കൂടൽ: പത്തനംതിട്ടയിലെ മലയോര ഗ്രാമം!

എന്റെ നാടായ കൂടൽ, പത്തനംതിട്ട ജില്ലയിലെ റാന്നി-കോന്നി വനമേഖലയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന മലയോര പ്രദേശമാണ്. പഴയ ഘാട്ട്-പത്തനാപുരത്തിന്റെയും കോന്നിയൂരിന്റെയും നടുവിലായി മലകളും, പാറക്കെട്ടുകളും, ചെറു ജലാശയങ്ങളും, വെള്ളച്ചാട്ടങ്ങളും ഒക്കെയായി മനോഹരമായ ഒരു പ്രദേശം. (Koodal name origin history).

Koodal name origin history

ബ്രിട്ടീഷ് പോസ്റ്റൽ രേഖയിൽ ഘാട്ട്-പത്തനാപുരം എന്ന് രേഖപ്പെടുത്തിയത് നാടൻ ശൈലികാരണം കാട്ട് പത്തനാപുരം എന്നായി നാട്ടുകാർ എന്നേ മാറ്റിക്കഴിഞ്ഞു.

കൂടൽ എന്ന പേര് എന്റെ നാടിന് എങ്ങനെ കിട്ടി എന്നുള്ളതിന് ഐതിഹ്യവും അതോടൊപ്പം ചില ചരിത്ര കഥകളും ഉണ്ട്.

കൂടൽ എന്ന പേരിന്റെ ഉത്ഭവം:

ഐതിഹ്യത്തിൽ കൂടലിന് ആ പേര് കിട്ടിയത് ഖരമഹർഷിയിൽ നിന്നാണ്. ഇന്നത്തെ ക്ഷേത്രസ്ഥാനത്ത് ഇലഞ്ഞിമരച്ചുവട്ടിൽ തപസ്സിരുന്ന മഹർഷിക്ക് ദേവീദർശനം ഉണ്ടാവുകയും അദ്ദേഹം അവിടെ ദേവീപ്രതിഷ്ഠ നടത്തുകയും ചെയ്തു. തുടർന്ന് ശൈവ, ഗാണപത്യ, ശാസ്താ സാന്നിധ്യവും അദ്ദേഹം കണ്ടതിനാൽ ദേവീദേവ കൂടൽ ആണല്ലോ എന്ന് കരുതി “കൂടൽ” എന്ന് ക്ഷേത്രപ്രദേശത്തെ വിളിക്കുകയും ചെയ്തു എന്നാണു ഐതിഹ്യകഥകൾ പറയുന്നത്. ഖരമഹർഷിയെ യോഗീശ്വരഭാവത്തിൽ ക്ഷേത്രത്തിൽ പൂജിക്കുന്നുമുണ്ട്.

Koodal Sreedevi temple, pathanamthitta

എന്നാൽ ഖരമഹർഷി കേരളത്തിലെ അനേകം ക്ഷേത്രങ്ങളിൽ മൂലപ്രതിക്ഷ്ഠ നടത്തിയിട്ടുണ്ട് എന്നൊരു ഐതിഹ്യവും ഉണ്ട്. പാലക്കാട് മുതൽ തെക്കോട്ട് തിരുവനന്തപുരം വരെ അനേകം ക്ഷേത്രങ്ങൾ ഖരമഹർഷിയുമായി ബന്ധപ്പെട്ടതാണ്. ഇതിൽ കലഞ്ഞൂർ, വൈക്കം, ഏറ്റുമാനൂർ, വൈലൂർ, ഒറ്റശേഖരമംഗലം, തൃപ്പാളൂർ, കടുത്തുരുത്തി എന്നിങ്ങനെ അനേകം പ്രശസ്ത ക്ഷേത്രങ്ങളും ഉൾപ്പെടും. എന്നാൽ ഖരമഹർഷിയെപ്പറ്റി അധികം വിവരങ്ങൾ ഒന്നും ലഭ്യമല്ലതാനും. ഖരപ്രസാദ മുനി അല്ലെങ്കിൽ ഖരബ്രഹ്മ ഋഷി എന്നൊക്കെ മഹർഷിയെ സംബോധന ചെയ്തിരുന്നു.

കൂടലിന്റെ ചരിത്രകഥകൾ:

ചന്തയോ കടകളോ ഒന്നും ഇല്ലാതിരുന്ന കൂടൽ എന്ന പ്രദേശത്തേക്കു 1720 കാലത്തു ബ്രിട്ടീഷുകാർ എത്തിപ്പെട്ടതോടെയാണ് ചന്തകളും ചെറിയ കടകളും ഒക്കെ ഉയർന്നുവന്നത്. ഇക്കാലത്താണ് കോന്നിയൂർ വനംമേഖലയിൽ നിന്നും തേക്കുതടി വ്യാപാരം ബ്രിട്ടീഷുകാർ തിരുവിതാംകൂറിന്റെ ഒത്താശയോടെ തുടങ്ങിയത്.

Koodal St. Mary's Orthodox church, edappalli

എന്നാൽ കൂടൽ എന്ന പേര് അതിനുമുമ്പേ കിട്ടിയതാകാനും മതിയാകും. കാരണം പത്തനാപുരത്തിന്റെ കിഴക്കൻ മലനിരകളെയും കോന്നിയൂരിന്റെ രാജഭരണപ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാൻ കൂടൽ-വകയാർ വഴിയും, രാജഗിരി-കുളത്തുമൺ-കല്ലേലി വഴിയും കാട്ടുപാതകൾ ഉണ്ടായിരുന്നെങ്കിലും കൂടലിലൂടെ ഉള്ള വഴി സമതലവും, ദൂരക്കുറവും, ജലലഭ്യത ഉള്ളതും ആയിരുന്നു.

ആനകൾക്കും കുതിരകൾക്കും ഭാരം വഹിക്കുന്ന കാളവണ്ടികൾക്കും ആയാസമില്ലാതെ സഞ്ചരിക്കാനും ഈ കാട്ടുപാത തെരെഞ്ഞെടുത്തതിന് മറ്റു കാരണമൊന്നും തിരയേണ്ട. ഇങ്ങനെയുള്ള സഞ്ചാരപാതയിലെ ഒരു വിശ്രമകേന്ദമായി കൂടലിനെ തയ്യാറാക്കി എടുത്തതിലും ആ വിശ്രമകേന്ദ്ര പ്രദേശം പിൽക്കാലത്തു കമ്പോളമായി രൂപപ്പെട്ടതും കാരണവൻമാർ പറഞ്ഞു കേട്ടിട്ടുണ്ട്. ഒത്തുകൂടിയ ഇടം “കൂടൽ” ആയതാകാം എന്ന കഥകളും ശരിയാകാം.

koodal masjid, punnamoodu

തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ചന്തകളിൽ ഒന്ന് കൂടലിലേതായിരുന്നു. ആഴ്ചയിൽ തിങ്കളും വെള്ളിയും വരുന്ന കാർഷികച്ചന്തയും എല്ലാ മാസവും രണ്ടാം വ്യാഴാഴ്ച വരുന്ന കാളച്ചന്തയും… ഇപ്പോൾ രണ്ടുമില്ല. വികസിച്ച്… വികസിച്ച്… ചുരുങ്ങിച്ചുരുങ്ങി ഇല്ലാണ്ടായി…

✍️ ജയൻ കൂടൽ

Profile link: https://www.facebook.com/jayan.koodal.siju/

Website: https://jkdrive.in/

Summary: Koodal Name, Origin, History

Koodal, nestled at the border of Ranni-Konni forest ranges in Pathanamthitta district, is a picturesque hill station village. The name ‘Koodal’ is steeped in both mythology and history. Legend associates it with the sage Khara Maharshi who is believed to have established a temple here. However, historical accounts suggest that the region’s strategic location as a meeting point or ‘koodal’ of ancient trade routes might have given it the name.

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!