കാശ്മീർ: ചരിത്രവും ഇന്നത്തെ അവസ്ഥയും!
ദക്ഷിണേഷ്യയുടെ രാഷ്ട്രീയ ഭൂമികയിൽ സങ്കീർണ്ണമായ ഒരു ചരിത്രത്തിന്റെ ഉടമയാണ് ജമ്മു കാശ്മീർ. വിഭജനം, യുദ്ധങ്ങൾ, ദീർഘകാല പ്രാദേശിക തർക്കങ്ങൾ, ഭൗമ-രാഷ്ട്രീയപരമായ ഇടപെടലുകൾ, ബ്രിട്ടീഷ് കൊളോണിയൽ താൽപ്പര്യങ്ങൾ എന്നിവയെല്ലാം ഈ പ്രദേശത്തിന്റെ ഭൂരാഷ്ട്രീയ ചരിത്രത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന ഈ പ്രദേശം, 1947-ലെ പാകിസ്ഥാൻറെ സൈനികാധിനിവേശത്തിനും (ഇന്നത്തെ പാക് അധീന കാശ്മീർ) സാക്ഷ്യം വഹിച്ചു. Kashmir history and current situation

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ തന്ത്രപരമായ നീക്കങ്ങൾ, ഇന്ത്യ-പാക് സംഘർഷങ്ങൾ, ചൈനയുടെ (അവസരവാദ) വികാസ താൽപ്പര്യങ്ങൾ എന്നിവയെല്ലാം ഈ പ്രദേശത്തിൻ്റെ ഇന്നത്തെ അവസ്ഥയെ നിർണ്ണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു. ഇത്രയധികം സംഘർഷങ്ങൾ നിലനിന്നിട്ടും, തന്ത്രപരമായ രാഷ്ട്രീയ / സൈനിക ഇടപെടലുകളിലൂടെ ഇന്ത്യൻ യൂണിയൻ കാശ്മീരിനെ സംരക്ഷിച്ചു പോരുന്നു.
കാശ്മീരിന്റെ രാഷ്ട്രീയ ഭൂമിക
വിശാലമായ കാശ്മീരിനെ അഞ്ചു ഭാഗങ്ങളായി കണക്കാക്കിയാൽ, അതിൽ ജമ്മു – കാശ്മീർ – ലഡാക്ക്, സിയാച്ചിൻ ഹിമാനി, അക്‌സായി ചിൻ പ്രദേശം, ട്രാൻസ്-കാരക്കോറം ട്രാക്റ്റ്, പാക് അധീന കാശ്മീർ എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയെ സംബന്ധിച്ച് ഇതെല്ലാം കൂടി ജമ്മു – കാശ്മീർ – ലേ – ലഡാക്ക് പ്രദേശമാണ്. മറ്റ് ഡെക്കറേഷന്റെ ആവശ്യം അവിടെ വരുന്നില്ല.
19-ാം നൂറ്റാണ്ടിൻ്റെ മധ്യം വരെ, “കശ്മീർ” എന്ന പദം ഹിമാലയത്തിനും പീർ പഞ്ചാൽ മലനിരകൾക്കും ഇടയിലുള്ള കശ്മീർ താഴ്‌വരയെ മാത്രമാണ് സൂചിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട്, ഈ പ്രദേശം വികസിക്കുകയും ഇന്ന് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ജമ്മു-കശ്മീർ, ലഡാക്ക്, സിയാച്ചിൻ ഹിമാനി, പാകിസ്താൻ്റെ നിയന്ത്രണത്തിലുള്ള ആസാദ് കശ്മീർ, ഗിൽഗിത്-ബാൾട്ടിസ്ഥാൻ (ഇവ രണ്ടും പാക് അധിനിവേശ കാശ്മീർ എന്ന് അറിയപ്പെടുന്നു), ചൈനയുടെ നിയന്ത്രണത്തിലുള്ള അക്സായി ചിൻ, ട്രാൻസ്-കാരക്കോറം ട്രാക്റ്റ് (ഷക്സ്ഗാം താഴ്‌വര ഉൾപ്പെടെ) എന്നിവ ഉൾക്കൊള്ളുന്ന ഒരു വലിയ ഭൂഭാഗമായി മാറുകയും ചെയ്തു.
നാട്ടുരാജ്യം മുതൽ തർക്കഭൂമി വരെ: ജമ്മു കാശ്മീരിന്റെ പരിണാമം
ഈ പ്രദേശത്തിന് സങ്കീർണ്ണമായ ഒരു ചരിത്രമുണ്ട്. ഹിന്ദു, ബുദ്ധ, മുസ്ലീം ഭരണാധികാരികൾ, മുഗളന്മാർ, അഫ്ഗാനികൾ, സിഖുകാർ തുടങ്ങി വിവിധ സാമ്രാജ്യങ്ങളും രാജവംശങ്ങളും ഈ പ്രദേശം ഭരിച്ചിട്ടുണ്ട്.
1846-ലെ ലാഹോർ ഉടമ്പടിക്ക് ശേഷം ഉണ്ടായ അമൃത്സർ ഉടമ്പടി പ്രകാരം ബ്രിട്ടീഷുകാരിൽ നിന്ന്, ഗുലാബ് സിംഗ്, കാശ്മീർ താഴ്വര 75 ലക്ഷം രൂപക്ക് വിലയ്ക്ക് വാങ്ങിയതോടെയാണ് ജമ്മു കാശ്മീരിന്റെ ആധുനിക ചരിത്രത്തിന് വഴിത്തിരിവുണ്ടാകുന്നത്.
ഈ ഉടമ്പടിയോടെ, ഗുലാബ് സിംഗിന്റെ ഭരണത്തിൻ കീഴിലായിരുന്ന ജമ്മുവും, പുതുതായി അദ്ദേഹം കൂട്ടിച്ചേർത്ത കശ്മീരും, മുൻപ് അദ്ദേഹത്തിന്റെ സൈന്യം കീഴടക്കിയ ലഡാക്കും ഔദ്യോഗികമായി ജമ്മു കാശ്മീർ എന്ന നാട്ടുരാജ്യത്തിന്റെ കീഴിൽ ഏകീകരിക്കപ്പെട്ടു. ഈ ഉടമ്പടി ഗുലാബ് സിംഗിനെ ജമ്മു കാശ്മീരിന്റെ ആദ്യത്തെ മഹാരാജാവായി വാഴിച്ചു.
സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മഹാരാജാ ഹരി സിംഗ് ആയിരുന്നു ജമ്മു കാശ്മീരിന്റെ ഭരണാധികാരി. എന്നാൽ, ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനത്തോടെ ഇന്ത്യയും പാകിസ്ഥാനും രൂപീകരിക്കപ്പെട്ടപ്പോൾ, കാശ്മീരിന്റെ ഭാവി നിർണ്ണായകമായ ഒരു ചോദ്യചിഹ്നമായി മാറി.
പാക് അധീന കാശ്മീരും ഇന്ത്യയുടെ പോരാട്ടവും
1947-ൽ ഇന്ത്യയും പാകിസ്ഥാനും രൂപീകരിക്കപ്പെട്ടപ്പോൾ, അതിർത്തി ഭാഗങ്ങളിലെ നാട്ടുരാജ്യങ്ങൾക്ക് ഒന്നുകിൽ ഇന്ത്യയിലോ അല്ലെങ്കിൽ പാകിസ്ഥാനിലോ ചേരാനോ അതുമല്ലെങ്കിൽ സ്വതന്ത്രമായി നിൽക്കാനോ ഉള്ള അവസരം ലഭിച്ചു. മഹാരാജാ ഹരി സിംഗ് ആദ്യം സ്വതന്ത്രമായി നിൽക്കാനാണ് ആഗ്രഹിച്ചത്. എന്നാൽ, പാകിസ്താൻ പിന്തുണച്ച പഷ്ത്തൂൺ ഗോത്രവർഗ്ഗക്കാർ കാശ്മീരിലേക്ക് അതിക്രമിച്ചു കയറിയതോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു.
ഈ സാഹചര്യത്തിൽ, മഹാരാജാ ഹരി സിംഗ് ഇന്ത്യയുടെ സഹായം അഭ്യർത്ഥിക്കുകയും, 1947 ഒക്ടോബർ 26-ന് ഇൻസ്ട്രുമെന്റ് ഓഫ് അക്സെഷനിൽ ഒപ്പുവയ്ക്കുകയും ചെയ്തു. ഇതിലൂടെ ജമ്മു കാശ്മീർ ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമായി മാറി. ഇന്ത്യൻ സൈന്യം ഉടൻതന്നെ കാശ്മീരിലെത്തി ആക്രമണകാരികളെ തുരത്താൻ തുടങ്ങി. ഈ സംഭവം 1947-ലെ ഇന്ത്യാ-പാക് യുദ്ധത്തിന് കാരണമായി. എന്നാൽ, ഇന്ത്യക്ക് പൂർണ്ണമായും അവരെ തുരത്താൻ സാധിച്ചില്ല.

1948-ൽ ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെത്തുടർന്ന് വെടിനിർത്തൽ പ്രഖ്യാപിച്ചു. ഈ വെടിനിർത്തൽ രേഖ പിൽക്കാലത്ത് CFL ആകുകയും പിന്നീട് Line of Control – LoC ആയി മാറുകയും ചെയ്തു. ഭാവിയിലെ തർക്കങ്ങൾ സാധ്യമാക്കുന്നതിനായി ബ്രിട്ടീഷ് മനഃപൂർവ്വം നടത്തിയ ഒരു തന്ത്രമായിരുന്നു ഈ അവ്യക്തത നിറഞ്ഞ അതിർത്തി നിർണ്ണയം. LoC ക്ക് മുൻപായി CFL (CeaseFire Line) എന്ന ലൈൻ NJ 9842 വരെ മാത്രമേ അടയാളപ്പെടുത്തിയിട്ടുള്ളൂ. അവിടെ നിന്ന് വടക്ക് ഹിമാനികൾ വരെ എന്ന് അവ്യക്തമായി പ്രസ്താവിച്ചത് ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കി. സ്കെച്ച് പേന ഉപയോഗിച്ച് വീതിയുള്ള വരകൾ ഭൂപടത്തിൽ കോറിയിട്ടതുപോലും ബ്രിട്ടീഷ് ഗൂഡാലോചനയുടെ ഭാഗം ആണെന്നാണ് കണക്കാക്കപ്പെടുന്നത് . 1972-ലാണ് CFL, LoC എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.
1947-ൽ ഇന്ത്യൻ ഉപഭൂഖണ്ഡം വിഭജിക്കപ്പെട്ടതു മുതൽ കശ്മീർ പ്രദേശം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കവിഷയമാണ്. ഇരു രാജ്യങ്ങളും ഈ മുഴുവൻ പ്രദേശവും തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നു. ഇത് നിരവധി യുദ്ധങ്ങൾക്കും ഇപ്പോഴും നിലനിൽക്കുന്ന സംഘർഷങ്ങൾക്കും കാരണമായിട്ടുണ്ട്.
കാശ്മീർ തർക്കത്തിന്റെ മറ്റ് മുഖങ്ങൾ
1971 ലെ യുദ്ധത്തിനുശേഷം സ്ഥാപിതമായ നിയന്ത്രണ രേഖ (Line of Control – LoC) ഇന്ത്യൻ, പാകിസ്ഥാൻ നിയന്ത്രിത പ്രദേശങ്ങളെ വേർതിരിക്കുന്നു. എന്നിരുന്നാലും, ഈ രേഖയെ ഒരു അന്താരാഷ്ട്ര അതിർത്തിയായി ഇരു രാജ്യങ്ങളും അംഗീകരിക്കുന്നില്ല. ലഡാക്കിനോട് ചേർന്നുള്ള അക്സായി ചിൻ എന്ന പ്രദേശം ചൈനയുടെ നിയന്ത്രണത്തിലാണ്. ആ അതിർത്തിരേഖക്ക് Line of Actual Control (LAC) എന്നാണ് പേര്.
ജമ്മു കശ്മീരിലെ പാകിസ്ഥാൻറെ ആക്രമണത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് സുപ്രധാനമായ പങ്കുണ്ടായിരുന്നു. അന്നത്തെ ഇന്ത്യൻ ഗവർണർ ജനറലായിരുന്ന ലോർഡ് മൗണ്ട്ബാറ്റൺ, ഇന്ത്യൻ ആർമിയുടെ കമാൻഡർ-ഇൻ-ചീഫ് ജനറൽ ലോക്ക്ഹാർട്ട്, പാകിസ്ഥാൻ ആർമിയുടെ കമാൻഡർ-ഇൻ-ചീഫ് ജനറൽ ഡഗ്ലസ് ഗ്രേസി എന്നിവർ ഈ സംഭവവികാസങ്ങളിൽ നിർണ്ണായക വ്യക്തികളായിരുന്നു. പ്രധാനമന്ത്രി നെഹ്‌റുവിനെ അറിയിക്കാതെ, പാകിസ്ഥാൻ ആർമിയിലെ പരിശീലനം ലഭിച്ചവരും ആയുധധാരികളുമായ “റസാക്കർമാരെ” ഉപയോഗിച്ച് കശ്മീർ ആക്രമിക്കാനുള്ള പാകിസ്ഥാൻറെ പദ്ധതിയെക്കുറിച്ച് മുഹമ്മദാലി ജിന്നയ്ക്ക് അറിവുണ്ടായിരുന്നു.
അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലിയായിരുന്നെങ്കിലും, വിൻസ്റ്റൺ ചർച്ചിലിൻ്റെ സ്വാധീനം ഈ വിഷയത്തിൽ ശ്രദ്ധേയമായിരുന്നു. ഇന്ത്യയും പാകിസ്ഥാനും പരസ്പരം യുദ്ധം ചെയ്യാൻ അനുവദിക്കുകയും, അതേസമയം “ഇന്ത്യയുടെ ഒരു ഭാഗം” പാകിസ്ഥാനിൽത്തന്നെ നിലനിർത്തുകയും ചെയ്യണമെന്ന അദ്ദേഹത്തിൻ്റെ നിർദ്ദേശം, ഇരു രാജ്യങ്ങളെയും ദീർഘകാല സംഘർഷത്തിൽ നിലനിർത്തുക എന്ന തന്ത്രപരമായ ലക്ഷ്യത്തോടെയുള്ളതായിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു.

ഇത് വിശദീകരിക്കുന്ന പല പുസ്തകങ്ങളും ഉണ്ട്. “Pakistan Occupied Kashmir” – എസ് ചന്ദ്രശേഖർ, “Pakistan Occupied Kashmir: Changing the Discourse” – ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ്, Facts that Led to the Creation of Pakistan Occupied Kashmir (West of LOC) & China Occupied Kashmir (East of LAC)” – ലെഫ്റ്റനന്റ് ജനറൽ പ്രകാശ് കടോച്ച് (റിട്ട.) ഉദാഹരണങ്ങൾ.
അധിനിവേശ കാശ്മീർ
യുദ്ധം അവസാനിച്ചപ്പോൾ, കാശ്മീരിന്റെ ഏതാണ്ട് പകുതി അടുപ്പിച്ച് പാകിസ്താന്റെ നിയന്ത്രണത്തിലായി. ഈ ഭാഗം ഇന്ന് “പാക്ക് അധിനിവേശ കാശ്മീർ” (POK) എന്ന് അറിയപ്പെടുന്നു. ഇന്ത്യ ഈ പ്രദേശത്തെ തങ്ങളുടെ അവിഭാജ്യ ഘടകമായി കണക്കാക്കുന്നു. പാക്ക് അധീന കാശ്മീരിനെ പാകിസ്ഥാൻ “ആസാദ് കാശ്മീർ” എന്നും ഗിൽഗിത്-ബാൾട്ടിസ്ഥാൻ എന്നും രണ്ടായി തിരിച്ചിരിക്കുന്നു.
ഭൂപടങ്ങളിൽ നമ്മുടെ കാശ്മീരിന്റെ പടിഞ്ഞാറും വടക്കുപടിഞ്ഞാറുമായി വാലുപോലെയുള്ള പ്രദേശമാണ് പാകിസ്ഥാനി ഭാഷയിൽ ആസാദ് കാശ്മീർ. കാശ്മീരിന്റെ വടക്ക് ഭാഗത്തായി കാണുന്ന വലിയ പ്രദേശമാണ് ഗിൽഗിത്-ബാൾട്ടിസ്ഥാൻ. നമ്മുക്ക് ഇത് രണ്ടും ചേർത്ത് ഒരു വാക്കേയുള്ളൂ – പാക് അധിനിവേശ കാശ്മീർ.
കാശ്മീർ സംഘർഷത്തിന്റെ ഭാഗമായി മറ്റ് മൂന്ന് പ്രധാന തർക്കപ്രദേശങ്ങൾ കൂടി നിലവിലുണ്ട്.
സിയാച്ചിൻ ഹിമാനി
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യുദ്ധക്കളം എന്നറിയപ്പെടുന്ന സിയാച്ചിൻ ഹിമാനി, ഇന്ത്യയുടെയും പാകിസ്ഥാന്റെയും ചൈനയുടെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ വേർതിരിക്കുന്നു. 1984-ൽ ഇന്ത്യ നടത്തിയ “ഓപ്പറേഷൻ മേഘദൂത്” എന്ന സൈനിക മുന്നേറ്റത്തിലൂടെയാണ് ഈ തന്ത്രപ്രധാനമായ പ്രദേശം ഇന്ത്യയുടെ നിയന്ത്രണത്തിലായത്. പാകിസ്ഥാൻ ഈ പ്രദേശത്തിന്മേൽ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും, നിലവിൽ സിയാച്ചിൻ ഹിമാനിയും അതിൻ്റെ എല്ലാ പ്രധാന പാതകളും സാൾട്ടോറോ റിഡ്ജിൻ്റെ (Saltoro Ridge) ഉയർന്ന ഭാഗങ്ങളും ഇന്ത്യയുടെ ഭരണത്തിലാണ്. സാൾട്ടോറോ റിഡ്ജിന് പടിഞ്ഞാറുള്ള ഹിമാനിയുടെ താഴ്‌വരകളുടെ നിയന്ത്രണം പാകിസ്ഥാന്റെ കയ്യിലാണ്.
അക്‌സായി ചിൻ
ചരിത്രപരമായ പശ്ചാത്തലം പരിശോധിക്കുമ്പോൾ, അക്‌സായി ചിൻ എന്ന മുഴുവൻ പ്രദേശവും നൂറ്റാണ്ടുകളായി ആരുടേയും നേരിട്ടുള്ള ഭരണത്തിൻ കീഴിലായിരുന്നില്ല എന്ന് കാണാൻ സാധിക്കും. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്നതും, വളരെ ഉയരം കൂടിയതും, ജനവാസമില്ലാത്തതുമായ ഒരു പ്രദേശമായിരുന്നു ഇത്. എന്നിരുന്നാലും, ലഡാക്കിലെയും സിൻജിയാംഗിലെയും ആളുകൾ ഉപ്പിനും വേട്ടയാടാനുമായി ഇടയ്ക്കിടെ ഇവിടെ വന്നിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ പോലും അക്‌സായി ചിൻ യാത്രികരുടെ വിവരണങ്ങളിൽ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. 1895-ൽ കാഷ്ഗറിലെ ബ്രിട്ടീഷ് പ്രതിനിധി ചൈനീസ് ഉദ്യോഗസ്ഥനോട് അക്സായി ചിൻ എന്നത് ലഡാക്കിൻ്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന വളരെ ഉയർന്ന ഒരു പീഠഭൂമിയുടെ പൊതുവായ പേരാണെന്നും, അതിൻ്റെ ഒരു ഭാഗം ചൈനീസ് അധീനതയിലും ഒരു ഭാഗം ബ്രിട്ടീഷ് അധീനതയിലുമായിരിക്കാമെന്നും പറഞ്ഞതായി കാണപ്പെട്ടിട്ടുണ്ട്.
എങ്കിലും, ഇന്ത്യയുടെ വാദം ചരിത്രപരമായ ചില രേഖകളെയും, പ്രത്യേകിച്ച് ബ്രിട്ടീഷ് ഭരണകാലത്തെ അതിർത്തി നിർണ്ണയ രേഖകളെയും ചേർത്ത് അടിസ്ഥാനമാക്കിയുള്ളതാണ്. 1865-ൽ സർവേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായ വില്യം ജോൺസൺ നിർദ്ദേശിച്ച “ജോൺസൺ ലൈൻ” അക്സായി ചിന്നിനെ കാശ്മീരിൻ്റെ ഭാഗമായി കാണിച്ചു. ഈ രേഖ മഹാരാജാവിന് സമർപ്പിക്കുകയും അദ്ദേഹം ഈ പ്രദേശം തൻ്റെതാണെന്ന് അവകാശപ്പെടുകയും ചെയ്തു.
എന്നാൽ, 1893-ൽ ബ്രിട്ടീഷുകാർ “മക്‍ഡൊണാൾഡ് ലൈൻ” എന്ന മറ്റൊരു അതിർത്തി രേഖ നിർദ്ദേശിച്ചു. ഇത് അക്സായി ചിന്നിൻ്റെ ഭൂരിഭാഗവും ചൈനയുടെ ഭാഗത്താണ് അടയാളപ്പെടുത്തിയത്. തങ്ങളുടെ താൽപ്പര്യങ്ങൾ മുൻനിർത്തി ബ്രിട്ടീഷുകാർ പലപ്പോഴും അതിർത്തി രേഖകളിൽ മാറ്റങ്ങൾ വരുത്തിയിരുന്നു.
1950-കളിൽ ചൈന സിൻജിയാംഗിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ഒരു റോഡ് അക്സായി ചിന്നിലൂടെ നിർമ്മിച്ചതോടെയാണ് ഈ പ്രദേശത്തിൻ്റെ തന്ത്രപരമായ പ്രാധാന്യം ഇന്ത്യ തിരിച്ചറിയുന്നത്. 1962-ലെ ഇന്ത്യാ-ചൈന യുദ്ധത്തിൽ ഇന്ത്യക്ക് ഈ പ്രദേശം നഷ്ടപ്പെടുകയും അത് ചൈനയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. ഇന്ത്യ ഇപ്പോഴും അക്സായി ചിൻ തങ്ങളുടെ ലഡാക്ക് യൂണിയൻ ടെറിട്ടറിയുടെ ഭാഗമാണെന്ന് അവകാശപ്പെടുന്നു. എന്നാൽ നിലവിൽ ഈ പ്രദേശം ചൈനയുടെ ഭരണത്തിൻ കീഴിലാണ്.

ഷക്സ്ഗം താഴ്‌വര
ഷക്സ്ഗം താഴ്‌വര (Shaksgam Valley) ഉൾപ്പെടുന്ന ട്രാൻസ്-കാരക്കോറം ട്രാക്റ്റ് (Trans-Karakoram Tract), കാരക്കോറം മലനിരകൾക്ക് വടക്കായി ഏകദേശം 6,993 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു ഭൂപ്രദേശമാണ്. ഈ താഴ്‌വര ചൈനയുടെ ഭരണത്തിൻ കീഴിലാണ്.
1947ൽ ജമ്മു കാശ്മീർ ഇന്ത്യയിൽ ലയിച്ചതിന് ശേഷം ഇന്ത്യ ഈ പ്രദേശത്തിന് മേൽ പരമാധികാരം ഉന്നയിച്ചു. എന്നാൽ 1948ലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിൽ പാകിസ്താൻ ഈ മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തു. 1963ൽ പാകിസ്താൻ ചൈനയുമായി ഒരു അതിർത്തി കരാർ ഒപ്പുവെക്കുകയും ഷക്സ്ഗം താഴ്‌വര ചൈനയ്ക്ക് കൈമാറുകയും ചെയ്തു. ഇന്ത്യ ഈ കരാറിനെ അംഗീകരിക്കുന്നില്ല. സിയാച്ചിൻ ഹിമാനിയോട് ചേർന്നുള്ള പ്രദേശമായതിനാൽ ഇതിന് തന്ത്രപരമായ പ്രാധാന്യമുണ്ട്. കാരക്കോറം ഹൈവേയും ഈ പ്രദേശത്തിന് അടുത്തുകൂടിയാണ് കടന്നുപോകുന്നത്.
ഷക്സ്ഗം താഴ്‌വരയെ ചൊല്ലിയുള്ള തർക്കം ഇന്ത്യ – പാക് – ചൈന ബന്ധങ്ങളിൽ ഒരു പ്രധാന വിഷയമായി തുടരുന്നു. ഈ പ്രദേശത്ത് ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ഇന്ത്യ പലപ്പോഴും പ്രതിഷേധം അറിയിക്കാറുണ്ട്.
രാഷ്ട്രീയ മാറ്റങ്ങളും സംഘർഷത്തിന്റെ തുടർച്ചയും – Kashmir history and current situation
വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ജമ്മു കാശ്മീർ ഒരു രാഷ്ട്രീയ പ്രശ്നമായി തുടരുന്നു. ഇന്ത്യ ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കുകയും ഭരണപരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാൻ ഈ നടപടികളെ എതിർക്കുകയും അന്താരാഷ്ട്ര വേദികളിൽ ഈ വിഷയം ഉന്നയിക്കുകയും ചെയ്യുന്നു. പാക്ക് അധീന കാശ്മീരിൽ പാകിസ്ഥാന്റെ ഭരണകൂടം സ്വന്തമായ രീതിയിലാണ് ഭരണം നടത്തുന്നത്.
കശ്മീരിലെ സംഘർഷം ഈ പ്രദേശത്തെയും അവിടുത്തെ ജനങ്ങളെയും ആഴത്തിൽ ബാധിച്ചിട്ടുണ്ട്. ഇത് വലിയ തോതിലുള്ള ജീവഹാനിക്കും പലായനത്തിനും കാരണമായി. സ്വാതന്ത്ര്യം, പാകിസ്ഥാനോടുള്ള കൂട്ടിച്ചേർക്കൽ, അല്ലെങ്കിൽ കൂടുതൽ സ്വയംഭരണം എന്നിവയ്ക്കായി വാദിക്കുന്ന വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കാലക്രമേണ ഇവിടെ ഉയർന്നുവന്നിട്ടുണ്ട്. ഇടയ്ക്കിടെ ശാന്തത അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും, ഈ പ്രദേശം ഇപ്പോഴും പ്രശ്നങ്ങൾ നിലനിൽക്കുന്ന, ഉയർന്ന സൈനിക സാന്നിധ്യമുള്ള ഒരു മേഖലയായി തുടരുന്നു.

ലൈൻ ഓഫ് കൺട്രോളിൽ നിന്നും അകലെയുള്ള, കശ്മീരിന്റെ ഏകദേശം മധ്യത്തിലുള്ള പല പ്രദേശങ്ങളിലും പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾക്ക് എത്തണമെങ്കിൽ, ഇന്ത്യക്കാരെ കൊന്നൊടുക്കണമെങ്കിൽ, കാശ്മീരിനുള്ളിൽ നിന്നും പിന്തുണ ലഭിക്കാതെ അത് സാധ്യമാകില്ല എന്ന് നമുക്കറിയാം.
പ്രദേശ അവകാശ വിഷയങ്ങൾ മാത്രമല്ല, രാഷ്ട്രീയ മേൽക്കോയ്മാ വിഷയങ്ങൾ മാത്രമല്ല, പൂർണ്ണ അധികാരം നേടി സംസ്ഥാനത്തിനെ കാൽച്ചുവട്ടിൽ ആക്കാനുള്ള ത്വര മാത്രമല്ല, മതവും ഇതിനിടയിൽ പങ്കുവഹിക്കാനെത്തുന്നു എന്നുള്ളത് ഗുരുതരമായ വിഷയമാണ്.
പ്രത്യാശയുടെ നാളെയോ? കാശ്മീരിന് ഒരു ശാശ്വത പരിഹാരം തേടി…
ജമ്മു കാശ്മീരിന്റെ ചരിത്രം ഒരു ദുരന്തകഥയാണ്. 1947-ലെ തിടുക്കത്തിലുള്ളതും പിഴവുകളുള്ളതുമായ വിഭജനമാണ് കശ്മീർ തർക്കത്തിനെ രൂക്ഷമാക്കിയത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ പാകിസ്ഥാൻ നടത്തിയ ആക്രമണമാണ് പിഒകെയിൽ കലാശിച്ചത്. ചൈനയുടെ അവസരവാദവും പാകിസ്താന്റെ തെറ്റായ കണക്കുകൂട്ടലുകളും മേഖലയെ തകർക്കുന്നത് തുടരുകയാണ്. ഇന്ത്യ ഭാവിയിൽ ഈ പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം കാണുമെന്നും ആ പരിഹാരത്തിൽ ഈ പ്രദേശങ്ങളെല്ലാം നമുക്ക് തിരികെ കിട്ടുമെന്നും പ്രത്യാശിക്കാം.
ജയൻ കൂടൽ
Profile link: https://www.facebook.com/jayan.koodal.siju/
Summary: Kashmir history and current situation
Kashmir’s history is marked by its strategic location in South Asia, witnessing a complex interplay of British colonial interests, wars, regional disputes, and geopolitical maneuvers. Once a large princely state within India, the 1947 partition led to a Pakistani invasion, resulting in the division of Kashmir into multiple parts administered by India, Pakistan, and China. Despite ongoing conflicts and the Line of Control dividing the region, India maintains its hold through strategic political and military actions. The historical backdrop includes rule by Hindu, Buddhist, and Muslim empires, culminating in the Treaty of Amritsar in 1846, which established the Dogra dynasty’s rule over Jammu, Kashmir, and Ladakh.
The indecision of Maharaja Hari Singh during the 1947 partition, followed by the Pakistani-backed tribal invasion, led to Kashmir’s accession to India and the subsequent Indo-Pak war. The unresolved border, the Line of Control established after the 1971 war, and the Chinese control over Aksai Chin and the Trans-Karakoram Tract continue to make Kashmir a politically sensitive and militarized region. The conflict’s roots are traced back to the hasty and flawed 1947 partition and alleged British manipulation, with the involvement of religion further complicating the issue.