ഉക്രെയ്‌നിന് പറ്റിയ ചരിത്രപരമായ മണ്ടത്തരം?

വോളോഡിമർ സെലെൻസ്‌കിയാണ് കുറേക്കാലമായി ഉക്രെയ്‌നിന്റെ പ്രസിഡന്റ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പട്ടാളനിയമം നടപ്പിലുള്ളതിനാൽ ഉടനെയൊന്നും ഒരു തെരഞ്ഞെടുപ്പും വരാൻ പോകുന്നില്ല താനും. (Ukraine leadership failures)

Ukraine leadership failures

സെലെൻസ്‌കി ഭരണവും ഉക്രെയ്‌നിന്റെ ഇപ്പോഴത്തെ അവസ്ഥയും

റഷ്യയുമായുള്ള പിരിമുറുക്കം ലഘൂകരിക്കുമെന്നും, കിഴക്കൻ ഉക്രെയ്‌നിലെ പിന്തിരിഞ്ഞു നിൽക്കുന്ന റിപ്പബ്ലിക്കുകളിലെ പ്രതിസന്ധി പരിഹരിക്കുമെന്നും, അഴിമതി ഇല്ലാതാക്കുമെന്നും, മുൻഗാമികൾ ഒപ്പിട്ട മിൻസ്‌ക് കരാറിനെ മാനിച്ചുകൊണ്ട് റഷ്യയുമായുള്ള പ്രശ്നവും 2014 മുതൽ നടക്കുന്ന അത്ര ശീതമല്ലാത്ത യുദ്ധവും, ക്രിമിയ ഉൾപ്പെടെയുള്ള പ്രശ്നവും പരിഹരിക്കുമെന്നും ഉള്ള വാഗ്ദാനത്തിൽ 2019-ൽ വൻ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹത്തെ ഉക്രൈൻ ജനത തെരെഞ്ഞെടുത്തത്‌.

എന്നാൽ ഒരു വിഷയത്തിലും വാക്ക് പാലിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല. പകരം, പാശ്ചാത്യ ശക്തികളുടെ വാക്കുകൾ കേട്ട് റഷ്യയെ നിരന്തരം പ്രകോപിപ്പിച്ചുകൊണ്ടു അദ്ദേഹം ഉക്രെയ്നിന്റെ ആഭ്യന്തര പ്രതിസന്ധി വളരെയധികം വഷളാക്കിയിരിക്കുന്നു.

മോസ്കോയുമായി കാര്യങ്ങൾ സുഗമമാക്കാനും ശത്രുത പൊട്ടിപ്പുറപ്പെടുന്നത് തടയാനും സെലെൻസ്‌കിക്ക് നിരവധി അവസരങ്ങളുണ്ടായിരുന്നു.

Ukraine russia map

മിൻസ്‌ക് കരാറുകൾ സെലെൻസ്‌കി ലംഘിച്ചതെങ്ങനെ?

2014 ലും 2015 ലുമായി ഒപ്പിട്ട മിൻസ്‌ക് I പ്രോട്ടോകോൾ & മിൻസ്‌ക് II എഗ്രിമെൻറ്സ് പ്രകാരം;

1) രണ്ടു കൂട്ടരും ഉടനടി സമഗ്രമായ വെടിനിർത്തൽ

2) എല്ലാ കനത്ത ആയുധങ്ങളും ഇരുവശത്തും നിന്നും പിൻവലിക്കൽ

3) OSCE-യുടെ നിരീക്ഷണവും സ്ഥിരീകരണവും (OSCE – Organization for Security and Co-operation in Europe, 57 participating countries and 11 co-operative partners).

4) ഉക്രേനിയൻ നിയമം അനുസരിച്ച് ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകൾക്കുള്ള ഇടക്കാല സ്വയംഭരണത്തെക്കുറിച്ച് ഒരു ചർച്ച ആരംഭിക്കുകയും പാർലമെന്റിന്റെ പ്രമേയത്തിലൂടെ അവരുടെ “പ്രത്യേക പദവി” അംഗീകരിക്കുകയും ചെയ്യുക.

5) പോരാട്ടത്തിൽ പങ്കെടുത്ത ആളുകൾക്ക് മാപ്പും പൊതുമാപ്പും.

6) ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം.

7) മാനുഷിക സഹായം നൽകൽ.

8 ) പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹിക-സാമ്പത്തിക ബന്ധങ്ങളുടെ പുനരാരംഭം.

9) ഉക്രെയ്ൻ സർക്കാരിന്റെ സംസ്ഥാനങ്ങളുടെ അതിർത്തിയുടെ പൂർണ്ണ നിയന്ത്രണം പുനഃസ്ഥാപിക്കുക.

10) എല്ലാ വിദേശ സായുധ രൂപീകരണങ്ങളും സൈനിക ഉപകരണങ്ങളും കൂലിപ്പടയാളികളും പിൻവലിക്കൽ.

11) ഡൊനെറ്റ്‌സ്‌കിന്റെയും ലുഹാൻസ്‌കിന്റെയും പ്രത്യേക പരാമർശത്തോടെയുള്ള വികേന്ദ്രീകരണം ഉൾപ്പെടെ ഉക്രെയ്‌നിലെ ഭരണഘടനാ പരിഷ്‌കരണം.

12) ഡൊനെറ്റ്‌സ്കിലെയും ലുഹാൻസ്കിലെയും തിരഞ്ഞെടുപ്പുകൾ അവരുടെ പ്രതിനിധികളുമായി ധാരണയിലെത്തുക.

13) റഷ്യ, ഉക്രെയ്ൻ, OSCE എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടെ ഒരു ത്രിമാന ഗ്രൂപ്പിന്റെ പ്രവർത്തനം തീവ്രമാക്കുക എന്നിവയായിരുന്നു അംഗീകരിക്കപ്പെട്ട കരാർ നിബന്ധനകൾ.

ഫ്രാൻസും ജർമ്മനിയും ആയിരുന്നു കരാർ ഇടനിലക്കാർ. OSCE യുടെ കരാർ ഉണ്ടാക്കുവാനുള്ള അതിഭയങ്കരമായ “കഴിവ്” കാരണം രണ്ടു ഭാഗത്തുമുള്ളവർ ഈ കരാറിനെ വ്യത്യസ്ത രീതിയിൽ ആണ് വിശകലനം ചെയ്തത്.

റഷ്യ-ഉക്രെയ്ൻ സംഘർഷം: സെലെൻസ്‌കിയുടെ നയതന്ത്ര പാളിച്ചകൾ

2019 മുതൽ സെലിൻസ്കിയുടെ നേതൃത്വത്തിൽ ഉക്രൈൻ, പ്രാദേശിക വികാരങ്ങളെ ശത്രുപക്ഷത്ത് കണ്ട്, അവരുമായി ഒരിക്കൽപോലും ചർച്ച ചെയ്യാതെ ഏകപക്ഷീയമായി കിഴക്കൻ പ്രദേശങ്ങൾക്ക് മേൽ, സെന്ററിൽ നിന്നുമുള്ള അധികാരം അടിച്ചേൽപ്പിക്കാൻ തുടങ്ങി. കരാറിനെ തുടർന്ന് ഈ പ്രദേശങ്ങൾ സെന്ററുമായി സഹകരിച്ചു മുൻപോട്ട് പോകാൻ കാത്തിരുന്ന സമയത്താണ് സെലൻസ്കി ഇങ്ങനെ ചെയ്തത് എന്നുള്ളത് അവസരം നഷ്ടപ്പെടുത്തിയതായി മാത്രമേ കാണാൻ കഴിയൂ.

ഈ എഗ്രിമെന്റുകളെ ഒരു വലിയ അവസരം ആയി കാണാതെ സെലെൻസ്‌കി, ജനതയോട് വാഗ്ദാന ലംഘനം നടത്തി, 60,000 സൈനികരെ കോൺടാക്റ്റ് രേഖയ്ക്ക് അപ്പുറത്തുള്ള പ്രദേശത്ത് വിന്യസിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കാനേ ഉപകരിച്ചുള്ളൂ.

ഉക്രൈന്റെ ഇങ്ങനെയുള്ള പല പ്രവർത്തികളെ അംഗീകരിക്കാൻ കഴിയാതെ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നീ പ്രദേശങ്ങൾ സ്വയം പ്രഖ്യാപിത പീപ്പിൾസ് റിപ്പബ്ലിക്കുകൾ ആകുകയും റഷ്യ അത് അംഗീകരിക്കുകയും ചെയ്തു. സ്വാഭാവികം!

ആ തീരുമാനത്തെത്തുടർന്ന്, 2022 ഫെബ്രുവരി 22-ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, മിൻസ്‌ക് കരാറുകൾ “ഇനി നിലവിലില്ല” എന്നും, റഷ്യയല്ല, ഉക്രെയ്‌നാണ് കരാറിന്റെ തകർച്ചയ്ക്ക് ഉത്തരവാദിയെന്നും പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ തന്നെ റഷ്യ ഉക്രെയ്ൻ ആക്രമിച്ചു.

ഒരുകാലത്ത് ഹീറോ, ഇന്ന് വില്ലൻ: സെലെൻസ്‌കിയുടെ പ്രതിച്ഛായ

കരാറുകൾ അവിടെ നിൽക്കട്ടെ. ഉക്രൈൻ ജനത, സെലിൻസ്കി എന്ന ടെലിവിഷൻ കോമഡി സ്റ്റാറിനെ പ്രസിഡണ്ട് ആയി തെരെഞ്ഞെടുത്തത് റഷ്യയുമായി യുദ്ധം ചെയ്യാനായിരുന്നോ? ഒരു രാജ്യത്തെയും ജനതയെയും മുഴുവൻ നരകത്തിലേക്ക് തള്ളിവിടാതെ റഷ്യയുമായും പാശ്ചാത്യ ചേരിയും ആയി സമദൂര രീതിയായിരുന്നില്ലേ നല്ലത്. ഒരു നല്ല നേതാവ്, നയതന്ത്രം എന്ന ഏറ്റവും മികച്ച ആയുധം അല്ലേ ഉപയോഗിക്കേണ്ടിയിരുന്നത്?

നയതന്ത്രം ഒരു വലിയ വസ്തുതയാണ്.

ഏതാണ്ട് അഞ്ച് വർഷത്തെ അദ്ദേഹത്തിന്റെ ഭരണത്തിന് ശേഷം, പ്രശ്നം എന്താണെന്ന് വളരെ വ്യക്തമാണ്. എല്ലാം ഒരു ഷോ പോലെ കൈകാര്യം ചെയ്യുന്ന സെലെൻസ്‌കിയുടെ ചിന്തകൾ, പ്രവർത്തികൾ എല്ലാം തന്നെ അനന്തരഫലങ്ങളേക്കുറിച്ചു ചിന്തിക്കാതെ ഉള്ളവയാണ്. കുറെ ആരാധകരെ ചുറ്റും നിർത്തി ഹ്രസ്വകാല നേട്ടങ്ങൾക്കായി തന്ത്രപരമായ ലക്ഷ്യങ്ങൾ ബലികഴിക്കുന്നു. ശരിക്കും പാശ്ചാത്യ ചേരിയുടെ പാവ ആണ് അദ്ദേഹം ഇപ്പോൾ. നേരിട്ട് ഇടപെടാതെ ആയുധങ്ങൾ കൊടുത്തു റഷ്യയുമായി മല്ലിടീക്കാനുള്ള കളിപ്പാവ.

Ukraine leadership failures

ആദ്യകാലത്തു അദ്ദേഹത്തിന്റെ സർക്കാർ, കൃഷിഭൂമി വിപണികൾ തുറക്കുകയും രാജ്യത്തുടനീളം ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുകയും ചെയ്തു. ഒടുവിൽ ഉക്രെയ്നിൽ നല്ല റോഡുകൾ നിർമ്മിച്ച പ്രസിഡന്റായി താൻ ഓർക്കപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം ഒരു വലിയ റോഡ് നിർമ്മാണ പരിപാടി ആരംഭിച്ചു. എന്നാൽ വിജയങ്ങൾ ഏറെക്കുറെ അവിടെ നിന്നു.

പിന്നീട് വന്ന ഒരു ഗിമ്മിക് പ്രൊജക്റ്റ് ആയ “ഡിയോലിഗാർക്കൈസേഷൻ” അതിസമ്പന്നരുടെ സ്വാധീനം പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള) വെറും PR വർക്കിന്‌ വേണ്ടി മാത്രം ഉള്ളതായിരുന്നു. പിന്നീടെല്ലാം പരാജയങ്ങളുടെ ഘോഷയാത്ര ആയിരുന്നു.

മുൻ ഉക്രേനിയൻ പ്രസിഡൻ്റുമാരുടെ എല്ലാ നിഷേധാത്മക സവിശേഷതകളും ഉൾക്കൊള്ളുന്ന ഒരു നേതാവായി, തൻ്റെ മുൻഗാമികളുടെ എല്ലാ പരാജയങ്ങളും തെറ്റുകളും ആവർത്തിക്കുന്ന ഒരു പ്രസിഡന്റായി മാത്രമാണ് സെലൻസ്കിയെ കാണാനാവുക.

സെലൻസ്കി നടത്തിയിട്ടുള്ള പത്രസമ്മേളനങ്ങൾ കണ്ടിട്ടുള്ളവർക്കു അറിയാം, വിമർശനത്തിന്റെയും വെല്ലുവിളി നിറഞ്ഞ ചോദ്യങ്ങളുടെയും നേരെ അസ്വസ്ഥതയോടെയും പിരിമുറുക്കത്തോടെയും സംസാരിക്കുന്ന അവസ്ഥ. വാക്കിലും നോക്കിലും അസഹിഷ്ണുതയും ദേഷ്യവും നിരാശയും. വംശീയത, അഴിമതി, കുംഭകോണങ്ങൾ എന്നിവയോട് യുദ്ധം ചെയ്യേണ്ട ഒരു രാജ്യത്തിന് മുകളിൽ അവരോധിക്കപ്പെട്ട മഹാതോൽവിയായ സെലൻസ്കി…

കടന്നുകയറ്റത്തിനെതിരെ പിടിച്ചുനിൽക്കാൻ കഴിഞ്ഞേക്കും, പക്ഷെ റഷ്യയുമായുള്ള ഫുൾ-സ്കെയിൽ യുദ്ധത്തിൽ ഒരു മണിക്കൂർ തികയ്ക്കാൻ പറ്റിയെന്നു വരില്ല. യുദ്ധം തുടങ്ങിയപ്പോൾ കിട്ടിയ 94% സപ്പോർട്ടുള്ള ഹീറോ ഇമേജ് അല്ല സെലിൻസ്കിക്ക് ഇപ്പോഴുള്ളത്.

ഉക്രെയ്‌നിന്റെ ഭാവി: സെലെൻസ്‌കിയുടെ നയങ്ങളുടെ പ്രത്യാഘാതങ്ങൾ

എന്റെ അഭിപ്രായത്തിൽ ഉക്രൈന് പറ്റിയ ചരിത്രപരമായ വിഡ്ഢിത്തം ആണ് സെലെൻസ്കി. നമ്മെക്കാൾ വളരെ ശക്തിയുള്ള ഒരു രാജ്യത്തോട് നാം ഭൂമിശാസ്ത്രപരമായി അടുത്തായിരിക്കുമ്പോൾ, എപ്പോഴും നിഷ്പക്ഷത എന്ന സേഫ് ലൈൻ വരച്ചിടുവാൻ ശ്രമിക്കേണ്ടതുണ്ട്. എന്നാൽ സെലെൻസ്‌കി കൃത്യമായി വിപരീതമാർഗ്ഗം ആണ് തിരഞ്ഞെടുത്തത്.

തന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, റഷ്യയുമായുള്ള ഉക്രെയ്നിന്റെ നീണ്ടുനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കുമെന്ന് സെലെൻസ്കി വാഗ്ദാനം ചെയ്തിരുന്നു. അതിനുവേണ്ടി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംഭാഷണത്തിൽ ഏർപ്പെടുമെന്നും അദ്ദേഹം ഉറപ്പു നൽകിയിരുന്നു.

എന്നാൽ ആധുനിക ലോകത്തു മറ്റൊരു ഭരണാധികാരിയും ചെയ്യാത്തതുപോലെ അധികാരം കിട്ടിയപ്പോൾ തന്നെ സ്വന്തം ജനതയെ യുദ്ധക്കെടുതികളിലേക്കു വലിച്ചിഴച്ച ആളെ എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത്.

Ukraine leadership failures

മേഖലയിലെ മറ്റു പല രാജ്യങ്ങളും രാഷ്ട്രീയ നിക്ഷ്പക്ഷത പാലിച്ചപ്പോൾ നാറ്റോയിൽ ചേരാനും യൂറോപ്യൻ മുന്നണിയിൽ ചേരാനും ആണ് സെലൻസ്കി വ്യഗ്രത കാട്ടിയത്. റഷ്യയെ സംബന്ധിച്ചു സ്വന്തം വീട്ടുപടിക്കൽ ശത്രുക്കൾ താവളം തുറക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. റഷ്യക്ക് എന്നല്ല ഒരു രാജ്യത്തിനും അത് അംഗീകരിക്കാൻ കഴിയില്ല.

എന്തായാലും, ജനാധിപത്യത്തിന് വേണ്ടി നിലകൊണ്ടു എന്ന് പാശ്ചാത്യ മാധ്യമങ്ങൾ സേലെൻസ്കിയെ ആഘോഷിക്കും. പക്ഷെ സ്വാധീനം കൊണ്ടുണ്ടാക്കുന്ന അനുകൂല സർവ്വേ റിപ്പോർട്ടുകൾ എത്രനാൾ?

വളരെ പെട്ടെന്ന് തന്നെ തന്നെ സെലൻസ്‌കിയുടെ so-called “ധീരത” ലോകം മറക്കും. ഇനിയുള്ള ജീവിതത്തിൽ, ഒരു യുദ്ധം തടയാനാകുമായിരുന്നു എന്നും അതിൽ പരാജയപ്പെട്ടുവെന്നുമുള്ള അറിവോടെ അയാൾക്ക് ജീവിക്കേണ്ടിവരും.

യുദ്ധം മൂലമുണ്ടായ നാശവും കുടിയൊഴിപ്പിക്കലും, അക്രമവും, കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള വേർപിരിയലും, തടസ്സപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും, ഇല്ലാതായ സാമൂഹിക സേവനങ്ങളും ഉക്രൈനിനെയും അതിന്റെ ജനതയെയും വളരെ ആഴത്തിൽ ബാധിച്ചിരിക്കുന്നു. രാജ്യം കുറഞ്ഞത് 50 വർഷം പിറകിൽ പോയിരിക്കുന്നു. എല്ലാ യുദ്ധവും അങ്ങനെത്തന്നെയല്ലേ!

അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം. വിവരങ്ങൾ ക്രോഡീകരിച്ചത്, കുർദിസ്ഥാനിൽ വച്ച് പരിചയപ്പെട്ട, സെലൻസ്കിക്ക് വോട്ട് ചെയ്തതിൽ പരിഭവിക്കുന്ന ഒരു ഉക്രൈൻ കുടുംബവുമായി സംസാരിച്ചതിൽ നിന്നും, റിസേർച്ച് റിപ്പോർട്ടുകളിൽ നിന്നും…

✍️ ജയൻ കൂടൽ

Profile link: https://www.facebook.com/jayan.koodal.siju/

Website: https://jkdrive.in/

Summary: Ukraine leadership failures

Volodymyr Zelenskyy’s presidency of Ukraine, starting in 2019, was predicated on promises to de-escalate tensions with Russia, resolve the crisis in eastern republics, and combat corruption. However, his tenure has seen a dramatic worsening of the internal crisis, largely due to constant provocation of Russia under others influence and a failure to uphold critical agreements like the Minsk Protocols. Zelenskyy had multiple opportunities to normalize relations with Moscow and prevent outright hostility, but instead chose a confrontational approach. His unilateral imposition of authority over eastern regions, ignoring local sentiments and failing to engage in dialogue, squandered opportunities for peaceful resolution.

The deployment of 60,000 troops near the contact line, in violation of agreements, further exacerbated the situation, leading to the self-proclaimed independence of Donetsk and Luhansk and ultimately Russia’s invasion in February 2022. Zelenskyy’s leadership is seen as a series of strategic blunders, sacrificing long-term stability for short-term gains and appearing to act as a proxy for other’s powers. The devastating impact of the war, including displacement, violence, and destruction of infrastructure, has set Ukraine back decades.

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!