കടൽക്കാറ്റും കൂടെ കടൽച്ചൊരുക്കും!
കൊച്ചി മറൈൻ ഡ്രൈവിലെ നടപ്പാതയിലൂടെ, അറബിക്കടലിന്റെ മണമുള്ള കാറ്റുമേറ്റ് അലസമായി നടക്കുമ്പോഴാണ് ആ കാഴ്ച കണ്ണിലുടക്കിയത്. ഓളം തല്ലുന്ന കായൽപ്പരപ്പിൽ ഇളകിയാടുന്ന ഒരു ചെറു ക്രൂയിസ് കപ്പലിലേക്ക് ഉത്സവപ്രതീതിയോടെ ഒരു കൂട്ടം ആളുകൾ ഒഴുകിയെത്തുന്നു. കാഴ്ചയിൽ ഒരു “മിനി” കപ്പലെന്ന് തോന്നുമെങ്കിലും, സൗകര്യങ്ങൾ ഒത്തിണങ്ങിയ ഒരു സുന്ദരൻ ബോട്ടാണത്… “ഗ്ലോറിഫൈഡ് ബോട്ട്”. കൗതുകം ഉള്ളിലൊതുക്കി, ഞാനും ആ ആ യാത്രയുടെ ഭാഗമായി. (Kochi Cruise Ship Tour Marine Drive to International Channel).

അന്താരാഷ്ട്ര കപ്പൽച്ചാലിലേക്ക്…
മറൈൻ ഡ്രൈവിൽ നിന്നും “കപ്പൽ” മെല്ലെ നീങ്ങിത്തുടങ്ങി. ലക്ഷ്യം, അന്താരാഷ്ട്ര കപ്പൽച്ചാൽ. നാല് മണിക്കൂർ നീളുന്ന ഒരു ജലയാത്ര. ഇടതുവശത്ത്, മനുഷ്യനിർമ്മിതമായ വില്ലിംഗ്ടൺ ഐലൻഡ്. വലതുവശത്ത് പ്രകൃതിയൊരുക്കിയ അത്ഭുതങ്ങൾ – വജ്രക്കല്ലിന്റെ രൂപത്തിൽ ഡയമണ്ട് ദ്വീപും, വില്ലുപോലെ വളഞ്ഞ് ആർക്ക് ദ്വീപും. കണ്ടൽക്കാടുകളുടെ പച്ചപ്പ് കാഴ്ചയ്ക്ക് കുളിർമയേകി.

യാത്രയ്ക്കിടയിൽ, ഇന്ത്യൻ നാവികസേനയുടെ അഭിമാനമായ ഐഎൻഎസ് വിക്രമാദിത്യയും, റഡാർ സംവിധാനങ്ങളുമായി തലയുയർത്തി നിന്ന ഒരു സർവേ ഷിപ്പും കാഴ്ചയിൽ പെട്ടു. രാജ്യസുരക്ഷയുടെ പ്രതീകങ്ങളായ അവയെ ക്യാമറയിൽ പകർത്തുന്നത് ഉചിതമല്ലാത്തതിനാൽ ആ ദൃശ്യങ്ങൾ മനസ്സിൽ കോറിയിട്ടു.

ജലത്തിലെ ജീവിതം: കാഴ്ചകൾ
ജലപ്പരപ്പിലെ ജീവിതം കൺമുന്നിൽ ഇതൾ വിരിയുകയായിരുന്നു. അക്കരെയിക്കരെ ആളുകളേയും വാഹനങ്ങൾ ഉൾപ്പെടെ മറ്റു വസ്തുക്കളെയും എത്തിക്കുന്ന റോ- റോ (റോൾ ഓൺ – റോൾ ഓഫ്) ജങ്കാറുകൾ,, മീൻപിടിക്കാൻ വിരിച്ച ചീനവലകൾ, ഉപജീവനത്തിനായി കടലിലിറങ്ങിയ മീൻപിടിത്തക്കാരുടെ വള്ളങ്ങൾ… അവയ്ക്ക് മേലേ വട്ടമിട്ടു പറക്കുന്ന കൊറ്റിക്കൂട്ടങ്ങൾ പരുന്തുകൾ… ഓരോ കാഴ്ചയും ഓരോ ഫ്രെയിം പോലെ മനോഹരം.

കരയോരത്ത് തലയുയർത്തി നിൽക്കുന്ന ചീനവലപ്പാലവും മറ്റുപാലങ്ങളും, തുറമുഖത്തെ നിയന്ത്രിക്കുന്ന പോർട്ട് കൺട്രോൾ കെട്ടിടവും, എണ്ണ സംഭരണികളും വിതരണ ശൃംഖലകളും, ചെറുതും വലുതുമായ യാത്രാ ബോട്ടുകളും, കപ്പൽച്ചാലുകളുടെ അതിരുകൾ സൂചിപ്പിക്കുന്ന ‘ബോയ’കളും അതിശയം ജനിപ്പിക്കുന്നവ തന്നെ. റോബർട്ട് ബ്രിസ്റ്റോ ഉപയോഗിച്ച, ചരിത്രം പേറുന്ന “ഡൊറോത്തിയ ബോട്ട്” കാണാൻ കഴിയുന്ന ദൂരത്തിലായിരുന്നില്ല.
മടക്കയാത്രയിൽ, വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിന്റെ പ്രൗഢിയും, ബോൾഗാട്ടി പാലസിന്റെ ചരിത്രമുറങ്ങുന്ന സൗന്ദര്യവും ദൃശ്യവിരുന്നിന് മാറ്റുകൂട്ടി.

ഛർദ്ദിൽ മേളം !
കപ്പൽ അന്താരാഷ്ട്ര ജലപാതയോട് അടുക്കുന്തോറും കടലിന്റെ സ്വഭാവം മാറിത്തുടങ്ങി. അതുവരെ ശാന്തരായിരുന്ന പലരും ‘കടൽച്ചൊരുക്ക്’ (Sea Sickness) എന്ന വില്ലന്റെ പിടിയിലമർന്നു. പിന്നെ അവിടെയൊരു കൂട്ടബഹളമായിരുന്നു, ‘ആന അലറലോടലറൽ’ എന്ന് പറഞ്ഞപോലെ എല്ലാവരും “ഛർദ്ദിലോട് ഛർദ്ദിൽ”! നിൽക്കുന്നവരും ഇരിക്കുന്നവരും കിടക്കുന്നവരുമെല്ലാം ഛർദ്ദിയുടെ പിടിയിൽ. മുകളിലത്തെ ഡെക്കിലെ പടികളിൽ നിന്നുകൊണ്ട് ഒരു സഹോദരി താഴേക്ക് ഛർദ്ദിച്ച കാഴ്ചയാണ് ആ അനുഭവത്തിലെ ‘ഹൈലൈറ്റ്’. പലരും ഛർദ്ദിച്ച് “ബെട്ടിയിട്ട ബായത്തട” പോലെ കിടക്കുന്നതും കണ്ടു.

ഈ ബഹളങ്ങൾക്കിടയിലും യാതൊരു കൂസലുമില്ലാതെ ഭക്ഷണവിതരണവും, പാട്ടും, മാജിക് ഷോയുമായി ഓടിനടക്കുന്ന സംഘാടകരുടെ പ്രൊഫഷണലിസം സമ്മതിക്കാതെ വയ്യ. എത്രയെത്ര ഛർദ്ദിൽ മേളങ്ങൾ അവർ കണ്ടിട്ടുണ്ടാവും!
തിരികെ കരയിലേക്ക്
തിരികെ കായലിന്റെ ശാന്തതയിലേക്ക് കപ്പൽ പ്രവേശിച്ചതോടെ എല്ലാവരുടെയും മുഖത്ത് ആശ്വാസം. കടൽച്ചൊരുക്കിന്റെ ആലസ്യം വിട്ട് യാത്രക്കാർ ഉഷാറായി. അതോടെ ഡിജെ പാർട്ടിക്കും സമയമായി. ആ സംഗീതവും നൃത്തവും യാത്രയുടെ ക്ഷീണമകറ്റുകയും ചെയ്തു.

അങ്ങനെ, കാഴ്ചയുടെ മനോഹാരിതയും, കടൽച്ചൊരുക്കിന്റെ അസ്വസ്ഥതയും, സംഗീതത്തിന്റെ ലഹരിയും ചേർന്നൊരു സമ്മിശ്ര അനുഭവമായി ആ ക്രൂയിസ് യാത്ര മനസ്സിൽ മായാതെ കിടക്കുന്നു.
ജയൻ കൂടൽ
Profile link: https://www.facebook.com/jayan.koodal.siju/
Summary: Kochi Cruise Ship Tour Marine Drive to International Channel
While leisurely strolling along the Kochi Marine Drive walkway, enjoying the sea breeze, my attention was drawn to a small cruise ship on the backwaters, bustling with people eager to board what seemed like a glorified boat. Intrigued, I joined the four-hour journey towards the international shipping channel, passing man-made Willingdon Island and natural wonders like Diamond and Arc Islands with their lush mangrove forests.

Along the way, we glimpsed the INS Vikramaditya and a survey ship, observed the daily life on the water with Ro-Ro ferries and fishing activities, and admired the coastal structures. The return journey offered views of the Vallarpadam Container Terminal and Bolgatty Palace, but the sea turned rough near the international waters, leading to widespread sea sickness among the passengers, contrasting sharply with the unflappable professionalism of the onboard entertainment crew and culminating in a lively DJ party as we returned to the calm backwaters, leaving me with a memorable mix of scenic beauty and unexpected discomfort. (kochi marine drive cruise ticket price)








