഴുകി ഒഴുകുന്നതും, കാടിന്റെ വന്യ സൗന്ദര്യവും കല്ലേലി കാവിന് കൂടുതൽ ഭംഗിയേകുന്നു.

കല്ലേലി കാവിലെ പൂജകളും, കലാരൂപങ്ങളും, ഉത്സവങ്ങളും
കുംഭപ്പാട്ട്, ഭാരതക്കളി, തലയാട്ടം കളി, പടേനി, മുടിയാട്ടം, കമ്പുകളി തുടങ്ങിയ ദ്രാവിഡ-ഗോത്ര കലാരൂപങ്ങൾക്ക് ഇന്നും കല്ലേലിക്കാവിൽ വലിയ സ്ഥാനമുണ്ട്. ഈ കലാരൂപങ്ങൾ കാവിലെ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അവിഭാജ്യ ഘടകമാണ്. പ്രകൃതിയോടുള്ള ആദരവ് വിളിച്ചോതുന്ന ആനയൂട്ട്, നാഗമൂട്ട്, വാനരയൂട്ട്, മീനൂട്ട് തുടങ്ങിയ വഴിപാടുകളും ഇവിടുത്തെ പ്രത്യേകതയാണ്. സസ്യങ്ങൾക്കും ജന്തുജാലങ്ങൾക്കും നൽകുന്ന ഈ അന്നദാനം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നു.

പൂജകളുടെയും, ബലികളുടെയും ഭാഗമായി ചില വനവിഭവങ്ങളും ചുട്ടും പൊടിയാക്കിയും ഉപയോഗിക്കാറുണ്ട്. നൂറകൻ, മടിക്കിഴങ്ങ്, മാന്തൾ, പനമ്പൊടി, ചെക്കർ, കൊത്തയം ചേന മുതലായ വനവിഭവങ്ങളോടൊപ്പം സാധാരണയായുള്ള കിഴങ്ങുവർഗ്ഗങ്ങളും കാണാം.
ഉത്സവവുമായി ബന്ധപ്പട്ട് കല്ലേലി വിളക്കും, ആദിത്യ പൊങ്കാലയും, കരിക്ക് പടേനിയും, കാവിന്റെ പടികളുടെ പൂജയും, മലക്കൊടി എഴുന്നള്ളത്തും ഉണ്ടാകും. വെള്ളം കുടി, നിവേദ്യം, ആഴിപൂജ എന്നീ ആചാരങ്ങളും കല്ലേലിക്കാവിൽ നടക്കുന്നു. നിത്യവും അന്നദാനം നടക്കുന്ന കാവാണിത്.

ശബരിമല കഴിഞ്ഞാൽ പറകൊട്ടിപ്പാട്ട് നടക്കുന്ന ഇടങ്ങളിൽ ഒന്ന് കല്ലേലി കാവാണ്. അമ്പലപ്പുഴ പള്ളിപ്പാനയിലും പറകൊട്ടിപ്പാട്ട് നടക്കാറുണ്ട്. ഇത് ശനിദോഷമകറ്റാൻ ഉത്തമമാണെന്ന് കരുതപ്പെടുന്നു. എല്ലാ സമയത്തും ഭക്തർക്കായി നട തുറന്നിട്ടിരിക്കുന്നു എന്നതും കല്ലേലിക്കാവിന്റെ സവിശേഷതയാണ്. എപ്പോൾ വേണമെങ്കിലും എത്തിച്ചേർന്ന് പ്രാർത്ഥിക്കാനുള്ള സൗകര്യം ഭക്തർക്ക് ആശ്വാസമേകുന്നു.
വിഷുവിന് ആരംഭിച്ച് പത്താമുദയത്തിന് സമാപിക്കുന്ന ഉത്സവം, മണ്ഡല-മകരവിളക്ക് കാലം എന്നിവയാണ് ഇവിടുത്തെ പ്രധാന ആചാര ദിനങ്ങൾ. ഈ സമയങ്ങളിൽ ദൂര ദേശങ്ങളിൽ നിന്ന് പോലും നിരവധി ഭക്തർ ഇവിടേക്ക് എത്തിച്ചേരുന്നു.

കല്ലേലി അപ്പൂപ്പന്റെ അമ്മയുടെ നാട് മണ്ണടി ആണെന്നും അപ്പൂപ്പൻ ജനിച്ചത് അവിടെയാണെന്നുമുള്ള വിശ്വാസവും നിലവിലുണ്ട്. മണ്ണടിയിൽ ഇത്തരത്തിൽ കല്ലേലി അപ്പൂപ്പൻ മലനട എന്ന പേരിൽത്തന്നെ ഒരു കാവുമുണ്ട്.
കാവ് സങ്കൽപ്പത്തിൽ നിന്നും ക്ഷേത്ര സങ്കൽപ്പത്തിലേക്ക് ?
ചില വിഷമതകളും കോന്നി കല്ലേലിക്കാവിൽ കാണാനിടയായി. കാവ് സങ്കല്പം എന്ന നിലയിൽ നിന്നും ക്ഷേത്രസങ്കല്പം എന്ന നിലയിലേക്ക് കാവ് മാറുന്നത് വളരെ പ്രകടമായി അവിടെ കാണാൻ കഴിയും. പഴമയുടെ തനിമയും അതിലെ കുളിർമ്മയും ശാന്തതയും, അലങ്കാരപ്പണികളാലും ചിത്രപ്പണികളാലും കൈമോശം വരുന്നതായി എനിക്ക് തോന്നി.

ഉദാഹരണമായി പറഞ്ഞാൽ, ഉരുമണിയന്റേയും, പരാശക്തിയുടെയും, വനദുർഗ്ഗയുടെയും കൊച്ചുകുഞ്ഞ് അറുകലയുടെയും ഒക്കെ ബിംബ പ്രതീകങ്ങൾ ശ്രദ്ധിക്കാതെ അതിന് പിറകിലായി പണിഞ്ഞിരിക്കുന്ന വലിയ ചിത്രാലങ്കാരത്തിൽ നോക്കി കൈകൂപ്പി പ്രാർത്ഥിക്കുന്നവരെ ധാരാളമായി കണ്ടിരുന്നു. ഇത്തരം അലങ്കാര ചിത്രപ്പണികൾ ആരാധനയുടെ മഹത്വത്തെ വഴിതിരിച്ച് വിടുന്നതായി ശ്രദ്ധിക്കുന്നവർക്ക് മനസ്സിലാകും.

എങ്കിലും പ്രകൃതിയോടുള്ള ആദരവ്, പൂർവ്വികരുടെ ആചാരങ്ങൾ, ഗോത്ര സംസ്കൃതിയുടെ തനിമ, മാനവിക ഐക്യം എന്നിവയെല്ലാം ഒരുമിച്ച് ചേരുന്ന ഒരു പുണ്യഭൂമിയായ കല്ലേലിക്കാവിലെ ഓരോ ശിലയിലും, വൃക്ഷത്തിലും, കാറ്റിലുമെല്ലാം അപ്പൂപ്പന്റെയും മറ്റു ശാക്തിക സൂക്ഷ്മരൂപികളുടെയും സാന്നിദ്ധ്യം നിറഞ്ഞുനിൽക്കുന്നതായി ഭക്തർ വിശ്വസിക്കുന്നു. ആധുനിക ലോകത്തിന്റെ തിരക്കുകളിൽ നിന്നും മാറി പ്രകൃതിയുടെ മനോഹാരിതയിൽ, ആത്മീയ നിർവൃതി തേടിയെത്തുന്ന ഏതൊരാൾക്കും കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഒരു അഭയവും ആശ്രയവുമാണ്.
✍️ ജയൻ കൂടൽ
Profile link: https://www.facebook.com/jayan.koodal.siju/
Website: https://jkdrive.in/
Summary: Kalleli Oorali Appooppan Kavu
Kalleli Kavu, rooted in myth and history, is a significant tribal and Dravidian place of worship located in the Achankovil forest area of Konni, Pathanamthitta, Kerala. The principal deity is Oorali Appooppan, revered by tribal communities as the lord of 999 hills. Oorali Ammumma, his mother, is also devoutly worshipped here. Appooppan is seen as a representation of various mountain deities and nature itself, including Valayath Oorali, Kodamala Thevar, Kalchira Udayon, and Karuppu Swamy.

The worship methods at Kalleli Kavu are distinct and ancient, characterized by rhythmic chanting. It blends folk/tribal customs, pure Dravidian practices, and concepts that arose from Aryan-Dravidian synthesis. Deities range from nature spirits and Nagas to figures like Yakshiyamma, Kuttichathan, and later additions like Hari Narayanan, Parasakthi, and Ganapathi, reflecting layers of beliefs. There is a strong connection to the Kurava community, who traditionally followed the priestly role of Oorali here, creating a rare bond between mountain deities and community elders.

Offerings include the favored Thamboolam, nature conservation pujas for earth, trees, water, and animals, and feeding rituals. Traditional art forms like Padeni and Parakottippattu are integral to the rituals. Kalleli Kavu is unique for its daily Annadanam and round-the-clock accessibility for devotees. While some modern changes lean towards a temple aesthetic, the essence remains a sacred space honoring nature, ancestry, and tribal culture, offering spiritual solace amidst natural beauty.
