തമിഴ്നാടിന്റെ സ്വയംഭരണ മോഹം!
തമിഴ്‌നാടിന് കുർദിസ്ഥാൻ ആകാൻ സാധിക്കുമോ? ഇന്ത്യയുടെ നിയമവും ചരിത്രവും എങ്ങോട്ട് വിരൽ ചൂണ്ടുന്നു? Tamil Nadu’s Long-Standing Demand for Greater Autonomy.

ഇന്ത്യൻ യൂണിയനിൽ നിന്നും കൂടുതൽ സ്വയംഭരണം കരസ്ഥമാക്കുക എന്നത് തമിഴ്‌നാടിന്റെ ദീർഘകാല ആഗ്രഹമാണ്. അതിനായി മുൻപും അവർ പ്രവർത്തിക്കുകയും പ്രമേയം പാസ്സാക്കുകയും കേന്ദ്ര സർക്കാരിന് അനുമതിക്കായി അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി സ്റ്റാലിൻ അത് റിപ്പീറ്റ് ചെയ്യുന്നു എന്നല്ലാതെ പ്രമേയത്തിൽ പുതുമയൊന്നുമില്ല.
കുർദിസ്ഥാൻ മാതൃകയും ചില ഇന്ത്യൻ സംസ്ഥാനങ്ങളുടെ സ്വയംഭരണ ചിന്തകളും
കുർദിസ്ഥാൻ എന്ന പേര് പറഞ്ഞുവല്ലോ. ഇറാഖിലെ പ്രവിശ്യയാണ്. അവിടെ Kurdistan Regional Government (KRG) എന്ന പേരിലാണ് Kurdistan Region (KRI) ന്റെ ഭരണം അവർ നടത്തുന്നത്.എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യൽ അധികാരങ്ങൾ – ആഭ്യന്തര, അതിർത്തി സുരക്ഷാ സേനകൾ – ആരോഗ്യ സേവനങ്ങൾ, വിദ്യാഭ്യാസം, പോലീസിംഗ്, സുരക്ഷ, പരിസ്ഥിതി, പ്രകൃതിവിഭവങ്ങൾ, ഭവനനിർമ്മാണം, വ്യാപാരം, വ്യവസായം, സാമൂഹിക സേവനങ്ങൾ, ഗതാഗതവും റോഡുകളും എന്നീ മേഖലകളിലെ നിയമനിർമ്മാണവും നടപ്പിലാക്കലും – ഫെഡറൽ സർക്കാരിൽ നിന്ന് ദേശീയ വരുമാനത്തിന്റെ തുല്യമായ വിഹിതം ലഭിക്കൽ – വിദേശനയം തയ്യാറാക്കലും നടപ്പിലാക്കലും – എണ്ണയും പ്രകൃതിവാതകങ്ങളും ഉൾപ്പെടുന്ന സ്വന്തമായ ബജറ്റും സാമ്പത്തികം കൈകാര്യം ചെയ്യലും ഒക്കെ കുർദിസ്ഥാന്റെ അവകാശങ്ങളാണ്.
1963-ലെ ഭരണഘടനാ ഭേദഗതിയും സ്വയംഭരണവാദികളുടെ പിൻവാങ്ങലും
ഇന്ത്യയിലും പല സംസ്ഥാനങ്ങൾ ഇത്തരത്തിലുള്ള പൂർണ്ണമോ ഭാഗികമോ ആയ സ്വയംഭരണത്തിനായി മുറവിളി കൂട്ടിയിട്ടുണ്ട്. എന്നാൽ 1963-ലെ പതിനാറാം ഭരണഘടനാ ഭേദഗതി വിഘടനവാദ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ പല രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ നിന്ന് പിന്നോട്ട് പോയി, പിന്നീട് സംസ്ഥാന വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രവണത കണ്ടുവന്നു.
എങ്കിലും പ്രാദേശിക വികാരങ്ങളും സ്വത്വ രാഷ്ട്രീയവും ഇടയ്ക്കിടെ ചില രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിക്കാറുണ്ട്. ഖാലിസ്ഥാൻ വിഘടനവാദ പ്രസ്ഥാനം (പഞ്ചാബ്) 1980-കളിലും 1990-കളിലും ഒരു പ്രത്യേക സിഖ് രാഷ്ട്രത്തിനായി ലക്ഷ്യമിട്ടുള്ള കലാപം തന്നെ നടത്തിയിട്ടുണ്ട്.

മാനിലത്തിൽ സുയാച്ചി, മതിയിൽ കൂട്ടാച്ചി!
1974 ൽ കരുണാനിധിയാണ് തമിഴ്‌നാട്ടിൽ സ്വയംഭരണ അവകാശങ്ങൾക്കായി ആദ്യമായി പ്രമേയം പാസ്സാക്കിയത്. 1969-ൽ എം. കരുണാനിധിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ പഠിക്കാനും സംസ്ഥാന സ്വയംഭരണം ശക്തിപ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതികൾ ശുപാർശ ചെയ്യാനും രാജമന്നാർ കമ്മിറ്റിയെ നിയമിച്ചു. ഈ കമ്മിറ്റി 1971 ൽ റിപ്പോർട്ട് സമർപ്പിക്കുകയും, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കരുണാനിധിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് നിയമസഭ 1974 ൽ സംസ്ഥാനത്തിന് കൂടുതൽ സ്വയംഭരണം ആവശ്യപ്പെട്ട് ഒരു പ്രമേയം പാസാക്കി.
അന്നത്തെ പ്രശസ്ത മുദ്രാവാക്യമായിരുന്നു, മാനിലത്തിൽ സുയാച്ചി, മതിയിൽ കൂട്ടാച്ചി എന്നുള്ളത്. അതായത്, Autonomy for States, Federalism at the Centre.
ഇന്ദിരയുമായി കരുണാനിധി നടത്തിയ കത്തിടപാടുകളുടെ ഫലമായി സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താനുള്ള അവകാശം മുഖ്യമന്ത്രിമാർക്ക് ലഭിച്ചത് 1974 ൽ ആണ്. എങ്കിലും സ്വയംഭരണ പ്രമേയത്തിലെ ആവശ്യങ്ങൾ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിരാകരിക്കുകയും “ഇറസ്പോൺസിബിൾ’ എന്ന വാക്ക് ഉപയോഗിച്ച് ഇത്തരം പ്രവർത്തിയെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ ഫെഡറൽ സംവിധാനവും തമിഴ്നാടിന്റെ സ്വയംഭരണ പ്രഖ്യാപനത്തിന്റെ നിയമപരമായ പരിമിതികളും
ഇപ്പോഴത്തെ പ്രമേയത്തിന്റെ ഗതിയും അതുതന്നെയാണ്. കാരണം ഇന്ത്യ ഒരു ക്വാസി-ഫെഡറൽ സമ്പ്രദായമാണ് പിന്തുടരുന്നത്, അവിടെ യൂണിയനും സംസ്ഥാനങ്ങളും തമ്മിൽ അധികാരം വിഭജിക്കപ്പെട്ടിരിക്കുന്നു, എന്നാൽ കേന്ദ്ര ഗവൺമെന്റിനാണ് കൂടുതൽ അധികാരം. ഒരു സംസ്ഥാനത്തിനും ഏകപക്ഷീയമായി വിട്ടുപോകാനോ അനുവാദമില്ലാതെ കൂടുതൽ അധികാരങ്ങൾ ഏറ്റെടുക്കാനോ കഴിയില്ല.
ജമ്മു-കാശ്മീറിന് 2019 വരെ ആർട്ടിക്കിൾ 370 പ്രകാരം പ്രത്യേക പദവി ലഭിച്ചിരുന്നു, ഇത് സ്വന്തം ഭരണഘടനയും പതാകയും ഉൾപ്പെടെ കാര്യമായ സ്വയംഭരണം അവർക്ക് നൽകിയിരുന്നു. എന്നിരുന്നാലും, അവർക്ക് ഇന്ത്യൻ ഭരണഘടനയ്ക്ക് പുറത്ത് സ്വയംഭരണം പ്രഖ്യാപിക്കാനോ വേർപിരിയാനോ അവകാശമുണ്ടായിരുന്നില്ല.
നാഗാലാൻഡ്, മണിപ്പൂർ, ആസാം തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രസ്ഥാനങ്ങൾ കൂടുതൽ സ്വയംഭരണം ആവശ്യപ്പെട്ടതിനാൽ ആറാം പട്ടിക പ്രകാരം സ്വയംഭരണ കൗൺസിലുകൾ രൂപീകരിച്ചോ സമാധാന ഉടമ്പടികളിൽ ഏർപ്പെട്ടോ സാംസ്കാരിക / രാഷ്ട്രീയ അംഗീകാരം നൽകിയോ ആണ് കേന്ദ്ര ഗവൺമെന്റ് പ്രതികരിച്ചിട്ടുള്ളത്.
സ്റ്റാലിന്റെ ലക്‌ഷ്യം ഇനി ഇതൊക്കെയാണോ എന്നുള്ളത് കമ്മിറ്റി ശുപാർശകൾ വന്നാൽ മാത്രമേ മനസ്സിലാകുകയുള്ളൂ.

ഇന്ത്യ “സംസ്ഥാനങ്ങളുടെ യൂണിയൻ” ആണ്.
ആർട്ടിക്കിൾ 1: ഇന്ത്യ “സംസ്ഥാനങ്ങളുടെ യൂണിയൻ” ആണ്, ഇത് അവിഭാജ്യമായ ഐക്യത്തെ സൂചിപ്പിക്കുന്നു. സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായി പിരിഞ്ഞുപോകാൻ കഴിയുന്ന അർത്ഥത്തിൽ പരമാധികാരമില്ല.
ആർട്ടിക്കിൾ 3: പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കാനും അതിരുകൾ മാറ്റാനും നിലവിലുള്ളവയുടെ പേര് മാറ്റാനും യൂണിയൻ പാർലമെന്റിന് അധികാരമുണ്ട്, എന്നാൽ സംസ്ഥാനങ്ങൾക്ക് അങ്ങനെയുള്ള പരസ്പര അധികാരമില്ല.
ആറാം പട്ടിക: ആസാം, മേഘാലയ, ത്രിപുര, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവർഗ്ഗ പ്രദേശങ്ങളിൽ മാത്രമായി പരിമിതമായ നിയമനിർമ്മാണ, ഭരണപരമായ സ്വയംഭരണാധികാരത്തോടെയുള്ള സ്വയംഭരണ ജില്ലാ കൗൺസിലുകൾക്ക് (എഡിസി) വ്യവസ്ഥ ചെയ്യുന്നു.
സംസ്ഥാനതല സ്വയംഭരണ പ്രഖ്യാപനത്തിന് വ്യവസ്ഥയില്ല: സ്വന്തം നിബന്ധനകളിൽ ഒരു സംസ്ഥാനത്തിന് സ്വയംഭരണം പ്രഖ്യാപിക്കാൻ അനുവദിക്കുന്ന ഒരു ഭരണഘടനാപരമായ സംവിധാനവും നിലവിലില്ല.
അതുകൊണ്ട്, തമിഴ്‌നാട് ഒരു സ്വയംഭരണ സംസ്ഥാനമായി സ്വയം പ്രഖ്യാപിക്കുകയാണെങ്കിൽ, അത്തരമൊരു പ്രഖ്യാപനത്തിന് നിയമപരമായ സാധുതയുണ്ടാവില്ല, കോടതികൾക്കോ കേന്ദ്ര ഗവൺമെന്റിനോ ഉടൻ റദ്ദാക്കാൻ കഴിയും. ഇത് ഒരു ഭരണഘടനാ പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. ആർട്ടിക്കിൾ 356 പ്രകാരം കേന്ദ്ര ഗവൺമെന്റ് സംസ്ഥാന നിയമസഭയെ പിരിച്ചുവിട്ടേക്കാം.

അത്തരമൊരു പ്രഖ്യാപനം നിക്ഷേപം, കേന്ദ്രഫണ്ട്, അന്തർസംസ്ഥാന ബന്ധങ്ങൾ എന്നിവയെ തടസ്സപ്പെടുത്തുകയും സാമ്പത്തികപരമായ സ്ഥിരതയില്ലായ്മയ്ക്ക് കാരണമാവുകയും ചെയ്യും. തമിഴ്‌നാടിന് ശക്തമായ ഒരു സാംസ്കാരിക സ്വത്വം ഉണ്ടെങ്കിലും, വിഘടനവാദത്തിനോ പൂർണ്ണ സ്വയംഭരണത്തിനോ നിലവിൽ വലിയ ജനപിന്തുണയില്ല.
മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, കേന്ദ്ര ഗവൺമെന്റ് പിരിമുറുക്കം ലഘൂകരിക്കുന്നതിനുള്ള ചർച്ചകൾ, നിയമനടപടി, ഭരണപരമായ ഏറ്റെടുക്കൽ എന്നിവയുമായി ഉടനടി പ്രതികരിക്കാനും സാധ്യതയുണ്ട്.
ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ കൂടുതൽ സ്വയംഭരണം – Tamil Nadu’s Long-Standing Demand for Greater Autonomy
സ്വയംഭരണം പ്രഖ്യാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെങ്കിലും, ജനാധിപത്യ മാർഗ്ഗങ്ങളിലൂടെ കൂടുതൽ അധികാരങ്ങൾ, കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം, അല്ലെങ്കിൽ വികേന്ദ്രീകൃത ഫെഡറലിസം എന്നിവ ആവശ്യപ്പെടാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. തമിഴ്‌നാടിന്റെ ലക്‌ഷ്യം അതുതന്നെയാകാനാണ് സാധ്യത.
നികുതി വരുമാനത്തിൽ കൂടുതൽ പങ്കാളിത്തം; വിദ്യാഭ്യാസം, ഭാഷ, സംസ്കാരം എന്നിവയിൽ സംസ്ഥാനത്തിന്റെ വികാരം മാനിക്കുക; സംസ്ഥാന വിഷയങ്ങളിൽ കേന്ദ്രം കടന്നുകയറാതിരിക്കുക; നിയമനിർമ്മാണ, കാര്യനിർവ്വഹണ, സാമ്പത്തിക അധികാരങ്ങൾ കൂടുതലായി സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കുക മുതലായ പല വിഷയങ്ങളും ഇവിടെ ചർച്ചാ വിഷയം ആക്കുക എന്ന ലക്ഷ്യം.
ഈ ലക്ഷ്യങ്ങളിൽ സംസ്ഥാന നിയമസഭയ്ക്ക് ഭരണഘടനയുടെ ഏഴാം പട്ടികയിലെ സംസ്ഥാന, കൺകറന്റ് ലിസ്റ്റുകളിൽ ഉൾപ്പെടുന്ന വിഷയങ്ങളിൽ അനാവശ്യമായ കേന്ദ്ര സ്വാധീനമില്ലാതെ നിയമങ്ങൾ നിർമ്മിക്കുന്നതിനുള്ള കൂടുതൽ സ്വാതന്ത്ര്യം, സംസ്ഥാനത്തിന്റെ ഭരണപരമായ സംവിധാനത്തിലും സംസ്ഥാനത്ത് നിയമിക്കപ്പെടുന്ന അഖിലേന്ത്യാ സർവീസുകളിലും (ഐഎഎസ്, ഐപിഎസ്, ഐഎഫ്ഒഎസ്) കൂടുതൽ നിയന്ത്രണം ലഭ്യമാക്കുക,

സംസ്ഥാനത്തിന്റെ തനതായ സാംസ്കാരികവും ഭാഷാപരവുമായ സ്വത്വം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള നയങ്ങൾ നടപ്പിലാക്കുക എന്നിവയെല്ലാം ഉൾപ്പെടാം.
അങ്ങനയെങ്കിൽ നിലവിലുള്ള ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ കൂടുതൽ സ്വയംഭരണം ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പാസാക്കുന്ന ഒരു പ്രമേയത്തിന് രാഷ്ട്രീയപരമായ മൂല്യം ലഭിക്കും. രാഷ്ട്രീയ ഇച്ഛാശക്തി, ചർച്ചകൾക്കുള്ള നാന്ദി കുറിക്കൽ, പൊതുജനാഭിപ്രായം ഏകീകരിപ്പിക്കൽ, പ്രത്യേക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടൽ എന്നിവയൊക്കെ ഈ മൂല്യങ്ങൾക്കുള്ളിൽ വരും.
ബ്രിട്ടീഷ് ഭരണകാലത്ത്, പല നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് കിരീടത്തിന് കീഴിൽ വ്യത്യസ്ത തലങ്ങളിൽ സ്വയംഭരണം അനുഭവിച്ചു. സ്വാതന്ത്ര്യാനന്തര ഭാരത യൂണിയനിലേക്കുള്ള ഈ നാട്ടുരാജ്യങ്ങളുടെ സംയോജനം പലപ്പോഴും പ്രത്യേക തലത്തിലുള്ള സ്വയംഭരണത്തിനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ചർച്ചകളിലൂടെയായിരുന്നു.
1950-കളിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ചത് ഇന്ത്യൻ ഫെഡറേഷനുള്ളിൽ പ്രാദേശികവും ഭാഷാപരവുമായ സ്വയംഭരണം അംഗീകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പായിരുന്നു എന്നത് നാം വിസ്മരിച്ചുകൂടാ. എങ്കിലും അന്ന് പെരിയോർ ഇ.വി. രാമസ്വാമി, സി.എൻ. അണ്ണാദുരൈ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ദ്രാവിഡ പ്രസ്ഥാനം ഒരു പ്രത്യേക, വലിയ ദ്രാവിഡ നാടിന് (ദ്രാവിഡ ഭാഷ സംസാരിക്കുന്ന ആളുകൾക്കുള്ള ഒരു പ്രത്യേക സംസ്ഥാനം) വേണ്ടി വാദിച്ച് പരാജയപ്പെട്ടിരുന്നു.
1973-ലെ ആനന്ദ്പൂർ സാഹിബ് പ്രമേയത്തിൽ, പഞ്ചാബിലെ അകാലിദളും സംസ്ഥാനത്തിന് കൂടുതൽ സ്വയംഭരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധം, വിദേശകാര്യം, ആശയവിനിമയം, കറൻസി തുടങ്ങിയ പരിമിതമായ വിഷയങ്ങളിൽ മാത്രം കേന്ദ്രത്തിന് അധികാരം നൽകണമെന്നും മറ്റെല്ലാ അധികാരങ്ങളും സംസ്ഥാനങ്ങൾക്ക് നൽകണമെന്നും ഈ പ്രമേയം ആവശ്യപ്പെട്ടു.
1977-ൽ പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സർക്കാരും സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണം വാദിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ പുനഃസംഘടിപ്പിക്കാൻ നിർദ്ദേശിച്ച ചരിത്രമുണ്ട്.

തമിഴ്നാടിന്റെ രാഷ്ട്രീയപരമായ ലക്ഷ്യങ്ങൾ
ഇതെല്ലം വസ്തുതകളായി നിൽക്കുന്നുണ്ട് എങ്കിലും തമിഴ്‌നാടിന്റെ ഇപ്പോഴത്തെ പ്രമേയത്തിന് മറ്റുചില കാരണങ്ങളുണ്ട്.
കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുന്നു എന്ന ചിന്തയും സംസ്ഥാനത്തെ ദ്വിഭാഷാ നയത്തിനെ (തമിഴും ഇംഗ്ലീഷും) കേന്ദ്രം എതിർത്ത് ത്രിഭാഷ ആക്കുന്നു എന്ന തോന്നലും.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൂടുതൽ നിയന്ത്രണം ലഭിക്കുന്നതിനായി വിദ്യാഭ്യാസം പൂർണ്ണമായും സംസ്ഥാന ലിസ്റ്റിലേക്ക് മാറ്റാനുള്ള ആഗ്രഹം.
സാമ്പത്തിക വിഭവങ്ങളുടെ വിഹിതത്തെക്കുറിച്ചും കേന്ദ്രത്തെ സംസ്ഥാനങ്ങൾ വിഹിതത്തിനായി ആശ്രയിക്കുന്നതിനെക്കുറിച്ചുമുള്ള ആശങ്കകൾ.
ഗവർണർ സംസ്ഥാന ബില്ലുകൾക്ക് അനുമതി നിഷേധിച്ച സമീപകാല സംഭവങ്ങൾ സംസ്ഥാന നിയമസഭയുടെ നിലവിലുള്ള അവകാശത്തെ ദുർബലപ്പെടുത്തുന്നു എന്ന ആശങ്ക.
ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ലോക്സഭയിലെ പ്രാതിനിധ്യം കുറയാൻ സാധ്യതയുണ്ടെന്ന് എന്ന് ഭയപ്പെടുന്ന മണ്ഡല പുനർനിർണയ പ്രക്രിയ.
ഇതോടൊപ്പം തന്നെ തമിഴ് വികാരത്തെ കത്തിച്ചുനിർത്തി ബി ജെ പി മുന്നണിയും, ടി വി കെ യും ഉയർത്തുന്ന വെല്ലുവിളി തകർത്തു വീണ്ടും അധികാരത്തിൽ വരാനുള്ള മോഹം.
കാത്തിരുന്നു കാണാം, ഈ ജനാധിപത്യക്കളി.
ജയൻ കൂടൽ
Facebook Profile link: https://www.facebook.com/jayan.koodal.siju/
Summary: Tamil Nadu’s Long-Standing Demand for Greater Autonomy
Tamil Nadu has long aspired for greater autonomy within the Indian Union. This demand, first formally expressed through a 1974 resolution under Karunanidhi’s leadership, has been reiterated by the current CM, M.K. Stalin, without major new elements. However, India’s quasi-federal structure grants the Union government greater power, limiting states from unilaterally claiming autonomy. Article 1 and 3 of the Constitution uphold national unity, and past attempts at asserting separatism, like in Punjab and the Northeast, were met with constitutional countermeasures.
While Tamil Nadu’s latest resolution may lack legal standing for full autonomy, it symbolizes a political move to assert federal rights – seeking greater say in areas like education, language, taxation, and lawmaking. Against the backdrop of cultural pride and concerns over central overreach, this push for autonomy reflects evolving state-center dynamics and resurging regional identity politics in Indian democracy.