പാകിസ്ഥാൻ, ആഭ്യന്തര – ബാഹ്യ വെല്ലുവിളികൾ
1947-ൽ സ്ഥാപിതമായ കാലം മുതൽക്കേ നിരവധി ആഭ്യന്തരവും ബാഹ്യവുമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യമാണ് പാകിസ്ഥാൻ. ഒരു അയൽരാജ്യമെന്ന നിലയിലും, ചരിത്രപരവും രാഷ്ട്രീയപരവുമായ നിരവധി വിഷയങ്ങളിൽ നമ്മുടെ ഭാഗഭാക്കായ രാജ്യമെന്ന നിലയിലും ഇന്ത്യയുടെ കാഴ്ചപ്പാടിൽ പാകിസ്ഥാൻ്റെ സ്ഥിതിവിശേഷങ്ങൾ കൂടുതൽ പ്രാധാന്യമുള്ളതാണ്. (Pakistan internal external challenges).
രാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക തകർച്ച, ഭീകരവാദം, കയ്യിലിരിപ്പുകാരണമുള്ള അന്താരാഷ്ട്ര ഒറ്റപ്പെടൽ, കെടുകാര്യസ്ഥത, അഴിമതി തുടങ്ങിയ നിരവധി പ്രശ്നങ്ങളുടെ നടുവിലാണ് ഇന്ന് പാകിസ്ഥാൻ.

പാകിസ്ഥാന്റെ ആഭ്യന്തര പ്രതിസന്ധികൾ
പാകിസ്ഥാന്റെ രാഷ്ട്രീയ രംഗം എക്കാലത്തും പ്രക്ഷുബ്ധമാണ്. സൈന്യത്തിന് ഭരണത്തിലുള്ള അമിതമായ സ്വാധീനം, ദുർബലമായ ജനാധിപത്യ സ്ഥാപനങ്ങൾ, രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ, കൂറുമാറ്റങ്ങൾ എന്നിവ രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമാകുന്നു.
ഏറ്റവും ഒടുവിലായുള്ള മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റും അനുബന്ധ സംഭവവികാസങ്ങളും രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ വഷളാക്കി. നിലവിൽ ഷെഹ്ബാസ് ഷെരീഫ് സർക്കാർ കടുത്ത രാഷ്ട്രീയ സമ്മർദ്ദമാണ് നേരിടുന്നത്. ആഭ്യന്തര കലാപങ്ങൾക്കിടയിൽ സർക്കാർ മുന്നോട്ട് പോകാൻ പാടുപെടുകയാണ്.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി
പാകിസ്ഥാൻ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിദേശനാണ്യ ശേഖരം അപകടകരമാംവിധം കുറഞ്ഞു, പണപ്പെരുപ്പം റെക്കോർഡ് തലത്തിലെത്തി, റുപ്പീയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. അന്താരാഷ്ട്ര നാണയനിധിയിൽ (IMF) നിന്നുള്ള വായ്പകളെയാണ് രാജ്യം പ്രധാനമായും ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷം 700 കോടി ഡോളറിന്റെ വായ്പ ലഭിച്ചെങ്കിലും സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടില്ല.
നിലവിൽ 1.3 ബില്യൺ ഡോളറിന്റെ മറ്റൊരു വായ്പയ്ക്കായി പാകിസ്ഥാൻ IMF-നെ സമീപിച്ചിട്ടുണ്ട്. എന്നാൽ, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വസ്തുത നിലനിൽക്കുന്നതിനാൽ IMF സഹായം ലഭിക്കുന്നത് വൈകുകയോ തടസ്സപ്പെടുകയോ ചെയ്യാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ പാകിസ്ഥാന് സഹായം നൽകുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനും ഉൾപ്പെടെ അവശ്യസാധനങ്ങൾക്ക് വില കുതിച്ചുയരുന്നത് സാധാരണക്കാരെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നു.

ആഭ്യന്തര കലാപങ്ങൾ
ആഭ്യന്തര കലാപങ്ങൾ പാകിസ്ഥാന്റെ ഉറക്കം കെടുത്തുന്ന പ്രധാന പ്രശ്നമാണ്. പാകിസ്ഥാൻ താലിബാൻ എന്നറിയപ്പെടുന്ന തെഹരീക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) പോലുള്ള സംഘടനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ സജീവമാണ്. ഇവർ പാകിസ്ഥാനിൽ സൈനികരെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നു.
2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരത്തിൽ വന്നതോടെ TTP-യുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെട്ടു. ഇതിനുപുറമെ, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) പോലുള്ള സ്വന്തം ദേശം വേണമെന്ന് വാദിക്കുന്ന ഗ്രൂപ്പുകളും പാകിസ്ഥാന്റെ ഉറക്കം കെടുത്തുന്നു. ഇവർ പാക് സൈനിക പോസ്റ്റുകൾക്കും ചൈനീസ് പൗരന്മാർക്കും നേരെ ആക്രമണങ്ങൾ നടത്തുന്നു. അടുത്തിടെ ബലൂചിസ്ഥാനിൽ പാക് സൈനികർ കൊല്ലപ്പെട്ട സംഭവങ്ങൾ ഇതിനുദാഹരണമാണ്.
സായുധ തീവ്രവാദി സംഘടനകൾ
എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു പാകിസ്ഥാനി പണ്ട് പറഞ്ഞതുപ്രകാരം, പാകിസ്ഥാനിൽ സർക്കാരിന് ആധിപത്യമുള്ള പ്രദേശം ഇസ്ളാമാബാദും റാവൽ പിണ്ടിയും മാത്രമാണ്. ബാക്കിയുള്ള എല്ലാ പ്രദേശത്തും മറ്റ് ഭീകര സംഘടനകളുടെ ആധിപത്യമോ, ലോക്കൽ ഗ്രൂപ്പുകളുടെ നിയന്ത്രണമോ ആണ്. ഇവർ ഒരു ഭീഷണി ആകാതിരിക്കാൻ ഇക്കൂട്ടരുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റിക്കൊടുക്കേണ്ടിവരും.
ഏകദേശം 15 ഓളം സായുധ തീവ്രവാദി സംഘടനകൾ ആണ് പാകിസ്ഥാനിൽ പ്രവർത്തിക്കുന്നത്. 2023 ലെ US Congressional Research Services Report പ്രകാരമാണിത്. ഇന്ത്യയെ ബുദ്ധിമുട്ടിക്കുന്ന ലഷ്കർ-ഇ-തൊയ്ബ (LeT), ജെയ്ഷ്-ഇ-മുഹമ്മദ് (JeM), ഹിസ്ബുൾ മുജാഹിദീൻ, ഹരകത്ത്-ഉൽ-ജിഹാദ് ഇസ്ലാമി, ഹരകത്ത്-ഉൽ-മുജാഹിദീൻ എന്നിവയും, വിഭാഗീയ ഗ്രൂപ്പുകളായ സിപാ-ഇ-സഹാബ പാകിസ്ഥാൻ (SSP), ലഷ്കർ-ഇ-ജാങ്‌വി (LeJ) എന്നിവയും, ആഗോള ജിഹാദി ഗ്രൂപ്പുകളായ അൽ-ഖ്വയ്ദ (എക്യു), ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദ (എക്യുഐഎസ്), ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസൻ പ്രവിശ്യ (ഐഎസ്-കെപി) എന്നിവയും ഉൾപ്പെടെ പലഗ്രൂപ്പുകളും അവയുടെ ഉപഗ്രൂപ്പുകളും വിധ്വംസക പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവയാണ്.
പാകിസ്ഥാനിലെ പട്ടാളം ഒരു വലിയ തമാശയാണ്. കേന്ദ്രീകൃത രീതിയിൽ അല്ല അവ പ്രവർത്തിക്കുക. ക്രൂരന്മാർ ആയവരും ഇന്ത്യയോട് ഏറ്റവും ശത്രുത കാണിക്കുന്നവരും ആണ് പൊതുവെ കമാണ്ടറും, മേധാവിയും ഒക്കെ ആവുന്നത്. എന്നാൽ മേധാവി ഒരു വഴിയേ, കമാണ്ടർമാർ തനി വഴിയേ എന്നതാണ് അവരുടെ രീതി.
അവരവരുടെ സാമ്രാജ്യം കെട്ടിപ്പടുക്കാനായി എന്ത് മാർഗ്ഗവും സ്വീകരിക്കാം എന്ന നിലയിൽ പല തീവ്രവാദി ഗ്രൂപ്പുകളുടെയും സഹായത്തോടെയും പണത്തോടെയും ആണ് മിക്കവാറും എല്ലാ കമാൻഡുകളും പ്രവർത്തിക്കുന്നത്. ഒരു വിശദമായ ലേഖനം പണ്ട് വായിച്ചിരുന്നു.

എന്തുകൊണ്ട് വിഘടനവാദം
പാകിസ്ഥാൻ ഒരു ബഹുവംശീയ രാഷ്ട്രമാണ്. എന്നാൽ, ചില വംശീയ വിഭാഗങ്ങൾക്ക് അവഗണന നേരിടേണ്ടിവരുന്നു എന്ന തോന്നൽ ശക്തമാണ്. ഇത് വിഘടനവാദ പ്രസ്ഥാനങ്ങൾക്ക് ഊർജ്ജം നൽകുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയാണ് ഇതിൽ പ്രധാനപ്പെട്ടത്. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണെങ്കിലും ബലൂചിസ്ഥാൻ പാകിസ്ഥാനിലെ ഏറ്റവും ദരിദ്രമായ പ്രവിശ്യകളിൽ ഒന്നാണ്.
തങ്ങളുടെ വിഭവങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്നും തങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ബലൂച് ജനത കരുതുന്നു. ഇത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പോലുള്ള സായുധ ഗ്രൂപ്പുകളുടെ വളർച്ചയ്ക്ക് കാരണമായി. ബലൂചിസ്ഥാന് പുറമെ, സിന്ധ് പ്രവിശ്യയിലും ഖൈബർ പഖ്തൂൺഖ്വയിലും ഗിൽഗിത്-ബാൾട്ടിസ്ഥാനിലും സ്വാതന്ത്ര്യത്തിനായുള്ള മുറവിളികൾ ഉയരുന്നുണ്ട്.
മനുഷ്യാവകാശ ലംഘനങ്ങൾ
പാകിസ്ഥാനിൽ മനുഷ്യാവകാശ ലംഘനങ്ങൾ വ്യാപകമാണെന്ന് അന്താരാഷ്ട്ര സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. പ്രത്യേകിച്ച് ബലൂചിസ്ഥാനിലും മുൻ ഗോത്രവർഗ മേഖലകളിലും (FATA) സൈന്യം നടത്തുന്ന അതിക്രമങ്ങൾ, തിരോധാനങ്ങൾ, മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം, മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ എന്നിവ ആശങ്കാജനകമാണ്. ഇത്തരം സംഭവങ്ങൾ അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാന്റെ പ്രതിച്ഛായ മോശമാക്കുന്നു.
പാകിസ്ഥാന്റെ ബാഹ്യ പ്രതിസന്ധികൾ
ആഭ്യന്തര പ്രശ്നങ്ങൾക്ക് പുറമെ, അന്താരാഷ്ട്ര തലത്തിലും പാകിസ്ഥാൻ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്.
ഇന്ത്യയോടുള്ള ശത്രുത
ഇന്ത്യയുമായി പാകിസ്ഥാൻ സൂക്ഷിക്കുന്ന ശത്രുതാപരമായ ബന്ധം പാകിസ്ഥാൻ എന്ന രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും പാകിസ്ഥാൻ നടത്തുക പതിവാണ്. പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഇന്ത്യ നിരവധി തവണ തെളിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വേദികളിലും ഇന്ത്യ ഈ വിഷയം ഉന്നയിക്കാറുണ്ട്.
അഫ്ഗാൻ വിഷയങ്ങൾ
അഫ്ഗാനിസ്ഥാനുമായുള്ള പാകിസ്ഥാന്റെ ബന്ധം ചരിത്രപരമായി സങ്കീർണ്ണമാണ്. ഡ്യൂറൻഡ് ലൈൻ എന്നറിയപ്പെടുന്ന അതിർത്തിരേഖയെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം വന്നതിനുശേഷം അതിർത്തി കടന്നുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്.
പാകിസ്ഥാൻ താലിബാനും (TTP) അഫ്ഗാൻ താലിബാനും തമ്മിൽ പ്രത്യയശാസ്ത്രപരമായ ബന്ധമുണ്ടെങ്കിലും, പാകിസ്ഥാന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പലപ്പോഴും അഫ്ഗാൻ താലിബാൻ പ്രവർത്തിക്കുന്നു എന്ന ആരോപണമുണ്ട്. അഫ്ഗാൻ മണ്ണ് പാകിസ്ഥാനെതിരായ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നു എന്ന് പാകിസ്ഥാൻ ആരോപിക്കുമ്പോൾ, പാകിസ്ഥാൻ അഫ്‌ഗാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നു എന്ന് അഫ്ഗാൻ താലിബാനും ആരോപിക്കുന്നു.
ഇറാനുമായുള്ള സംഘർഷം
ഇറാനുമായും പാകിസ്ഥാന് അതിർത്തി പങ്കിടുന്നുണ്ട്. ഈ അതിർത്തി മേഖലയിലും സംഘർഷങ്ങൾ പതിവാണ്. സുന്നി ഭൂരിപക്ഷമുള്ള പാകിസ്ഥാനും ഷിയാ ഭൂരിപക്ഷമുള്ള ഇറാനും തമ്മിൽ മതപരമായ ഭിന്നതകളുമുണ്ട്. ഇരുരാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിൽ സജീവമായ സായുധ ഗ്രൂപ്പുകൾ പരസ്പരം ആക്രമണങ്ങൾ നടത്താറുണ്ട്. കഴിഞ്ഞ വർഷം ഇറാൻ പാകിസ്ഥാനിലെ ബലൂചി സുന്നി ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കി.

ചൈനീസ് കെണികൾ
ചൈന പാകിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃദ്‌രാജ്യങ്ങളിൽ ഒന്നാണ്. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) ഇതിന്റെ പ്രധാന ഉദാഹരണമാണ്. ശതകോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപമാണ് CPEC വഴി ചൈന പാകിസ്ഥാനിൽ നടത്തുന്നത്. ഇതൊരു കടക്കെണിയാണ് എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്, എങ്കിലും പാകിസ്ഥാൻ നേതൃത്വം ഇതൊന്നും ചെവിക്കൊള്ളാറില്ല എന്നതാണ് സത്യം.
പാകിസ്ഥാനിലെ വർധിച്ചുവരുന്ന ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങൾ, പ്രത്യേകിച്ച് ബലൂചിസ്ഥാനിലെ ആക്രമണങ്ങൾ, ചൈനീസ് നിക്ഷേപങ്ങൾക്ക് ഭീഷണിയാകുന്നുണ്ട്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ചൈനീസ് പൗരന്മാരെയും പദ്ധതികളെയും ലക്ഷ്യമിടുന്നത് ചൈനയ്ക്ക് ആശങ്കയുണ്ടാക്കുന്നു. ചില റിപ്പോർട്ടുകൾ പ്രകാരം, നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിൽ ചൈനയും പൂർണ്ണ തൃപ്തരല്ല. ചൈനയുടെ ലോകതാല്പര്യങ്ങളെക്കുറിച്ച് പിന്നീട് എഴുതാൻ ശ്രമിക്കാം.
ഇരുളടയുന്ന പാകിസ്ഥാൻ
ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്ന വസ്തുതകളും ആഭ്യന്തര മനുഷ്യാവകാശ ലംഘനങ്ങളും കാരണം പാകിസ്ഥാൻ അന്താരാഷ്ട്ര തലത്തിൽ വലിയ സമ്മർദ്ദം നേരിടുന്നുണ്ട്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (FATF) ഗ്രേ ലിസ്റ്റിൽ നിന്ന് അടുത്തിടെയാണ് പാകിസ്ഥാൻ ഒഴിവായത്. അമേരിക്കയുമായുള്ള ബന്ധത്തിലും പഴയ ഊഷ്മളതയില്ല. പശ്ചിമേഷ്യൻ രാജ്യങ്ങളും പാകിസ്ഥാനുമായി ഒരു അകലം പാലിക്കുന്നതായി കാണാം. സൗദി അറേബ്യ പോലുള്ള പരമ്പരാഗത സുഹൃത്തുക്കൾ പോലും സാമ്പത്തിക സഹായം നൽകുന്നതിൽ വിമുഖത കാണിക്കുന്നു. ഇത് പാകിസ്ഥാനെ കൂടുതൽ ഒറ്റപ്പെടുത്തുന്നു.
പാകിസ്ഥാൻ നേരിടുന്ന ആഭ്യന്തരവും ബാഹ്യവുമായ പ്രശ്നങ്ങൾ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ആഭ്യന്തര രാഷ്ട്രീയ അസ്ഥിരതയും, സാമ്പത്തിക പ്രതിസന്ധിയും, അയൽരാജ്യങ്ങളുമായുള്ള മോശം ബന്ധവും പാകിസ്ഥാനെ ഒരു രാജ്യമെന്ന നിലയിൽ ദുർബലപ്പെടുത്തുന്നു. ഇത് ബാഹ്യ തീവ്രവാദ ശക്തികൾക്ക് ഇടപെടാനുള്ള അവസരം നൽകുന്നു.
പാകിസ്ഥാൻ ഇന്ന് നേരിടുന്ന വെല്ലുവിളികൾ അതീവ ഗുരുതരവും സങ്കീർണ്ണവുമാണ്. രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം, ആഴത്തിൽ വേരൂന്നിയ അഴിമതി, സൈന്യത്തിന്റെ അമിത ഇടപെടൽ, തീവ്രവാദം, സാമ്പത്തിക കെടുകാര്യസ്ഥത എന്നിവയെല്ലാം രാജ്യത്തെ തകർച്ചയുടെ വക്കിൽ എത്തിച്ചിരിക്കുന്നു.

ഈ പ്രതിസന്ധികളെ അതിജീവിക്കാൻ ശക്തവും സുസ്ഥിരവുമായ ഒരു ഭരണകൂടവും സമഗ്രമായ നയങ്ങളും ആവശ്യമാണ്. അയൽരാജ്യങ്ങളുമായി സമാധാനപരമായ സഹവർത്തിത്വം ഉറപ്പാക്കുകയും ആഭ്യന്തര പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണുകയും ചെയ്തില്ലെങ്കിൽ പാകിസ്ഥാന്റെ ഭാവി കൂടുതൽ ഇരുളടഞ്ഞതാകാനാണ് സാധ്യത. ഇത് ഇന്ത്യയുടെ സമാധാനത്തെയും ബാധിക്കും.
✍️ ജയൻ കൂടൽ
Profile link: https://www.facebook.com/jayan.koodal.siju/
Website: https://jkdrive.in/
Summary: Pakistan internal external challenges
Pakistan faces significant internal and external challenges since its formation in 1947. Key internal issues include severe political instability due to excessive military influence, weak democratic institutions, and widespread corruption, highlighted by recent events like Imran Khan’s arrest. The economy is in a deep crisis, marked by dangerously low foreign exchange reserves, soaring inflation, a depreciating currency, and heavy reliance on IMF loans.
Internal conflict from groups like the TTP and BLA, coupled with ethnic tensions (particularly in Balochistan) and extensive human rights violations, involvement of terrorist organizations further destabilize the nation. Externally, Pakistan maintains a hostile relationship with India unnecessarily, complex border and security issues with Afghanistan and Iran. Its relationship with China, particularly regarding CPEC, faces country’s damage. International isolation persists due to perceived support for terrorism and human rights concerns. These interconnected issues severely weaken Pakistan and impact regional peace.