കവിത: ഉണരുക, കേരള യൗവ്വനമേ! ലഹരി ജീവനെടുത്തിടും മുൻപേ!
Poem against illicit drug usage among youth of Kerala, India
1.
പറയുക കേരളയൗവ്വനമേ, പരിലസിക്കേണ്ടൊരു തങ്കത്തിൻ-
തിരുകളെന്തിനു കരിമുകിലിൽ, കദനക്കടലിൽ മറയ്ക്കുന്നു നീ?
വിഷധൂമച്ചോട്ടിലിരുന്ന്, വിശ്രമമെന്നോതി മയങ്ങുമ്പോൾ,
ശിഥിലമാകുന്നൊരു കോവിലായ്, മാറുന്നുവോ നിൻ തനുവും മനുവും?
2.
പൊട്ടിയകറ്റുക ബന്ധനമീ, പുറ്റായി വളരും മായാമോഹം,
ഒട്ടിനിൽക്കാതെയകന്നു നീ, ഉണരുക നവ്യപ്രഭാതത്തിൽ.
വിത്തിനുള്ളിലെ വന്മരം പോൽ, വിടരട്ടെ നിന്നുടെയാത്മബലം,
വിശ്വമാനവികസ്നേഹത്തിൻ, വിളക്കായി മാറട്ടെ ഭൂമിയിതിൽ.
3.
നഷ്ടബോധത്തിൻ നിഴൽ വിട്ടു, നവജീവനത്തിൻ വെയിൽ കൊള്ളൂ,
കഷ്ടത നീന്തിക്കടന്നു നീ, കരകാണുകെന്നുദയം ചെയ്യുംപോൽ.
സൃഷ്ടിചെയ്തീടുക നൂതനമാം, ചിന്തകൾ ചേതോഹരം ശിൽപ്പംപോൽ,
പുഷ്ടിയാർന്നൊരു നാടിനായ് നിൻ, പ്രഭ ചൊരിയട്ടെ സഹസ്രകരം!

ജയൻ കൂടൽ
Profile link: https://www.facebook.com/jayan.koodal.siju/
A poem against illicit drug usage among youth of Kerala, India
കവിതാ സംഗ്രഹം – കേരളത്തിലെ യുവത്വമേ, നിങ്ങളുടെ അന്തസ്സും തേജസ്സും കെടുത്തിക്കളയുന്ന ലഹരിയുടെയും നിഷേധാത്മക ചിന്തകളുടെയും ദുഃഖങ്ങളുടെയും പിടിയിൽ നിന്ന് നിങ്ങൾ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിഷാദത്തിന്റെ ഇരുണ്ട ലോകത്തിൽ സ്വയം ഒതുങ്ങിക്കൂടാതെ, നിങ്ങളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന അനന്തമായ ശക്തിയെ നിങ്ങൾ തിരിച്ചറിയുക. ലോകമെമ്പാടുമുള്ള മനുഷ്യരെ സ്നേഹിക്കാനും അവരോടൊപ്പം മുന്നേറാനും കഴിയുന്ന ഒരു നല്ല മനസ്സ് നിങ്ങൾക്കുണ്ട്. നഷ്ടബോധത്തിന്റെ നിഴലിൽ നിന്ന് നിങ്ങൾ പുതിയ ജീവിതത്തിന്റെ പ്രകാശത്തിലേക്ക് വരൂ.
കഴിഞ്ഞ കാലത്തിന്റെ ദുരിതങ്ങളെ ഓർത്ത് വേദനിച്ചിരിക്കാതെ, അവയെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള കരുത്ത് നേടുക. പ്രകാശപൂർണ്ണമായ ഒരു ഭാവിക്കായി പുതിയ ചിന്തകളും ആശയങ്ങളും രൂപപ്പെടുത്തുക. ആയിരം കൈകളുള്ള സൂര്യനെപ്പോലെ നിങ്ങളുടെ സ്വന്തം പ്രഭ ചൊരിഞ്ഞ് ഈ നാടിനെ പുഷ്ടിപ്പെടുത്തുവാൻ നിങ്ങൾക്ക് കഴിയും. അതിനാൽ, ഉണരുക, മുന്നേറുക, പ്രകാശിക്കുക!
Summary;
Wake up, Kerala youth! Shake off addiction, negativity, and despair. Recognize your inner strength, embrace love, and move forward. Overcome past sorrows, build a bright future with new ideas, and illuminate this land like the sun. Arise, advance, shine!